അവരിപ്പോൾ എങ്ങനെ ജീവിക്കുന്നുവെന്നറിയുമോ?
text_fieldsഉരുൾദുരന്തത്തിൽ ജീവൻ ബാക്കിയായെങ്കിലും പൂക്കാട്ടിൽ അബുവും വിജയനുമെല്ലാം ദുരിതക്കയം ഇനിയും താണ്ടിയിട്ടില്ല. നാട്ടിലെ പ്രമാണിയായിരുന്ന അബുവിന് ആ രാത്രിയിൽ നഷ്ടമായത് ലക്ഷങ്ങളുടെ സ്വത്തുവകകളായിരുന്നു. ഇപ്പോൾ, 11 പേരടങ്ങുന്ന കുടുംബവുമായി വാടകവീടുകൾ മാറി കഴിയുകയാണ് ഈ വയോധികൻ. ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസും വേണം. മികച്ച ക്ഷീര കർഷകനുള്ള അവാർഡ് നേടിയ വിജയന്റെ അനുഭവവും മറ്റൊന്നല്ല. വരുമാനം പൂർണമായും നിലച്ച് സന്നദ്ധ സംഘടനകളുടെയും മറ്റും തണലിൽ അതിജീവനത്തിനായുള്ള പുതിയ വഴികൾ തേടുകയാണ് ഇവർ. ഇതുപോലെ എത്രയോ പേർ. സർക്കാർ ഇവരെ കാണുന്നുണ്ടോ?
2024 ജൂലൈ 30 അർധരാത്രിവരെ ചൂരൽമലയിലെ പ്രമാണിമാരിൽ ഒരാളായിരുന്നു പൂക്കാട്ടിൽ അബുക്ക. ഏത് അശരണരും അഗതികളുമൊക്കെ ആദ്യം തേടിച്ചെല്ലുന്ന വീട്. സഹായം തേടി ആരു ചെന്നാലും വെറുംകൈയോടെ അബുക്ക മടക്കിയയക്കാറില്ലെന്ന് അനുഭവസ്ഥർ. ചൂരൽമല ടൗണിൽ റോഡിന് അപ്പുറവും ഇപ്പുറവുമായി നിരവധി പീടികമുറികളുള്ള രണ്ടു കെട്ടിടങ്ങളുടെ ഉടമ. മാസവാടക മാത്രം അരലക്ഷത്തിലേറെ. കൃഷിഭൂമിയിലെ ആദായം വേറെയും.
ഷോപ്പിങ് കോംപ്ലക്സിന് പിന്നിലുള്ള വീട്ടിൽ ഭാര്യയും മക്കളും പേരക്കിടാങ്ങളുമൊക്കെയായി സന്തോഷകരമായ ജീവിതം. ചുമലിലേറ്റി നടന്നുള്ള പാത്രക്കച്ചവടവും പിന്നീട് ഹാർഡ് വെയർ, ബേക്കറി ബിസിനസുമടക്കം നന്നായി അധ്വാനിച്ച് കെട്ടിപ്പടുത്താണ് ആ ജീവിതം പച്ചപിടിച്ചത്.
11 മാസത്തിനുശേഷം ഞങ്ങൾ തേടിയെത്തുമ്പോൾ അബുക്ക തിനപുരത്തെ വാടക വീട്ടിലാണ്. പാലവയലിലെ വാടകവീട്ടിൽനിന്ന് ഇങ്ങോട്ടേക്ക് താമസം മാറി കുറച്ചു ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. ശാരീരികമായി ഏറെ ക്ഷീണിച്ചവശൻ. ഡയാലിസിസ് കഴിഞ്ഞ് വന്നേതയുള്ളൂ.
ഒരു രാവ് ഇരുട്ടിവെളുക്കുമ്പോഴേക്കാണ് ആ ജീവിതം കീഴ്മേൽ മറിഞ്ഞത്. കഴിഞ്ഞ വർഷം ജൂലൈ 30 നുണ്ടായ മഹാദുരന്തത്തിൽ പൂക്കാട്ടിൽ അബുക്ക എല്ലാം നഷ്ടപ്പെട്ടവനായി. കടമുറികളടങ്ങുന്ന കെട്ടിടങ്ങൾ രണ്ടും മലവെള്ളപ്പാച്ചിലിൽ തകർന്നടിഞ്ഞു. ഒപ്പം വീടും. അതിലെല്ലാമുപരിയായി, തന്റെ ഉയർച്ചതാഴ്ചകളിൽ കൂടെനിന്ന പ്രിയപ്പെട്ട ഭാര്യയെയും ആ മലവെള്ളപ്പാച്ചിൽ കവർന്നെടുത്തു. അവരുടെ മൃതശരീരം പോലും കണ്ടുകിട്ടിയില്ല. ഭാര്യയുമൊത്ത് മുറിയിൽ നിൽക്കുമ്പോഴായിരുന്നു ഞൊടിയിടയിൽ അവരെ ഉരുൾ തട്ടിയെടുത്തത്.
മക്കളും കൊച്ചുമക്കളുമൊക്കെയായി 11 പേരാണ് അബുക്കയുടെ വാടകവീട്ടിൽ. ഒരർഥത്തിൽ നാലു കുടുംബങ്ങളാണ് ഈ വീട്ടിൽ കഴിയുന്നത്. മാസവാടക 10000 രൂപയാണ്. സർക്കാർ നൽകുന്നത് 6000 രൂപയും. പാലവയലിലെ 12000 രൂപയിൽനിന്ന് വാടക രണ്ടായിരം കുറഞ്ഞുകിട്ടിയപ്പോൾ ഒന്നുമാലോചിക്കാതെ തിനപുരത്തേക്ക് മാറുകയായിരുന്നു.
ബിൽഡിങ് അസോസിഷേയൻ നൽകിയ 25000 രൂപയൊഴികെ ഉരുളെടുത്തുപോയ സ്വത്തുക്കൾക്ക് ഒരു നഷ്ടപരിഹാരവും അബുക്കക്ക് കിട്ടിയിട്ടില്ല. സർക്കാർതലത്തിൽ എന്തെങ്കിലും നഷ്ടപരിഹാരം ലഭിച്ചിരുന്നെങ്കിൽ എന്നു കരുതി മുട്ടാത്ത വാതിലുകളില്ല. ഈ രോഗാവസ്ഥയിലും ആ 67കാരൻ തിരുവനന്തപുരത്ത് പോയി മുഖ്യമന്ത്രിക്കുവരെ പരാതി നൽകിയിരുന്നു. മന്ത്രി ഒ.ആർ. കേളു വഴിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ജില്ലാ കലക്ടറെ കണ്ട് ബുദ്ധിമുട്ടുകളെല്ലാം ബോധിപ്പിച്ചിരുന്നു. ‘വീടിന്റെ പ്രശ്നങ്ങളെല്ലാം കഴിയട്ടെ, എന്നിട്ട് മറ്റുള്ളതൊക്കെ നോക്കാം’ എന്നായിരുന്നു കലക്ടറുടെ മറുപടി. നിയമപരമായി നഷ്ടപരിഹാരം നൽകാൻ അധികൃതർക്ക് ബാധ്യതയൊന്നുമില്ലാത്തതിനാൽ സർക്കാറിന്റെ സൗമനസ്യത്തിന് കാത്തുനിൽക്കുകയേ വഴിയുള്ളൂ.
‘ആഴ്ചയിൽ മൂന്നു ഡയാലിസിസിന് പോകണം. വൈത്തിരിയിൽ പോയി വരണമെങ്കിൽ ഓട്ടോക്കൂലിയായി 800 രൂപ വരും. ഇപ്പോൾ ഒരു രൂപപോലും വരുമാനമില്ല. നഷ്ടപ്പെട്ടുപോയ സ്വത്തുക്കൾക്ക് ആശ്വാസധനമായി വല്ലതും കിട്ടിയിരുന്നെങ്കിൽ ഏറെ സഹായകമായേനേ’ -നഷ്ടപരിഹാരത്തെക്കുറിച്ച് അധികൃതർ ഒന്നും പറയുന്നില്ലെന്ന് സങ്കടത്തോടെ അബുക്ക പറയുന്നു.
മൂത്ത മകൻ മുനീർ തൊള്ളായിരം കണ്ടിയിൽ ജീപ്പ് ഡ്രൈവറായിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിൽ ഗുരുതര പരിക്കുകളുമായി തലനാരിഴക്ക് രക്ഷപ്പെട്ട മുനീറിന് ഇപ്പോൾ ജീപ്പ് ഓടിക്കാൻ വയ്യ. രണ്ടാമത്തെ മകൻ അബ്ദുൽ സമദ് നേരത്തേ ഒരു വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. മറ്റൊരു മകൻ അബ്ദുൽ അസീസ്. ഒരു മകളുമുണ്ട് അബുക്കക്ക്.
പഴയകാല ഫുട്ബാൾ താരമായിരുന്നു അബുക്ക. ടെലിവിഷനിൽ ഫുട്ബാൾ കളികൾ കാണുന്നതായിരുന്നു ജീവിതത്തിലെ ഇഷ്ടപ്പെട്ട നേരമ്പോക്കുകളിലൊന്ന്. സമ്പാദ്യമെല്ലാം ഉരുളെടുത്ത് ക്ഷണത്തിൽ ദരിദ്രനായി മാറിയതോടെ ടി.വി പോലുമില്ലാതായി. വാടകവീട്ടിൽ എല്ലാ ദുഃഖങ്ങൾക്കുമൊപ്പം നഷ്ടങ്ങൾക്കുമൊപ്പം ഹതാശനായി കഴിയുന്ന അബുക്ക വൈകാതെ സർക്കാർ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണിപ്പോഴും.
ഒരൊറ്റ നിമിഷത്തിൽ എല്ലാം പോയി
താഴെ അരപ്പറ്റയിലെ ആ വാടക വീട്ടിലേക്ക് കടക്കുമ്പോൾ ആദ്യം ശ്രദ്ധയിൽപെടുന്നത് വാതിലിനോട് തൊട്ടുള്ള മേശയിൽ കാണുന്ന ബഹുമതിഫലകങ്ങളാണ്. വിജയ് നിവാസിൽ വിജയനെ തേടിയെത്തിയ, മികച്ച ക്ഷീര കർഷകനുള്ള പുരസ്കാരങ്ങൾ. ഇനി കൃത്യം ഒരു വർഷം മാത്രം മുമ്പത്തെ കഥയിലേക്ക്...മുണ്ടക്കൈയിലെ ഫലഭൂയിഷ്ഠമായ രണ്ടരയേക്കർ സ്ഥലം. കാപ്പി, ഏലം, കുരുമുളക് തുടങ്ങിയ വിളകൾ. കറവയുള്ള പത്തിലേറെ പശുക്കൾ. പരാധീനതകളിൽനിന്നാണ് വിജയനും കുടുംബവും സമൃദ്ധിയിലേക്ക് തഴച്ചുവളർന്നത്. മണ്ണിലിറങ്ങിയുള്ള അധ്വാനം മാത്രമായിരുന്നു കൈമുതൽ.
വിജയൻ സന്നദ്ധ സംഘടനകൾ നിർമിച്ചു നൽകിയ പശുത്തൊഴുത്തിൽ
മംഗലാപുരം ഉഡുപ്പിയിൽനിന്ന് ചെറുപ്പത്തിലേ ചൂരൽമലയിലെത്തിയതാണ് വിജയൻ. എസ്റ്റേറ്റിൽ ജോലിക്ക് കയറി. ഭാര്യ തങ്കയും എസ്റ്റേറ്റിൽ തൊഴിലാളിയായിരുന്നു. തോട്ടം തൊഴിലാളിയായി ജോലി നോക്കുന്നതിനിടയിലും സ്ഥലം പാട്ടത്തിനെടുത്ത് ഇഞ്ചിയും വാഴയുമൊക്കെ നട്ടാണ് ജീവിതം കരുപ്പിടിപ്പിച്ചത്. എസ്റ്റേറ്റ് പാടിയിലായിരുന്നു ആദ്യം താമസം. വിയർപ്പൊഴുക്കുകയല്ലാതെ കുറുക്കുവഴികളൊന്നുമുണ്ടായിരുന്നില്ല വിജയനും കുടുംബത്തിനും. വർഷാവർഷം വലിയ തുകക്ക് ഏലവും കുരുമുളകുമൊക്കെ വിറ്റു.
മണ്ണിൽ പണിയെടുത്താലും പൊന്നുവിളയുമെന്ന് മനസ്സിലായതോടെ, ചുരമിറങ്ങി കൊച്ചിയിൽ ജോലിക്കുപോയ ഏക മകൻ വിപിനെ കുടുംബം തിരിച്ചുവിളിച്ചു. വിപിനും മാതാപിതാക്കൾക്ക് കൂട്ടായി മണ്ണിലിറങ്ങിയതോടെ മുണ്ടക്കൈ പ്രദേശത്തെ ഏറ്റവും മികച്ച കർഷകകുടുംബമെന്ന വിശേഷണത്തിലേക്ക് അവർ കഠിനാധ്വാനത്തിന്റെ വെള്ളവും വളവുമൊഴിച്ചു.
ദിവസം 50 ലിറ്ററോളം പാൽ അളക്കുമായിരുന്നു. പ്രദേശത്തെ ഒരുപാട് വീടുകളിൽ ഞങ്ങളാണ് പാൽ വിതരണം ചെയ്തിരുന്നത്. സ്വപ്നങ്ങളൊക്കെയും യാഥാർഥ്യമായിരുന്ന നാളുകളാണ് അതെന്ന് വിപിൻ പറയുന്നു. ആഗ്രഹിക്കുന്നതൊക്കെ സ്വന്തമാക്കി. സന്തോഷത്തോടെ മുന്നോട്ടുപോകുന്ന നാളുകൾക്കിടയിലാണ് ആ ജൂലൈ 30 കടന്നുവന്നത്. പുലർച്ചെ ഒരു നാടിനെയൊന്നാകെ ഇല്ലാതാക്കിയ മലവെള്ളപ്പാച്ചിൽ ഇരച്ചെത്തിയപ്പോൾ ജീവിതം മാത്രം വാരിപ്പിടിച്ച് രക്ഷപ്പെടുകയായിരുന്നു.
ഒരു പുരുഷായുസ്സിൽ വിജയനും കുടുംബവും അധ്വാനിച്ചുണ്ടാക്കിയതെല്ലാം ഒലിച്ചുപോയി. കുറച്ചുദിവസം മുമ്പ് ഏലം വിറ്റ് വീട്ടിൽ കൊണ്ടുവെച്ചതടക്കമുള്ള ഏഴു ലക്ഷം രൂപയും 60 പവനുമെല്ലാം ഉരുളെടുത്തു. പശുക്കളും കന്നുകുട്ടികളുമെല്ലാം മരണപ്പാച്ചിലിൽ ഒഴുകിയില്ലാതായി. ഇട്ടിരുന്ന വസ്ത്രങ്ങളല്ലാതെ ഒന്നും ബാക്കിയായില്ല. കാലിൽ ചെരിപ്പു പോലുമുണ്ടായിരുന്നില്ല.
ഇപ്പോൾ താഴെ അരപ്പറ്റയിലെ പഴയൊരു ഓടിട്ട വീട്ടിലാണ് വാടകക്ക് താമസം. ജീവിതം ഭദ്രമായപ്പോഴും എസ്റ്റേറ്റ് തൊഴിലാളിയെന്ന വൈകാരിക മേൽവിലാസം കളയാൻ ഒരുക്കമല്ലാതിരുന്ന വിജയൻ ഇക്കഴിഞ്ഞ മാർച്ചിലാണ് റിട്ടയർ ചെയ്തത്. വിപിൻ ഇപ്പോൾ സുൽത്താൻ ബത്തേരിയിൽ ഒരു റിസോർട്ടിൽ ജോലിക്കാരനാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാവും ജോലി.
ക്ഷീരകർഷകനെന്നത് ആസ്വദിച്ചുചെയ്തതായിരുന്നു. ആ വേഷം വീണ്ടും എടുത്തണിഞ്ഞു. വാടക വീടിനടുത്ത കൊച്ചുസ്ഥലത്ത് താൽക്കാലിക തൊഴുത്തുകെട്ടി പശുക്കളെ വളർത്താൻ സ്ഥലമുടമ അനുവാദം നൽകിയതിനാൽ വീണ്ടും പശുവളർത്തലിലേക്ക്. പീപ്പിൾസ് ഫൗണ്ടേഷൻ മൂന്നും ജംഇയ്യതുൽ ഉലമായേ ഹിന്ദ് രണ്ടും പശുക്കളെ നൽകി. മുമ്പ് സ്വന്തമായി പുല്ല് വളർത്തിയാണ് പശുക്കളെ പോറ്റിയിരുന്നതെങ്കിൽ ഇപ്പോൾ പുല്ലെല്ലാം പണം കൊടുത്ത് വാങ്ങണം. ആഴ്ചയിൽ 2500 രൂപയോളം അതിന് വേണം.
വീണ്ടുമൊരിക്കൽകൂടി പ്രതീക്ഷകളെല്ലാം തളിർക്കുമെന്ന് വിജയനും കുടുംബവും മോഹിക്കുന്നുണ്ട്. അതു നടന്നാലും ഇല്ലെങ്കിലും. അസംസ്കൃത വസ്തുക്കളെല്ലാം പണംകൊടുത്ത് വാങ്ങുന്ന ഇപ്പോഴത്തെ ക്ഷീരകൃഷി വലിയ ലാഭമൊന്നുമില്ലെന്ന് അവർക്കറിയാമെങ്കിലും പഴയ സമൃദ്ധിയിലേക്കുള്ള പ്രതീക്ഷകളാണ് അതിന് ആധാരം.
ദുരന്തമേൽപിച്ച ആഘാത വഴികൾ
ദുരന്തബാധിതർ അവർക്കേറ്റ ആഘാതം പീപ്പിൾസ് ഫൗണ്ടേഷൻ സർവേയിൽ അവരുടെ മുൻഗണനയുടെയും അടിയന്തര ആവശ്യകതയുടെയും അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാൾക്കുതന്നെ പലതരത്തിൽ ദുരന്തത്തിന്റെ ആഘാതം ഉണ്ടായിട്ടുണ്ട്. ദുരന്തബാധിതർക്കേറ്റ മൊത്തം ആഘാതങ്ങളുടെ 37.4 ശതമാനവും (371) വീട് നഷ്ടപ്പെട്ടതു വഴിയാണ്. അതിജീവിതരുടെ ഏറ്റവും അടിയന്തരമായ ആശങ്കയും ഇതേച്ചൊല്ലിയാണ്. ഇതിനു പിന്നാലെ വരുന്നത് വസ്തുവകകളുടെ നാശനഷ്ടമാണ്.
പ്രത്യേകിച്ച് കൃഷിഭൂമിയുടെ നാശനഷ്ടം. അതിജീവിതർക്കേറ്റ കനത്ത നാശനഷ്ടത്തിന്റെ 28.4 ശതമാനം (282) ഇതിൽപെടുന്നു. പ്രദേശത്ത് കൃഷി മുഖ്യമായി ജീവിച്ചിരുന്നവരൊക്കെ കൃഷിഭൂമി താരതമ്യേന നന്നായി പരിപാലിച്ചിരുന്നവരും അവയിൽനിന്ന് മെച്ചപ്പെട്ട ആദായം നേടിയെടുത്തവരുമായിരുന്നു. കടകളും വ്യാപാരവും നഷ്ടമായി ആഘാതം സംഭവിച്ചവർ 42 പേരാണ് -4.2 ശതമാനം. തൊഴിലും ജീവിതമാർഗവും പോയതുവഴി കനത്ത ആഘാതമേറ്റെന്ന് പറയുന്നവർ 107 പേരാണ് (108 ശതമാനം).