ഇവർക്കും ജീവിക്കണം
text_fieldsമണ്ണിലെ ഏറ്റവും ദൗർഭാഗ്യവാന്മാർ. മരണത്തിന്റെ ഭീകരതാണ്ഡവത്താൽ മനസ്സു തകർക്കപ്പെട്ടവർ. ദുരന്തം അതിന്റെ പരകോടിയിൽ രൗദ്രവേഷം കെട്ടിയാടിയപ്പോൾ പ്രഹരമേറ്റു വിങ്ങിയ ഹൃദയങ്ങൾ. ഉറ്റവരുടെ കൂട്ടവിയോഗത്താൽ, ഒറ്റപ്പെട്ടവന്റെ ദൈന്യതയാർന്ന തുരുത്തിലേക്ക് വിധി ആട്ടിറക്കിയ ഇവരായിരുന്നു ഒരുവർഷം മുമ്പ് നമ്മുടെ കണ്ണീരിലേറെയും കവർന്നെടുത്തവർ.
ഇവരെച്ചൊല്ലിയായിരുന്നു നമ്മൾ കരഞ്ഞുകലങ്ങിയത്. കുടുംബത്തിന്റെ സ്നേഹക്കൂട്ടിൽ പ്രിയപ്പെട്ടവരൊക്കെ നഷ്ടമായതോടെ എങ്ങനെ പിടിച്ചുനിൽക്കുമെന്ന് നമ്മൾ ആശങ്കപ്പെട്ടതും ഇവരെയോർത്താണ്. അവരിൽ ശ്രുതിയും നൗഫലും പ്രണവും മൻസൂറും രമ്യയും മുബീനയുമുണ്ട്. അഭിജിത്തിനെയും ആതിരയെയും മുഹമ്മദ് ഹാനിയെയും പോലുള്ളവരുണ്ട്. അവരെ കൈപിടിക്കണമെന്നും വീഴാതെ കാക്കണമെന്നും നമ്മൾ ഒന്നിച്ചാണ് പ്രാർഥിച്ചതും ആഗ്രഹിച്ചതുമെല്ലാം.
ഒരു വർഷം പിന്നിടുമ്പോൾ ആ പ്രാർഥനകൾ സഫലമായിട്ടില്ല. ഉറ്റവരെല്ലാവരും പോയി ഏകരായ ഇവർക്ക് ജോലി നൽകാൻ സർക്കാർ സന്നദ്ധമാകണമെന്ന ആവശ്യങ്ങൾക്ക് എതിരഭിപ്രായങ്ങൾ ഏറെയുണ്ടാകാനിടയില്ല. ഇവരിൽ ശ്രുതിക്ക് സർക്കാർ ജോലിയുടെ സുരക്ഷാകരം നീട്ടിയിട്ടുണ്ട്. മറ്റുള്ളവർ ഇപ്പോഴും അതിനായി കൈനീട്ടിക്കൊണ്ടിരിക്കുന്നു. ആ വിളി അധികൃതർ കേൾക്കാതിരുന്നുകൂടാ... കഠിനവ്യഥയിൽ ജീവിതം തള്ളിനീക്കുന്ന ഇവർക്കും ശ്രുതിയെപ്പോലെ ആ ജോലിയെങ്കിലും ഒരാശ്വാസമാകട്ടെ..
രമ്യയെ കൈവിടരുത്
ഉരുൾദുരന്തത്തിൽ രമ്യ മഹേഷിന് നഷ്ടമായത് ഭർത്താവ് മഹേഷിനെയും മകൾ ആരാധ്യയെയും ഭർതൃമാതാപിതാക്കളെയും. രമ്യക്കും മകൻ അവ്യക്തിനും ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരു വർഷം പിന്നിടുമ്പോഴും ഇരുവരും ചികിത്സ തുടരുന്നുണ്ട്. പാലക്കാട് തന്റെ സ്വദേശമായ മുണ്ടൂരിലാണ് രമ്യ മകനുമൊപ്പം താമസം. അവ്യക്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരുമാസം ചികിത്സയിലായിരുന്നു. രമ്യ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും ഒരുമാസം ചികിത്സയിലുണ്ടായിരുന്നു.
രമ്യയും മകൻ അവ്യക്തും
രമ്യക്ക് കാലിനും ചുമലിനുമൊക്കെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലക്ക് ശസ്ത്രക്രിയ കഴിഞ്ഞു. അടുത്തമാസം മേപ്പാടിയിലെ ഹോസ്പിറ്റലിൽ ചെക്കപ്പിനു പോകണം. ഒരു സർജറിയുംകൂടി വേണ്ടിവരുമെന്നാണ് പറഞ്ഞിട്ടുള്ളത്.
രമ്യ പ്ലസ് ടു കഴിഞ്ഞ് ഐ.ടി.ഐ പാസായിട്ടുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സും പാസായി. സ്വകാര്യ സ്ഥാപനത്തിൽ കമ്പ്യൂട്ടർ കോഴ്സും പഠിച്ചിരുന്നു. എല്ലാം നഷ്ടമായ ദുരന്തത്തിൽ സർട്ടിഫിക്കറ്റുകളും നഷ്ടമായി. അപേക്ഷ കൊടുത്തതിൽ പ്ലസ് ടു സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട്. ജോലി അത്യാവശ്യമാണ്. ഇതുവരെ അതേക്കുറിച്ച് തീരുമാനമായിട്ടില്ല. മൈക്രോപ്ലാനിൽ ജോലി ആവശ്യം പറഞ്ഞ് അപേക്ഷ കൊടുത്തത് ഒഴിച്ചാൽ മറ്റിടങ്ങളിലൊന്നും അപേക്ഷ കൊടുക്കാൻ കഴിഞ്ഞിട്ടില്ല. സർക്കാർ കനിയുമെന്നാണ് പ്രതീക്ഷ.
പ്രണവിന് വേണം, ജോലി
ദുരന്തത്തിൽ കുടുംബത്തിലെ പ്രിയപ്പെട്ടവരെയെല്ലാം നഷ്ടമായ പ്രണവ് ഒറ്റക്കാണെങ്കിലും ജീവിതം കരുപ്പിടിപ്പിക്കാനുള്ള തത്രപ്പാടിലാണ്. മുണ്ടക്കൈയിൽ ദുരന്തം കശക്കിയെറിഞ്ഞ പുഞ്ചിരിമട്ടത്തായിരുന്നു പ്രണവിന്റെ വീട്. അച്ഛൻ നാരായണനും അമ്മ ശാന്തയും അനിയത്തി പ്രതിഭയുമടങ്ങുന്ന സന്തുഷ്ട കുടുംബം. ഉരുൾ ദുരന്തം മാതാപിതാക്കളെയും സഹോദരിയെയും തട്ടിയെടുത്തപ്പോൾ ജീവിതത്തിൽ പ്രണവ് ഒറ്റക്കായി.
സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജിൽനിന്ന് ബി.കോം പാസായ പ്രണവ് സുൽത്താൻ ബത്തേരിയിലെ ഒരു റിസോർട്ടിൽ ജോലി നോക്കുകയായിരുന്നു. ദുരന്തസമയത്ത് വീട്ടിൽ ഇല്ലാതിരുന്നതുകൊണ്ടുമാത്രം രക്ഷപ്പെട്ട 22കാരൻ ഇപ്പോൾ കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ലോജിസ്റ്റിക്സിൽ ആറുമാസത്തെ കോഴ്സ് ചെയ്യുകയാണ്. നഗരത്തിൽ വാടകക്ക് താമസിച്ച് പഠിക്കുന്നു; ഇപ്പോൾ രണ്ടുമാസമായി. ദുരന്തത്തിനുശേഷം രേഖകൾ ശരിയാക്കാനും മറ്റുമായി പത്തു മാസത്തോളം വയനാട്ടിൽ തന്നെയായിരുന്നു.
പ്രണവ്
എല്ലാം നഷ്ടമായ തനിക്ക് സർക്കാർ ജോലി നൽകുകയാണെങ്കിൽ അതേറെ സഹായകമാകുമെന്ന് പ്രണവ് പറയുന്നു. ദുരന്തത്തിൽ തീർത്തും ഒറ്റപ്പെട്ടതിനാൽ സർക്കാർ ജോലി ലഭിച്ച ശ്രുതിയെപ്പോലെ ആരുമില്ലാത്ത ഒരാളാണിന്ന് ഞാനും. റവന്യൂ മന്ത്രി വയനാട്ടിൽ വന്നപ്പോൾ ഇക്കാര്യം ഉന്നയിച്ച് അപേക്ഷ നൽകിയിരുന്നു. അപേക്ഷ കൈപ്പറ്റിയെന്ന് ഒരു അറിയിപ്പ് വന്ന ശേഷം അതേക്കുറിച്ച് ഒന്നുമറിയില്ല. സർക്കാർ പരിഗണിക്കുമെന്നുതന്നെയാണ് പ്രതീക്ഷയെന്നും പ്രണവ് പറഞ്ഞു.
ദുരന്തബാധിതരിൽ പലർക്കും സന്നദ്ധ സംഘടനകളും മറ്റും വിവിധ സഹായങ്ങളുമായി കൈത്താങ്ങായെങ്കിലും പ്രണവിന് അതുമുണ്ടായിരുന്നില്ല. മാധ്യമങ്ങളുടെ മുമ്പാകെയൊന്നും താൻ പ്രത്യക്ഷപ്പെട്ടിരുന്നില്ലെന്ന് പ്രണവ് പറയുന്നു.
അയാളുടെ ജീവിതചിത്രത്തിൽ ബാക്കിയായത്...
മൻസൂറിന്റെ മനസ്സിൽ മാത്രമല്ല, മൊബൈലിൽ ഫോണിന്റെ ഗാലറിയിലും നിറയെ മക്കളുടെ ചിത്രങ്ങളാണ്. 18 വയസ്സുള്ള മകൻ മുനവ്വിറും പത്തു വയസ്സുള്ള മകൾ റിൻഷ ഫാത്തിമയുടെയും വിവിധ ഭാവത്തിലും വേഷത്തിലും നിൽക്കുന്ന ചിത്രങ്ങൾ. ഒപ്പം ഭാര്യ നസീറയും ഉമ്മ പാത്തുമ്മയും ഓട്ടിസം ബാധിച്ച സഹോദരി സുമയ്യയും. എല്ലാവരെയും ഉരുളെടുത്തപ്പോൾ ജീവിതചിത്രത്തിൽ ബാക്കിയായത് എടത്തൊടി മൻസൂർ എന്ന 42കാരൻ മാത്രം.
ചൂരൽമല ഹൈസ്കൂൾ റോഡിലായിരുന്നു മൻസൂറിന്റെ വീട്. നിർമാണ തൊഴിലാളിയായ മൻസൂർ മഴ കാരണം നാട്ടിൽ ജോലിയില്ലാത്തതിനാൽ കുടുംബം പോറ്റാൻ കൊടുവള്ളിയിൽ ഹോട്ടൽ ജോലിക്ക് പോയതായിരുന്നു. ജൂലൈ 30ന് മരണം ആർത്തലച്ചെത്തിയപ്പോൾ ആ വീട്ടിലെ ഒരാൾക്കുപോലും രക്ഷപ്പെടാനായില്ല. ഒറ്റ രാത്രി കൊണ്ട് ആരുമില്ലാത്തവനായി മൻസൂർ മാറി.
എല്ലാം തകർന്ന് ചുരം കയറിയെത്തിയ മൻസൂർ പ്രിയപ്പെട്ടവരുടെ മയ്യിത്തുകൾ ഖബറടക്കുന്നതിന്റെ തിരക്കിലായിരുന്നു. ഭാര്യയുടെ സ്വദേശമായ പിണങ്ങോടാണ് അവരെയും മകനെയും ഖബറടക്കിയത്. ഉമ്മയെയും പെങ്ങളെയും പുത്തുമലയിലെ പൊതു ഖബർസ്ഥാനിലും. മകൾ നെല്ലിമുണ്ട ഖബർസ്ഥാനിലാണ് നിത്യനിദ്ര പൂകുന്നത്. മറ്റൊരു കുടുംബം അവരുടെ മകളെന്ന ധാരണയിൽ മറമാടിയ മയ്യിത്ത് പിന്നീട് ഡി.എൻ.എ പരിശോധന വന്നപ്പോൾ റിൻഷയുടേതാണെന്ന് തെളിയുകയായിരുന്നു.
മൻസൂർ എടത്തൊടി മേപ്പാടി പാലവയലിലെ വാടക വീട്ടിൽ (ചിത്രം പി. സന്ദീപ്)
പ്രിയപ്പെട്ടവരെയൊക്കെ നഷ്ടമായ മൻസൂർ അവരുടെ അന്ത്യയാത്രകളൊക്കുന്ന തിരക്കിലായതുകൊണ്ടുതന്നെ വാർത്തകളിലൊന്നും നിറഞ്ഞിരുന്നില്ല. തകർന്നുപോയ അയാൾ പിന്നീട് മാധ്യമങ്ങൾക്കുമുന്നിലെത്തിയുമില്ല. അതുകൊണ്ടുതന്നെ വലിയ സഹായങ്ങളൊന്നും മൻസൂറിന് ലഭിച്ചിട്ടില്ല. രണ്ടു വർഷം മുമ്പ് മരത്തിൽനിന്ന് വീണ് പരിക്കുപറ്റിയ മൻസൂറിന് ഭാരിച്ച ജോലികളൊക്കെ ഇപ്പോൾ ബുദ്ധിമുട്ടാണ്. സർക്കാർ ജോലി ലഭിച്ചിരുന്നെങ്കിൽ എന്ന് മൻസൂർ അതിയായി ആഗ്രഹിക്കുന്നതും അതുകൊണ്ടാണ്.
ദുരിതാശ്വാസ നിധിയിലെത്തിയത് 772 കോടി, ചെലവാക്കിയത് 91.74 കോടി
മുണ്ടക്കൈ-ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സമാഹരിച്ചതും ദുരന്തബാധിതരുടെ വിവിധ ആവശ്യങ്ങൾക്കായും പുനരധിവാസ പദ്ധതികൾക്കായും സർക്കാർ ചിലവഴിച്ചിട്ടുള്ളതുമായ തുകയുടെ വിശദവിവരങ്ങൾ www.donation.cmdrf.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഈ സൈറ്റിലെ വിവരങ്ങൾ അനുസരിച്ച് 772.11 കോടി രൂപ വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചപ്പോൾ 91.74 കോടി രൂപയാണ് ആ അക്കൗണ്ടിലെ ചെലവുകണക്കുകൾ.
തൊഴിൽ വലിയൊരു പ്രശ്നം
ഒരു മഹാദുരന്തത്തിനുശേഷം അതിജീവിതർ എങ്ങനെ ജീവിച്ചുപോകുന്നെന്നത് അധികൃതരെ അലോസരപ്പെടുത്തുന്ന ഒന്നായിരിക്കണം. നിയമത്തിന്റെയും കീഴ്വഴക്കങ്ങളുടെയും കാർക്കശ്യക്കണക്കുകൾക്കപ്പുറം മാനുഷികമായ ദയാവായ്പിന്റെയും പരിഗണനകളുടേതും കൂടിയായിരിക്കണം ഇത്ര വലിയൊരു ദുരന്തമുഖത്ത് ഔദ്യോഗിക പുനരധിവാസം പോലെതന്നെ പ്രധാനമാണ് ഇവരുടെ തൊഴിൽ സംബന്ധിയായ കാര്യങ്ങളും ഭാവിജീവിതവും. ദുരിതാശ്വാസ ഫണ്ടിൽനിന്ന് ഈ ലക്ഷ്യത്തിനായി തുക ചെലവഴിച്ചാൽ അതൊരിക്കലും അധികപ്പറ്റാവില്ല. പക്ഷേ, മുണ്ടക്കൈ ഉരുൾപൊട്ടലിൽ അതുണ്ടായിട്ടില്ല.
തൊഴിൽ നഷ്ടപ്പെട്ടവന് തൊഴിലൊരുക്കിക്കൊടുക്കുന്നതിന് ശ്രമങ്ങളുണ്ടായിട്ടില്ല. പീപ്പിൾസ് ഫൗണ്ടേഷൻ നൂറിനടുത്ത് പേർക്ക് സ്ഥിരം സംവിധാനമായി തൊഴിലിനുള്ള സംവിധാനങ്ങൾ ഒരുക്കിക്കൊടുത്തിട്ടുണ്ട്. ജംഇയ്യത് ഉലമായേ ഹിന്ദ് മുപ്പതോളം പേർക്ക് ചെറുകടകളും മറ്റുമായി തൊഴിലെടുത്ത് ജീവിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കെ.എൻ.എമ്മും എസ്.വൈ.എസും ഉൾപ്പെടെ പല സംഘടനകളും ഇതിനായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, തൊഴിൽ നൽകുന്ന കാര്യത്തിൽ സർക്കാർ ഒന്നും ചെയ്തിട്ടില്ല.
ദുരന്തത്തിനുശേഷം താൽക്കാലികമായി വാടക വീടുകളിൽ പുനരധിവസിപ്പിക്കപ്പെട്ട അതിജീവിതരുടെ തൊഴിൽപരമായ കണക്കുകളിലൂടെ കണ്ണോടിക്കാം. ഉരുൾപൊട്ടലിനു മുമ്പ് ഈ 491 കുടുംബങ്ങളിൽ 63.7 ശതമാനം പേർ കൂലിപ്പണിക്കാരായിരുന്നു. എസ്റ്റേറ്റുകളിലെ ജോലിക്കാരാണ് ഈ 313ൽ ഏറെയും. താൽക്കാലിക ജോലി ചെയ്യുന്നവർ 91 പേർ -18.5 ശതമാനം. കൃഷിയെ ആശ്രയിച്ചു കഴിയുന്നവർ 13 പേരും കച്ചവടക്കാർ 34 പേരുമാണ്. എന്നാൽ, ദുരന്തത്തിനുശേഷം തീർത്തും വ്യത്യസ്തമായ സാഹചര്യങ്ങളിലേക്ക് ഒറ്റപ്പെട്ട രീതിയിൽ പറിച്ചുനടേണ്ടി വന്നതോടെ കണക്കുകൾ കീഴ്മേൽ മറിഞ്ഞു. 491 കുടുംബങ്ങളിൽ 230 എണ്ണത്തിനും തൊഴിലില്ലാത്ത അവസ്ഥയാണുള്ളത് -(46.8 ശതമാനം). ജോലിയുള്ളത് 178 പേർക്കു മാത്രം (36.3 ശതമാനം).
ദുരന്തത്തിനു മുമ്പ് ജോലി ഉണ്ടായിരുന്നതും എന്നാൽ, ദുരന്തശേഷം ജോലി നഷ്ടമായവരുമായ ആളുകളുടെ എണ്ണം 170 ആണെന്ന് പീപ്ൾസ് ഫൗണ്ടേഷൻ സർവേയിൽ ചൂണ്ടിക്കാട്ടുന്നു. 49.5 ശതമാനം പേർക്ക് ജോലി നഷ്ടപ്പെട്ടിട്ടില്ല. 40.3 ശതമാനം കുടുംബങ്ങളിൽ ഒരാൾക്ക് മാത്രമാണ് ജോലിയുള്ളത്. 8.8 ശതമാനം കുടുംബങ്ങളിൽ രണ്ടുപേർക്ക് ജോലി ഉള്ളപ്പോൾ 4.2 ശതമാനം കുടുംബങ്ങളിൽ മൂന്നുപേർക്ക് ജോലിയുണ്ട്.
എന്നാൽ, 41.2 ശതമാനം പേർക്കും ദുരന്തത്തിനു മുമ്പുണ്ടായിരുന്ന ജോലിയല്ല ഇപ്പോഴുള്ളത്. ഇതിൽ 60 ശതമാനം പേർക്കും പഴയ ജോലി നഷ്ടമായതാണ് കാരണം. 26.2 ശതമാനം പേർക്ക് തൊഴിലിടം അടച്ചതുകൊണ്ടോ നശിച്ചുപോയതുകൊണ്ടോ ആണ് ജോലി മാറേണ്ടിവന്നത്. 23.8 ശതമാനം പേർക്ക് ആരോഗ്യം ക്ഷയിച്ചതാണ് കാരണം. ജോലി മാറ്റത്തിൽ 39 ശതമാനം ആളുകളും സംതൃപ്തരല്ലെന്നാണ് പീപ്ൾസ് ഫൗണ്ടേഷൻ സർവേയിൽ ദുരന്തബാധിതരുടെ പ്രതികരണം.
ഇരുട്ടിലായ ടാക്സി ഡ്രൈവർമാർ
വയനാട്ടിലെ മറ്റു മേഖലകളെ അപേക്ഷിച്ച് ടൂറിസംകൊണ്ട് താരതമ്യേന കൂടുതൽ പേർ ഉപജീവനം കണ്ടെത്തുന്ന പ്രദേശമാണ് ചൂരൽമല-മുണ്ടക്കൈ. ടാക്സി ഡ്രൈവർമാരാണ് ആ മേഖലയിലെ വലിയൊരു തൊഴിൽവിഭാഗം. തൊള്ളായിരം കണ്ടി മേഖലയിലെ ടൂറിസ്റ്റ് സംബന്ധിയായും റിസോർട്ടുകളിലായുമൊക്കെ ഓടുന്ന 250 സ്ഥിരം ടാക്സി ഡ്രൈവർമാരുണ്ട്. അവരുടെയെല്ലാം തൊഴിൽ പൂർണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. ഒരു വർഷമായിട്ടും അതൊന്നും പുനഃസ്ഥാപിക്കാനായിട്ടില്ല. അതിനുള്ള മിനിമം സംഗതികളൊന്നും ചെയ്തിട്ടില്ല. ഒരു വേനൽ മൊത്തം അവർ ഇരുട്ടിലായിരുന്നു.
(തുടരും)