ബോർഡിലൊതുങ്ങുന്ന വയനാട് മെഡിക്കൽ കോളജ്
text_fieldsചികിത്സാരംഗത്ത് ഏറെ പിന്നാക്കമായ വയനാട് ജില്ലയുടെ ഏറെക്കാലത്തെ ആവശ്യത്തിന് പരിഹാരമെന്ന നിലയിലാണ് മാനന്തവാടി ജില്ല ആശുപത്രിയെ 2021ൽ വയനാട് മെഡിക്കൽ കോളജാക്കി ഉയർത്തിയത്. പുതുതായൊരു ബോർഡ് കൊണ്ടുവന്ന് വെച്ചുവെന്നല്ലാതെ കാര്യമായ മാറ്റമൊന്നും ആശുപത്രിക്ക് ഉണ്ടായിട്ടില്ല. നാലുവർഷം പിന്നിട്ടിട്ടും പരാധീനതകൾ മാത്രമാണിവിടെ. സൗകര്യങ്ങളില്ലാത്തതിനാൽ ഇവിടെ നിന്ന് രോഗികളെ താലൂക്ക് ആശുപത്രിയിലേക്കും കൽപറ്റ ജനറൽ ആശുപത്രിയിലേക്കും വരെ അയച്ച സംഭവങ്ങളുമുണ്ട്.
ഡോക്ടർമാരെ നിയമിച്ചിട്ടുണ്ടെങ്കിലും ചികിത്സാ ഉപകരണങ്ങളുടെ അപര്യാപ്തതയാണ് രോഗികളെ ഏറെ വലക്കുന്നത്. സി.ടി സ്കാൻ യന്ത്രം പണിമുടക്കിയിട്ട് വർഷത്തിലധികമായി. അപകടത്തിൽ പരിക്കേറ്റവരടക്കം സി.ടി സ്കാൻ എടുക്കേണ്ട രോഗികളെ നിലവിൽ നല്ലൂർനാട് അംബേദ്കർ അർബുദ ചികിത്സ കേന്ദ്രത്തിലേക്കാണ് പറഞ്ഞയക്കുന്നത്. ഇതിന് ആംബുലൻസ് ലഭിക്കാൻ രോഗികൾ ഒന്നും ഒന്നരയും മണിക്കൂറോളം കാത്തിരിക്കണം. പുതിയ സി.ടി സ്കാൻ യന്ത്രം വാങ്ങാൻ പണം അനുവദിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കി മാസങ്ങൾ കാത്തിരിക്കേണ്ടിവരും. ഏക ഐ.സി.യു ആംബുലൻസും കട്ടപ്പുറത്തായിട്ട് ഒമ്പത് മാസം കഴിഞ്ഞു. 55,000 രൂപ മാത്രമാണ് അറ്റകുറ്റപ്പണിക്ക് വേണ്ടത്. ഈ തുക കഴിഞ്ഞ ദിവസമാണ് അനുവദിച്ചത്. അതുവരെ അടിയന്തരഘട്ടങ്ങളിൽ സ്വകാര്യ ഐ.സി.യു ആംബുലൻസുകളെ ആശ്രയിക്കുകയായിരുന്നു.
2017ൽ നിർമാണം ആരംഭിച്ച ഏഴ് നിലകളുള്ള വിവിധോദ്ദേശ്യ കെട്ടിടം അഞ്ചുവർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. 2022 ഏപ്രിൽ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ഈ കെട്ടിടങ്ങൾ കഴിഞ്ഞ ദിവസത്തെ മഴയിൽ ചോർന്നു. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് സ്ത്രീകളുടെയും പുരുഷന്മാരുടെയും വാർഡുകൾ ഈ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്. നിർമാണത്തിൽ അപാകതയുണ്ടെന്ന് നേരത്തേ പരാതി ഉയർന്നിരുന്നു. നിലവാരമില്ലാത്ത പൈപ്പ് ഉപയോഗിച്ചതിനാൽ ശക്തമായി മഴവെള്ളം എത്തിയതോടെ പൈപ്പ് പൊട്ടി സീലിങ്ങിലൂടെ വെള്ളം താഴേക്ക് പതിക്കുകയായിരുന്നു. പൊട്ടിയ പൈപ്പ് നന്നാക്കിയതോടെയാണ് പ്രശ്നം പരിഹരിച്ചത്. ഈ കെട്ടിടത്തിൽ കക്കൂസ് ടാങ്ക്, മാലിന്യ നിക്ഷേപ സൗകര്യം എന്നിവ ഇനിയും പൂർത്തിയായിട്ടില്ല.
എം.ബി.ബി.എസ് വിദ്യാർഥികളെ പ്രവേശിപ്പിക്കാനായുള്ള അന്തിമ അനുമതിയും ആശുപത്രിക്ക് ലഭിച്ചിട്ടില്ല. 2022ൽ 100 സീറ്റിന് അപേക്ഷ നല്‍കിയെങ്കിലും 2023ല്‍ ദേശീയ ആരോഗ്യ കമീഷൻ പരിശോധന നടത്തിയതിനുശേഷം, മതിയായ അടിസ്ഥാനസൗകര്യങ്ങളില്ലാത്തതിനാൽ അപേക്ഷ നിരസിക്കുകയായിരുന്നു. നിലവിൽ 50 മെഡിക്കല്‍ സീറ്റിനുള്ള അപേക്ഷയാണ് സർക്കാർ നല്‍കിയിരിക്കുന്നത്. ഈ അപേക്ഷ പ്രകാരം കഴിഞ്ഞയാഴ്ച ദേശീയ ആരോഗ്യ കമീഷൻ മാനന്തവാടി മെഡിക്കല്‍ കോളജിലെത്തി പരിശോധന നടത്തിയിരുന്നു.


