ഖദറുരിഞ്ഞ് കാവിപ്പടയിൽ ചേർന്ന നേതാക്കളെവിടെ?
text_fields‘‘കോൺഗ്രസിലായിരിക്കുമ്പോൾ നിങ്ങളൊരു ഹീറോയാണ്, പുറത്താകുമ്പോൾ വെറും സീറോയും’’ - അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി ട്രഷററായി പ്രവർത്തിച്ച കാലത്ത് സീതാറാം കേസരി പതിവായി പറഞ്ഞിരുന്ന പ്രസ്താവന എത്രയോ ശരി!പണ്ട് വെട്ടിത്തിളങ്ങി നടന്നിരുന്ന ഗുലാംനബി ആസാദ് ഇപ്പോഴെവിടെയാണ്? ശശി തരൂരിന്റെ കാര്യമൊന്നോർത്തുനോക്കൂ -ഒരു ബി.ജെ.പി എം.പി ആയിരുന്നെങ്കിൽ, കേവലം മോദിസ്തുതികളും സ്‌തോത്രങ്ങളുമല്ലാതെ വേറെയെന്തെങ്കിലും എഴുതാൻ അദ്ദേഹത്തെ അനുവദിക്കുമായിരുന്നോ?
കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയവരുടെ ഇന്നത്തെ അവസ്ഥ നോക്കൂ: വിജയ് ബഹുഗുണ, ക്യാപ്റ്റൻ അമരീന്ദർ സിങ്, ഗിരിധർ ഗമാങ്, കിരൺ റെഡ്ഡി തുടങ്ങിയ മുൻ മുഖ്യമന്ത്രിമാരും, റീത്ത ബഹുഗുണ, കൃപാശങ്കർ സിങ്, ദിലീപ് റേ തുടങ്ങിയവരിൽ പലരും ഒറ്റപ്പെട്ട, ആശയറ്റ നിലയിലാണ്. നാരായൺ റാണെ, ആർ.പി.എൻ. സിങ്, ഭുവനേശ്വർ കലിത, അശോക് ചവാൻ തുടങ്ങിയവർ വെറും സാധാരണ എം.പിമാരായി കാലംകഴിക്കുന്നു. മൂന്നാമത്തെ ഗണത്തിൽപ്പെട്ട ജ്യോതിരാദിത്യ സിന്ധ്യ, ബൈരൺ സിങ്, ജിതിൻ പ്രസാദ, രാധാകൃഷ്ണ വിഖെ പാട്ടീൽ, ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ തുടങ്ങിയവരെ മാത്രം രാഷ്ട്രീയപരമായ പ്രയോജനം പരിഗണിച്ച് ഉയർന്ന സ്ഥാനങ്ങളിൽ നിലനിർത്തിയിരിക്കുന്നു.
2022ൽ, തന്റെ മകൻ മയങ്ക് ജോഷിയെ ബി.ജെ.പിയുടെ നിയമസഭ സ്ഥാനാർഥിയായി പരിഗണിക്കുകയാണെങ്കിൽ സ്വന്തം ലോക്‌സഭ സീറ്റ് വേണ്ടെന്നുവെക്കാമെന്ന് റീത്ത ബഹുഗുണ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, ടിക്കറ്റ് ലഭിക്കാഞ്ഞ മയങ്ക് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. ഭാര്യാസഹോദരനും മറ്റുള്ളവരും അശോക് ചവാനെ ഉപേക്ഷിച്ച് കോൺഗ്രസിലേക്ക് മടങ്ങി. ഗിരിധർ ഗമാങ്ങും കോൺഗ്രസിലേക്ക് തിരികെപ്പോയി. ഒഡിഷയിലെ ബി.ജെ.പി നേതാവായ ദിലീപ് റേ തന്റെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചത് ഒരു ബി.ജെ.പി നേതാവാണെന്ന് ആരോപണം ഉന്നയിക്കുന്നു. പഞ്ചാബിൽ, അമരീന്ദർ സിങ് ബി.ജെ.പി സ്ഥാനാർഥിക്ക് വേണ്ടി പ്രചാരണം നടത്താൻപോലും കൂട്ടാക്കിയില്ല.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കേന്ദ്രനേതൃത്വത്തെ പ്രീതിപ്പെടുത്താൻ കഠിനമായി ശ്രദ്ധിച്ചിട്ടുണ്ട്. കോൺഗ്രസ് വിട്ട ജഗദംബിക പാൽ ഭാഗ്യംകൊണ്ട് അമിത് ഷായുടെ സമ്മതം നേടി വഖഫ് ബില്ലിന്റെ സംയുക്ത സമിതി അധ്യക്ഷനായി. അതിനപ്പുറം കൂറുമാറ്റക്കാരിൽ ആർക്കുംതന്നെ അധികാരത്തിന്റെ അകത്തളത്തിൽ എത്താനായിട്ടില്ല.
കോൺഗ്രസിലെ കുടുംബവാഴ്ച രാഷ്ട്രീയത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം വിമർശിക്കുമ്പോഴും, ബി.ജെ.പിയിലേക്ക് കുടിയേറിയ കോൺഗ്രസ് നേതാക്കളിൽ വലിയൊരു വിഭാഗവും പിന്തുടർച്ചരാഷ്ട്രീയക്കാരാണ്. ജ്യോതിരാദിത്യ സിന്ധ്യ, ജിതിൻ പ്രസാദ്, ആർ.പി.എൻ. സിങ്, റീത്ത, വിജയ് ബഹുഗുണ, വിശ്വമിത്ര റാണെ, സുനിൽ ജാഖർ, അശോക് ചവാൻ, അനിൽ ആന്റണി എന്നിവരെയെല്ലാം കോൺഗ്രസ് പോറ്റിവളർത്തിയതാണ്.
മോദി ഭരണത്തിന്റെ ആദ്യ ആറു വർഷങ്ങളിൽ, മറ്റു പാർട്ടികളിൽനിന്നുള്ള കൂറുമാറ്റം ബി.ജെ.പിയുടെ പിന്തുണ വർധിപ്പിക്കാനും കോൺഗ്രസിനെ തകർത്ത് മനോവീര്യം കെടുത്താനുമുള്ള ഉപാധിയായിരുന്നു. 2016ൽ ഉത്തരാഖണ്ഡിലെ ഒമ്പത് കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ച് ഹരീഷ് റാവത്ത് സർക്കാറിനെ അട്ടിമറിച്ചതോടെയാണ് സംഘടിതമായ കൂറുമാറ്റങ്ങൾ ആരംഭിച്ചത്. അരുണാചൽപ്രദേശ്, അസം, മണിപ്പൂർ, മേഘാലയ എന്നിവിടങ്ങളിലും ഇതാവർത്തിച്ചു.
കൂറുമാറ്റത്തിന്റെ കണക്കുകൾ
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എ.ഡി.ആർ) കണക്കനുസരിച്ച്, 2016നും 2020നും ഇടയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നായി 170 കോൺഗ്രസ് നിയമസഭാംഗങ്ങളാണ് ബി.ജെ.പിയിലേക്ക് കൂറുമാറിയത്. മറുവശത്ത്, ബി.ജെ.പി വിട്ട നിയമസഭാംഗങ്ങളുടെ എണ്ണം 18 ആണ്. ഈ കാലയളവിൽ പാർട്ടി മാറിയും മത്സരിച്ച 434 എം.പിമാരുടെയും എം.എൽ.എമാരുടെയും സത്യവാങ്മൂലങ്ങൾ എ.ഡി.ആർ വിശകലനം ചെയ്തു. കൂറുമാറിയ സ്ഥാനാർഥികളിൽ ബി.ജെ.പിക്കു വേണ്ടി വിജയിച്ചവർ 37 ശതമാനമാണെങ്കിൽ, പാർട്ടിയുടെ മൊത്തം വിജയശതമാനം 54 ആണ്.
കൂറുമാറ്റങ്ങളെ പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തിരിക്കാം. ഒന്നാമതായി, തകർന്നുകൊണ്ടിരിക്കുന്ന കോൺഗ്രസിൽനിന്ന് കൂടുതൽ സുരക്ഷിതവും മെച്ചപ്പെട്ടതുമായ കരിയർ സാധ്യതകൾക്കായി ബി.ജെ.പിയിൽ ചേർന്ന നേതാക്കൾ. ഉത്തർപ്രദേശിലെ ജൂനിയർ മന്ത്രിയായ ജിതിൻ പ്രസാദയും ആർ.പി.എൻ സിങ്ങും ഈ വിഭാഗത്തിൽപ്പെടുന്നു.
രണ്ടാമത്തേത്, ഓപറേഷൻ ലോട്ടസിന് കീഴിൽ നടത്തപ്പെട്ട കൂറുമാറ്റങ്ങളാണ്. നേരിയ ഭൂരിപക്ഷത്തിൽ പ്രതിപക്ഷ പാർട്ടികൾ ഭരിച്ചിരുന്ന സംസ്ഥാനങ്ങളെയാണ് അതുവഴി ഉന്നമിട്ടിരുന്നത്. അത്തരം കൂറുമാറ്റങ്ങളുടെ ഫലമായി മധ്യപ്രദേശ്, കർണാടക, മണിപ്പൂർ, ഗോവ, അരുണാചൽപ്രദേശ് എന്നിവിടങ്ങളിലെ പ്രതിപക്ഷ സർക്കാറുകൾ നിലംപതിച്ചതായി എ.ഡി.ആർ പഠനം ചൂണ്ടിക്കാട്ടുന്നു. 2019 ജൂലൈയിൽ ഒരു ഡസൻ കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിലേക്ക് മാറിയതിനെത്തുടർന്ന് കർണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം തകർന്നു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി കോൺഗ്രസ് സ്വന്തം സർക്കാർ രൂപവത്കരിച്ച ശേഷവും കർണാടകയിൽ അട്ടിമറി ശ്രമങ്ങൾ തുടർന്നു.
കഴിഞ്ഞ ആഗസ്റ്റിൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും (ഇ.ഡി) സി.ബി.ഐയുടെയും പിന്തുണയോടെ ബി.ജെ.പി മറ്റൊരു ഓപറേഷൻ ലോട്ടസിന് കളമൊരുക്കുന്നതായി കോൺഗ്രസ് ആരോപിച്ചിരുന്നു. കോൺഗ്രസ് എം.എൽ.എമാർക്ക് പാർട്ടി മാറിയെത്താൻ 100 കോടി രൂപ വീതം വാഗ്ദാനം ചെയ്യുന്നു എന്നും ആരോപണമുയർന്നു. ഇതിനുമുമ്പ്, സിന്ധ്യ വിഭാഗത്തിലെ 22 എം.എൽ.എമാർ ബി.ജെ.പിയിലേക്ക് കൂറുമാറിയപ്പോൾ മധ്യപ്രദേശിലെ കോൺഗ്രസ് മന്ത്രിസഭ നിലംപതിച്ചു. ശിവരാജ് സിങ് ചൗഹാനെ മുഖ്യമന്ത്രിയായി അവരോധിച്ചു. രണ്ടാഴ്ചക്കുള്ളിൽ, സിന്ധ്യക്കെതിരായ വ്യാജ ഭൂമി രേഖ കേസ് പിൻവലിച്ചു. പിന്നീട്, അദ്ദേഹം കേന്ദ്രമന്ത്രിയായി.
ആം ആദ്മി പാർട്ടിയുടെ 40 എം.എൽ.എമാരെ മൊത്തമായി കൂറുമാറ്റാൻ ബി.ജെ.പി 800 കോടി രൂപയുടെ ‘പാക്കേജ് ഡീൽ’ വാഗ്ദാനം ചെയ്തുവെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആരോപണമുയർത്തിയിരുന്നു. ആ നീക്കം പക്ഷേ വിജയിച്ചില്ല. കൊൽക്കത്തയിൽ വാഹന പരിശോധ നടത്തി ഝാർഖണ്ഡ് എം.എൽ.എമാരെ അറസ്റ്റ് ചെയ്തതും ഝാർഖണ്ഡ് മുക്തി മോർച്ച സർക്കാറിനെ അട്ടിമറിക്കാൻ സംഘടിത ഗൂഢാലോചന നടന്നതിന്റെ സൂചന നൽകുന്നു.
ഇ.ഡിയും സി.ബി.ഐയും കൂറുമാറ്റവും
മഹാരാഷ്ട്രയിൽ, ശിവസേന എം.എൽ.എമാരെ വലയിലാക്കാൻ വമ്പനൊരു ഓപറേഷൻ നടത്തി. അവരിൽ ഒരു വിഭാഗത്തെ രാജ്യമെമ്പാടും കറക്കി, ഒടുവിൽ ബി.ജെ.പി ഭരിക്കുന്ന അസമിൽ താമസിപ്പിച്ചു. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള ഒരുകൂട്ടം എം.എൽ.എമാരെ ബി.ജെ.പി പക്ഷത്തേക്ക് ആകർഷിക്കാനും സമാനമായ ശ്രമം നടന്നു. എന്നാൽ, അജിത് പവാർ യഥാർഥ കാരണം തുറന്നുസമ്മതിച്ചു: ‘നിലച്ചുപോയ’ വികസന പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി സർക്കാറിന്റെ ഭാഗമാകാൻ തന്റെ എം.എൽ.എമാർ ഉത്സുകരായിരുന്നു. അജിത് പവാറിനും ഭാര്യക്കുമെതിരെ നിരവധി അഴിമതി കേസുകളിൽ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. ബി.ജെ.പിയുമായി കൈകോർക്കുന്നതിനു മുമ്പ് വിമത എൻ.സി.പി എം.എൽ.എമാരായ അജിത് പവാർ, പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, ഹസൻ മുഷ്‌രിഫ് എന്നിവർക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി അന്വേഷണം നടത്തുകയായിരുന്നു. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി അജിത് പവാർ ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്നതിന് 10 ദിവസം മുമ്പ്, അദ്ദേഹം 70,000 കോടി രൂപയുടെ അഴിമതിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ കാര്യം രാജ് താക്കറെ ചൂണ്ടിക്കാട്ടുന്നു.
താമസിയാതെ, ഈ കേസുകളിൽ മിക്കവയും പിൻവലിച്ചു. അജിത് പവാർ ഉപമുഖ്യമന്ത്രിയായി തിരിച്ചുവന്നതിന്റെ പിറ്റേന്ന് അദ്ദേഹത്തിനെതിരായ ബിനാമി ഭൂമി കേസുകൾ പിൻവലിക്കുകയും കണ്ടുകെട്ടിയ സ്വത്തുക്കൾ വിട്ടുകൊടുക്കുകയും ചെയ്തു. പ്രഫുൽ പട്ടേലിന്റെ കാര്യത്തിൽ, അദ്ദേഹത്തിന്റെ എയർ ഇന്ത്യ കേസുകളിൽ 2024 മാർച്ചിൽ സി.ബി.ഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചു. മൂന്ന് മാസങ്ങൾക്ക് ശേഷം, ഇ.ഡി കേസുകൾ കോടതി റദ്ദാക്കിയതിനെ തുടർന്ന് 180 കോടി രൂപയുടെ ഫ്ലാറ്റുകൾ അദ്ദേഹത്തിന് തിരികെ ലഭിച്ചു.
2022 സെപ്റ്റംബറിൽ, പാർട്ടിക്കൂറ് പ്രതിജ്ഞയായി എഴുതി ഒപ്പിട്ട് നൽകിയ എട്ട് കോൺഗ്രസ് എം.എൽ.എമാർ കൂറുമാറിയതിനെത്തുടർന്ന് ഗോവയിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നു. ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ഇ.ഡി/സി.ബി.ഐ റെയ്ഡുകളെക്കുറിച്ച് ഹരിയാന കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു: ‘‘അമിത് ഷാ തെരഞ്ഞെടുപ്പിന് മുമ്പ് എവിടെ പോയാലും, ഇ.ഡിയും സി.ബി.ഐയും പിന്നാലെ വരും.’’
ജയിലിൽ പോകാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ് താൻ കോൺഗ്രസ് വിടുന്നതെന്ന് കൂറുമാറിയ ഒരു നേതാവ് സോണിയ ഗാന്ധിക്ക് മുന്നിൽ കരഞ്ഞു പറഞ്ഞുവെന്ന് കഴിഞ്ഞ വർഷം രാഹുൽ ഗാന്ധി വെളിപ്പെടുത്തിയിരുന്നു. ബി.ജെ.പിയിൽ ചേരാനും അവരുടെ സ്ഥാനാർഥിയായി മത്സരിക്കാനും വിസമ്മതിച്ചതുകൊണ്ടാണ് തനിക്ക് ഇ.ഡി റെയ്ഡുകൾ നേരിടേണ്ടിവന്നതെന്നാണ് ഝാർഖണ്ഡിലെ കോൺഗ്രസ് എം.എൽ.എ അംബ പ്രസാദ് പറയുന്നത്.
വാൽക്കഷണം: ‘‘ഇനിയിപ്പോൾ എന്നെ ഇ.ഡി തൊടില്ല’’-കോൺഗ്രസ് എം.പി ആയിരുന്ന സഞ്ജയ് പാട്ടീൽ ബി.ജെ.പിയിലേക്ക് കൂറുമാറിയ ശേഷം പറഞ്ഞു. ‘‘എനിക്ക് ഇപ്പോൾ നല്ല ഉറക്കം കിട്ടുന്നുണ്ട്. ഞാൻ ബി.ജെ.പിയിലായതുകൊണ്ട് ഏജൻസികൾ എന്നോട് ചോദ്യം ചോദിക്കാൻ ധൈര്യപ്പെടില്ല’’ എന്ന് കൂറുമാറിയ തന്റെ സുഹൃത്ത് ഹർഷവർധൻ പാട്ടീൽ പറഞ്ഞതും അദ്ദേഹം ഉദ്ധരിച്ചിരുന്നു.
(മുതിർന്ന ദേശീയ മാധ്യമ പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ലേഖകൻ Thewire.inൽ എഴുതിയത്)


