Begin typing your search above and press return to search.
exit_to_app
exit_to_app
Sonam Wangchuk
cancel
camera_alt

സോനം വാങ്ചുക്

പരീക്ഷാഭ്രമത്തിലൂന്നിയ ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ പരിഹസിച്ചുകൊണ്ട് 2009ൽ പുറത്തിറങ്ങിയ ‘3 ഇഡിയറ്റ്സ്’ എന്ന ചലച്ചിത്രത്തിലൂടെയാണ് സോനം വാങ്ചുകിനെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത്. നൂതനാശയങ്ങൾ അവതരിപ്പിക്കുന്ന, ലഡാക്കിൽ നിന്നുള്ള ഈ എൻജിനീയറെയാണ് ചിത്രത്തിൽ ഫുൻസുഖ് വാങ്ഡു എന്ന നായക കഥാപാത്രത്തിലൂടെ ആമിർ ഖാൻ അവതരിപ്പിച്ചത്. പിന്നീട്, ഒരു വിദ്യാഭ്യാസ വിദഗ്ധൻ എന്നതിലുപരി, സ്വയംഭരണവും അന്തസ്സും നഷ്ടമായ ഒരു പ്രദേശത്തിന്റെ ധാർമിക ശബ്ദമായി വാങ്ചുക് മാറി.

2022ൽ ഡൽഹിയിൽ വെച്ച് അദ്ദേഹം പൗലോസ് മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ അവാർഡ് സ്വീകരിക്കാനെത്തിയപ്പോൾ നേരിൽ കണ്ടു. മഞ്ഞുമൂടിയ ഹിമാലയൻ അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന സൈനികർക്കായി രൂപകൽപന ചെയ്ത സൗരോർജ ടെന്റുകൾ, ശൈത്യകാലത്ത് വെള്ളം സംഭരിച്ച് വേനൽക്കാലത്ത് പുറത്തുവിടുന്ന ‘ഐസ് സ്തൂപങ്ങൾ’ എന്നറിയപ്പെടുന്ന കൃത്രിമ ഹിമാനികൾ എന്നിവയെക്കുറിച്ചെല്ലാം പ്രശസ്തിപത്രത്തിൽ പരാമർശിച്ചിരുന്നു. സ്വന്തം ബോധ്യങ്ങളിൽ ഉറച്ചുനിൽക്കുന്ന ഒരു വ്യക്തിയുടെ ശാന്തമായ ആത്മവിശ്വാസത്തോടെ, മൃദുവായി, വ്യക്തതയോടെ അദ്ദേഹം സംസാരിച്ചു.

വാദിച്ചത് കാലാവസ്ഥാ നീതിക്കുവേണ്ടി

അന്നദ്ദേഹം നടത്തിയ പ്രസംഗം അവിസ്മരണീയമായിരുന്നു. യുദ്ധങ്ങളും കൊലപാതകങ്ങളും കുറഞ്ഞുവരുമ്പോഴും, കാലാവസ്ഥാ വ്യതിയാനം മൂലമുള്ള മരണങ്ങൾ അതിവേഗം വർധിക്കുകയാണ് എന്നായിരുന്നു വാങ്ചുക് ഓർമിപ്പിച്ചത്. ആഗോളതാപന ഫലമായുണ്ടാകുന്ന വെള്ളപ്പൊക്കം, മേഘവിസ്ഫോടനം, ഹിമാനി ഉരുകൽ, കൊടുങ്കാറ്റുകൾ എന്നിവ കാരണമായി ഓരോ വർഷവും ഏകദേശം ദശലക്ഷം ആളുകൾ മരിക്കുന്നു. എന്നിട്ടും, മത-രാഷ്ട്രീയ നേതൃത്വങ്ങൾ ഇതിനെ ഒരു ഗൗരവമായ വിഷയമായി കാണുന്നില്ല. അത്യാഗ്രഹവും അമിത ഉപഭോഗവുമാണ് ഇക്കാലത്തെ ഏറ്റവും വലിയ അക്രമം എന്നും, സമാധാനമെന്നാൽ നാം ജീവിക്കുന്ന ഗ്രഹത്തെ സംരക്ഷിക്കലാണെന്നും അദ്ദേഹം തറപ്പിച്ചുപറഞ്ഞു.

നിലപാട് മാറ്റവും സ്വയംഭരണ നഷ്ടവും

2019ൽ കേന്ദ്ര ഭരണകൂടം ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും അതിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തപ്പോൾ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും വാങ്ചുകും ഈ നീക്കത്തെ പിന്തുണച്ചത് എനിക്ക് വിചിത്രമായി തോന്നി. ഡൽഹിക്ക് പൂർണ സംസ്ഥാന പദവി ഉറപ്പാക്കുന്നതിലാണ് കെജ്‌രിവാളിന്റെ രാഷ്ട്രീയം കേന്ദ്രീകരിച്ചിരിക്കുന്നത്. അതുപോലെ, വാങ്ചുക് ലഡാക്കിന്റെ സ്വയംഭരണാവകാശത്തിനായി ദീർഘകാലം വാദിച്ചയാളാണ്. എന്നിട്ടും ഒരു പ്രദേശത്തിന്റെ സംസ്ഥാന പദവി ഇല്ലാതാക്കിയ നിയമത്തെ അവർ എങ്ങനെ പിന്തുണച്ചു?

അധികം വൈകാതെ, തങ്ങൾക്ക് എന്താണ് നഷ്ടപ്പെട്ടതെന്ന് ലഡാക്കിലെ ജനത തിരിച്ചറിഞ്ഞു. അവർക്ക് സ്വയംഭരണം നൽകിയിരുന്ന ഹിൽ ഡെവലപ്‌മെന്റ് കൗൺസിൽ, കേന്ദ്രം നിയമിച്ച ലെഫ്റ്റനന്റ് ഗവർണറുടെ കീഴിൽ അധികാരമില്ലാത്തതായി മാറി. ജമ്മു-കശ്മീരിനേക്കാൾ വിസ്തൃതിയുള്ളതും, 97 ശതമാനം ഗോത്രവർഗക്കാർ അധിവസിക്കുന്നതുമായ ലഡാക്കിന് സ്വന്തമായി നിയമനിർമാണ സഭയോ, സിവിൽ സർവിസ് കമീഷനോ ഇല്ലാതായി. ഭൂമിയിലും പ്രാദേശിക ജോലികളിലുമുള്ള നിയന്ത്രണം നഷ്ടപ്പെട്ടു.

റിൻപോച്ചെയുടെ പോരാട്ടത്തുടർച്ച

വാങ്ചുക് ഇപ്പോൾ മുന്നോട്ടുവെക്കുന്ന ആശയങ്ങൾ പുതിയതല്ല. ദശാബ്ദങ്ങളോളം ലഡാക്കിനെ പാർലമെന്റിൽ പ്രതിനിധാനംചെയ്ത, സ്വാതന്ത്ര്യസമര സേനാനിയും നയതന്ത്രജ്ഞനുമായിരുന്ന സന്യാസി കുഷോക് ബാകുല റിൻപോച്ചെയാണ് ഈ ആവശ്യങ്ങൾ ആദ്യമായി ഉന്നയിച്ചത്. ഇന്ത്യൻ അംബാസഡറായിരിക്കെ മംഗോളിയയിലെ ഉലാൻ ബതോറിൽ വെച്ച് ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. ഒന്നു കാണാൻ ദിവസവും രാവിലെ എംബസിക്കുപുറത്ത് ആളുകൾ ക്യൂ നിൽക്കുമാറ് ആദരണീയനായിരുന്നു അദ്ദേഹം. ഇന്ത്യക്കുള്ളിൽ ലഡാക്കിന് സ്വയംഭരണം ഉറപ്പാക്കുന്നതിനായി ബാകുല നടത്തിയ പോരാട്ടത്തിന്റെ ഫലമായാണ് സ്വയംഭരണ ഹിൽ കൗൺസിൽ സ്ഥാപിക്കപ്പെട്ടത്.

ലഡാക്ക് കേന്ദ്രഭരണ പ്രദേശമായതോടെ ആ കൗൺസിൽ ഇല്ലാതായി. ബാകുലയുടെ ലക്ഷ്യം വാങ്ചുക് ഏറ്റെടുത്തു. 2024ൽ അദ്ദേഹം ലഡാക്കിന് ഭരണഘടനാപരമായ സംരക്ഷണം ആവശ്യപ്പെട്ട് ലേയിൽ നിന്ന് ഡൽഹിയിലേക്ക് സമാധാനപരമായ കാൽനടയാത്ര നയിച്ചു. സംസ്ഥാന പദവി, ഗോത്രവർഗ പ്രദേശങ്ങൾക്ക് ഭൂമിയിലും വിഭവങ്ങളിലും സംരക്ഷണം നൽകുന്ന ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുക, ഒരു പ്രത്യേക പബ്ലിക് സർവിസ് കമീഷൻ, ഒരു അധിക ലോക്സഭാ സീറ്റ് എന്നിവയായിരുന്നു യാത്രയിൽ ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ.

സമാധാനപരമായി നടത്തിയ യാത്ര ഡൽഹിയിലെത്തുമ്പോഴേക്കും ആയിരക്കണക്കിന് ആളുകൾ അണിചേരുമെന്ന് ഭയന്ന സർക്കാർ പരിഭ്രാന്തരായി. പൊലീസ് അവരെ സിംഘു അതിർത്തിയിൽവെച്ച് തടഞ്ഞ് കസ്റ്റഡിയിലെടുത്തു, രാത്രിയിൽ രഹസ്യമായി രാജ്ഘട്ടിലേക്ക് മാറ്റി. വിരോധാഭാസമെന്നു പറയട്ടെ, ബ്രിട്ടീഷുകാർപോലും ഗാന്ധിക്ക് ദണ്ഡിയാത്ര പൂർത്തിയാക്കാൻ അനുമതി നൽകിയിരുന്നു.

ഏതാനും മാസങ്ങൾക്കുശേഷം, സെപ്റ്റംബർ 24ന് ലേയിൽ നടന്ന പ്രതിഷേധത്തിനിടെ അക്രമവും തീവെപ്പുമുണ്ടാവുകയും പൊലീസ് വെടിവെപ്പിൽ നാല് ലഡാക്കുകാർ കൊല്ലപ്പെടുകയും ചെയ്തു. വാങ്ചുക് അക്രമത്തെ ന്യായീകരിച്ചില്ല; പകരം, ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു. “ഞങ്ങൾക്ക് സത്യമാണ് വേണ്ടത്, പ്രതികാരമല്ല” എന്ന് അദ്ദേഹം പറഞ്ഞു. വാങ്ചുകിനെ അറസ്റ്റ് ചെയ്ത ഭരണകൂടം അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനുള്ള പ്രചാരണങ്ങൾ അഴിച്ചുവിട്ടു. അദ്ദേഹത്തിന്റെ എൻ.ജി.ഒക്ക് വിദേശത്തുനിന്ന് ധനസഹായം സ്വീകരിക്കാനുള്ള ലൈസൻസ് റദ്ദാക്കി. പാകിസ്താനിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ സമ്മേളനത്തിൽ പങ്കെടുത്തതിന്റെ പേരിൽ ‘പാക് ഏജന്റ്’ എന്ന് മുദ്രകുത്തപ്പെട്ടു- അവിടെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹരിത നയങ്ങളെ പ്രകീർത്തിക്കുകയാണ് ചെയ്തതെന്നോർക്കണം.

രാജ്യത്തെ സ്നേഹിച്ച, സൈന്യത്തിനായി കണ്ടുപിടിത്തങ്ങൾ നടത്തിയ ആ മനുഷ്യന്റെ രാജ്യസ്നേഹവും ചോദ്യം ചെയ്യപ്പെട്ടു. വേനൽക്കാലത്ത് 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുന്ന രാജസ്ഥാനിലെ ജയിലിലാണ് അദ്ദേഹത്തെ അടച്ചിരിക്കുന്നത്- ഹിമാനികളുടെ നാട്ടുകാരനായ ഒരാൾക്ക് ഇതിൽപരം ക്രൂരമായ ശിക്ഷ കിട്ടാനുണ്ടോ? തടങ്കലിൽ വെച്ചതിന്റെ കാരണം അദ്ദേഹത്തിന്റെ ഭാര്യയെപ്പോലും അറിയിച്ചില്ല.

സന്ദേശം വ്യക്തമാണ്: സർക്കാറിന് ഭയം അക്രമത്തെയല്ല, വിയോജിപ്പിനെയാണ്. എല്ലാ പ്രതിഷേധങ്ങളെയും അവർ രാജ്യദ്രോഹപരമെന്ന് മുദ്രകുത്തുന്നു. കർഷക നിയമങ്ങളെ എതിർത്ത കർഷകരോട് ചെയ്തതുതന്നെ ഇപ്പോൾ ലഡാക്കിലെ ജനങ്ങളോടും ചെയ്തുകൂട്ടുന്നു. സർക്കാറിനെ ചോദ്യം ചെയ്യുന്ന ആരും ഒന്നുകിൽ കീഴടങ്ങണം അല്ലെങ്കിൽ കഷ്ടപ്പെടണം എന്ന നിലപാടാണിത്.

വാങ്ചുകിന്റെ രാജ്യസ്നേഹം വാക്കുകളിലല്ല, പ്രവൃത്തികളിലാണ്. അദ്ദേഹം മുദ്രാവാക്യങ്ങളല്ല, സ്കൂളുകളാണ് നിർമിച്ചത്.ആ പോരാട്ടം നീതിക്കുവേണ്ടിയായിരുന്നു. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെടുമ്പോൾ, ഇന്ത്യയുടെ ഐക്യത്തെ ചോദ്യം ചെയ്യുകയല്ല-നീതി ആവശ്യപ്പെട്ടുകൊണ്ട് അതിനെ ശക്തിപ്പെടുത്തുകയാണ്.

വാങ്ചുകിനോട് കാണിച്ച ക്രൂരത നമ്മുടെ ജനാധിപത്യത്തിൽ ഒരു കളങ്കമാണ്. ലഡാക്കിലെ സന്യാസിമാർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദിവാസികൾ, പഞ്ചാബിലെ കർഷകർ, കേരളത്തിലെ മത്സ്യത്തൊഴിലാളികൾ എന്നിവരിൽ നിന്നെല്ലാമാണ് ഇന്ത്യ എല്ലായ്പ്പോഴും ധാർമിക ശക്തി സംഭരിച്ചിട്ടുള്ളത്. അവരെ നിശ്ശബ്ദരാക്കുമ്പോൾ, രാജ്യമാണ് ദുർബലപ്പെടുന്നത്.

ബാകുല റിൻപോച്ചെയുടെ ദർശനങ്ങളുടെ പിൻഗാമിയായി വാങ്ചുകിനെ കാണുന്ന ലഡാക്കിലെ ജനങ്ങളല്ല, അതിശക്തരായ ഭരണകൂടമാണ് അദ്ദേഹത്തെ ഭയപ്പെടുന്നത്- കാരണം അദ്ദേഹത്തിന്റെ ശാന്തമായ വാക്കുകളും സംശുദ്ധമായ പൂർവകാലവും അവരുടെ അരക്ഷിതാവസ്ഥയെ തുറന്നുകാട്ടുന്നു. അദ്ദേഹത്തിന്റെ ശബ്ദത്തിൽ മുഴങ്ങുന്നത് സത്യത്തിന്റെ ശാന്തഗാംഭീര്യമാണ്. ഉരുകുന്ന ഹിമാനിയിലെ വെള്ളം പോലെ സത്യം എപ്പോഴും അതിന്റെ വഴി കണ്ടെത്തുക തന്നെ ചെയ്യും.

ajphilip@gmail.com

Show Full Article
TAGS:Sonam Wangchuk Ladakh Protests 
News Summary - Who is Sonam Wangchuk afraid of?
Next Story