Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഈ യുദ്ധം...

ഈ യുദ്ധം അവസാനിക്കാത്തത് എന്തുകൊണ്ടാണ്?

text_fields
bookmark_border
ഈ യുദ്ധം അവസാനിക്കാത്തത് എന്തുകൊണ്ടാണ്?
cancel
യഥാർഥത്തിൽ, ട്രംപ് ഇപ്പോൾ ഒരു ഇസ്രായേൽ അജണ്ടയാണ് നടപ്പാക്കുന്നത്; എന്നാൽ അതിന്റെ വേദന അനുഭവിക്കുന്നത് മറ്റാരൊക്കെയോ ആണ്. ഒരു അമേരിക്കൻ സെനറ്റർ പറഞ്ഞതുപോലെ, ഇത് ‘‘നെതന്യാഹുവിന്റെ യുദ്ധം’’ ആണ്

കായികമത്സരങ്ങൾക്കിടയിലെ ഇടവേള പോലെ രണ്ടു രാത്രി ഇറാന് നേരെയുള്ള ആക്രമണം നിർത്തിവെച്ചു അമേരിക്ക; യു.എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള തിരിച്ചടി താൽക്കാലികമായി നിർത്തിയതായി ഇറാനും അറിയിച്ചു. ആയുധശേഖരത്തിൽ കുറവു വന്ന ഘട്ടത്തിലാണ് ആക്രമണം നിർത്തിയതെങ്കിലും നയതന്ത്ര ചർച്ചകൾക്ക് വഴിതേടാനാണ് ഈ താൽക്കാലിക ഇടവേളയെന്നാണ് പറയപ്പെടുന്നത്. ഇത് എത്രകണ്ട് വിശ്വസിക്കാൻ കഴിയും? വൈകാതെ യുദ്ധം അവസാനിക്കുമെന്ന് ആശ്വസിക്കാൻ ലോകത്തിന് വകയുണ്ടോ?

ജൂൺ 17നാണ് അമേരിക്കയും ഇറാനും 14 വിഷയങ്ങളുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. അതിലെ മഷിയുണങ്ങും മുമ്പ് ജൂലൈ ഏഴിന് ട്രംപ് വെടിനിർത്തൽ അവസാനിച്ചതായി പ്രഖ്യാപിച്ച് ഇറാനെതിരെ പുതിയ ആക്രമണതരംഗം ആരംഭിക്കുകയും ചെയ്തു.

അമേരിക്കയും ഇസ്രായേലും ആദ്യം 2025 ജൂണിലും പിന്നീട് 2026 ഫെബ്രുവരിയിലും ഇറാനെതിരെ ആക്രമണം നടത്തിയിരുന്നു. സമാധാനചർച്ചകൾ നിർണായക ഘട്ടത്തിലേക്ക് നീങ്ങുമ്പോഴായിരുന്നു രണ്ടു തവണയും ആക്രമണം. ഇക്കുറി ഇറാനെതിരായ യുദ്ധം വളരെ എളുപ്പമായിരിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ട്രംപിനെ വിശ്വസിപ്പിക്കുകയായിരുന്നു. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് ശേഷം ഇറാൻ വളരെ ദുർബലമായിരിക്കുകയാണെന്നും സമ്പദ്‌വ്യവസ്ഥ തകർന്നിരിക്കുകയാണെന്നും ഭരണകൂടത്തെ അട്ടിമറിക്കാൻ ഇതാണ് അനുയോജ്യമായ സമയമെന്നുമായിരുന്നു നെതന്യാഹുവിന്റെ നിരീക്ഷണം. വെനസ്വേലയിൽ നടത്തിയ അട്ടിമറിക്ക് ശേഷം വലിയ ആത്മവിശ്വാസത്തിലായിരുന്ന ട്രംപ് തന്റെ രാഷ്ട്രീയ വിജയങ്ങളുടെ പട്ടികയിൽ ചേർക്കാൻ മറ്റൊരു നിർണായക വിജയം അതിവേഗം കൈവരുമെന്ന് മോഹിച്ചു.

എന്നാൽ, 2026 ഫെബ്രുവരി 28 മുതൽ ഇസ്രായേലും അമേരിക്കയും ചേർന്ന് 40 ദിവസം തുടർച്ചയായി ബോംബാക്രമണം നടത്തിയിട്ടും ഇറാൻ കീഴടങ്ങിയില്ല. പകരം, ഇസ്രായേലിലേക്കും മിഡിൽ ഈസ്റ്റിലെ അമേരിക്കൻ താവളങ്ങളിലേക്കും മിസൈലുകളും ഡ്രോണുകളുമയച്ച് തിരിച്ചടിച്ചു.

പ്രതീക്ഷിച്ച ഫലങ്ങൾ കൈവരിക്കാതായപ്പോൾ ട്രംപിന്റെ ക്ഷമ നഷ്ടപ്പെട്ടു. താൻ എപ്പോഴും വിജയിയാണെന്ന് ട്രംപ് വിശ്വസിക്കുന്നു. വിജയികളാൽ ചുറ്റപ്പെടാൻ അദ്ദേഹം ആഗ്രഹിക്കുന്നു. യുദ്ധവിശകലനക്കാർ അമേരിക്ക യുദ്ധത്തിൽ പരാജയപ്പെടുകയാണെന്ന് റിപ്പോർട്ട് ചെയ്തിട്ടും, തങ്ങൾ സൈനികമായി യുദ്ധം ജയിച്ചുവെന്നും ഇറാന്റെ നാവികസേന കടലിനടിയിലാണെന്നും ട്രംപ് ആവർത്തിച്ചു പറഞ്ഞു. സ്കൂളുകൾ, സർവകലാശാലകൾ, സാംസ്കാരിക-മതകേന്ദ്രങ്ങൾ എന്നിവക്കെതിരായ ആക്രമണങ്ങളും ‘‘യുദ്ധത്തിനു ശേഷം ഇറാന്റെ അതിർത്തി പഴയതുപോലെയാകില്ല’’, ‘‘മുഴുവൻ നാഗരികതയും തുടച്ചുനീക്കപ്പെടും’’ തുടങ്ങിയ പ്രസ്താവനകളും ഇറാനിയൻ ജനതയെ ഈ യുദ്ധം ഭരണകൂടത്തിനെതിരെയല്ല, രാജ്യത്തിനെതിരെയാണെന്ന് ബോധ്യപ്പെടുത്തി. അതിനാൽ യുദ്ധം പുരോഗമിക്കുന്തോറും ഭരണകൂടത്തിനെതിരായ ആഭ്യന്തര വിരോധം ക്ഷയിച്ചു. അതോടെ യുദ്ധത്തിൽനിന്ന് പുറത്തുകടക്കാനുള്ള വഴിയാണ് ട്രംപ് തേടിയത്. ഇറാൻ ‘‘ഒരു കരാറിനായി അത്യന്തം ആഗ്രഹിക്കുന്നു’’, ‘‘അതിന് യാചിക്കുകയാണ്’’ എന്നിങ്ങനെ അദ്ദേഹം ആവർത്തിച്ചു. ഇറാനിയൻ നേതാക്കൾ അത് നിഷേധിച്ചെങ്കിലും ഒടുവിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചു-അത് 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്താനുള്ള ഒരു ധാരണ മാത്രമായിരുന്നു.

പിന്നെ എന്തുകൊണ്ടാണ് ആക്രമണങ്ങൾ വീണ്ടും രൂക്ഷമായത്? ധാരണാപത്രത്തിലെ അഞ്ചാം ഖണ്ഡിക ഇങ്ങനെ പറയുന്നു: ‘‘ഈ ധാരണാപത്രത്തിൽ ഒപ്പുവെച്ചതോടെ, പേർഷ്യൻ ഗൾഫിൽനിന്ന് ഒമാൻ കടലിലേക്കും തിരിച്ചും 60 ദിവസത്തേക്ക് മാത്രമായി യാതൊരു നിരക്കും ഈടാക്കാതെ വാണിജ്യക്കപ്പലുകൾ സുരക്ഷിതമായി കടന്നുപോകുന്നതിനുള്ള ക്രമീകരണങ്ങൾ ഇറാൻ ഇസ്‍ലാമിക് റിപ്പബ്ലിക് പരമാവധി ശ്രമിച്ച് ഒരുക്കും... കടലിടുക്കിന്റെ ഭാവി ഭരണനിർവഹണം നിർവചിക്കുന്നതിനായി ഒമാൻ സുൽത്താനേറ്റുമായി ഇറാൻ ഇസ്‍ലാമിക് റിപ്പബ്ലിക് ചർച്ച നടത്തും...’’

ആദ്യ 60 ദിവസത്തേക്ക് ഹുർമുസ് കടലിടുക്കിലൂടെ വാണിജ്യക്കപ്പലുകളുടെ സുരക്ഷിതയാത്രക്ക് ക്രമീകരണം നടത്താനുള്ള അവകാശം ഇറാന് മാത്രമാണെന്നും, അതിനു ശേഷം ഹുർമുസിന്റെ ഭാവി നടത്തിപ്പ് ഇറാനും ഒമാനും ചേർന്ന് തീരുമാനിക്കുമെന്നുമാണ് ഇറാന്റെ വ്യാഖ്യാനം. അതിനാൽ, കപ്പലുകൾക്ക് കടന്നുപോകാനായി ഇറാൻ സ്വന്തം തീരത്തോട് ചേർന്ന് ഒരു കടൽപാത നിർണയിച്ചു. അതും ഇറാന്റെ അനുമതിയോടു കൂടി മാത്രമേ ഉപയോഗിക്കാനാകൂ. മറ്റൊരു മാർഗം സ്വീകരിക്കാൻ കപ്പലുകൾക്ക് അനുവാദമില്ല. ഇറാന്റെ നിർദേശം പാലിക്കാത്ത കപ്പലുകൾ ആക്രമിക്കപ്പെട്ടു.

എന്നാൽ, ഹുർമുസ് കടലിടുക്കിനുമേൽ ഇറാൻ പൂർണ നിയന്ത്രണം നടപ്പിലാക്കാൻ തുടങ്ങിയതിൽ പ്രകോപിതനായ ട്രംപ് ധാരണാപത്രം അസാധുവായെന്ന് പ്രഖ്യാപിച്ചു.ഒട്ടും വൈകാതെ ഇറാനു നേരെ ആക്രമണങ്ങൾ പുനരാരംഭിച്ചു. അമേരിക്കയുടെ ഓരോ ആക്രമണത്തിനും ഇറാൻ പ്രത്യാക്രമണം നടത്തി. ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും കടൽജലം ശുദ്ധീകരിക്കുന്ന പ്ലാന്റുകളും ആക്രമിക്കപ്പെട്ടപ്പോൾ, മറുപടിയായി ജോർഡനിലെ അമേരിക്കൻ താവളങ്ങൾ ആക്രമിക്കപ്പെട്ടു. അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും റഡാർ കേന്ദ്രങ്ങൾ, യുദ്ധവിമാനങ്ങൾ, ഹാംഗറുകൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ തുടങ്ങി നിരവധി സൈനിക ആസ്തികൾക്ക് വലിയ നാശനഷ്ടമുണ്ടാകുകയും ചെയ്തു.

അമേരിക്കയുടെ യുദ്ധലക്ഷ്യങ്ങൾ നിരന്തരം മാറിക്കൊണ്ടിരുന്നു. ഇന്ന്, സംഘർഷം ഏതാണ്ട് പൂർണമായും ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെ ചുറ്റിപ്പറ്റിയാണ്. യുദ്ധത്തിനു മുമ്പ് കടലിടുക്കിനെക്കുറിച്ച് പ്രശ്നമൊന്നുമുണ്ടായിരുന്നില്ല. അടുത്തകാലത്തെ ആക്രമണങ്ങളിൽ ഇസ്രായേൽ നേരിട്ട് പങ്കാളിയല്ല. എന്നിരുന്നാലും, ഈ യുദ്ധം ഇസ്രായേലിന്റെയും പ്രത്യേകിച്ച് നെതന്യാഹുവിന്റെയും പദ്ധതിയാണ്. ഇറാനുമായുള്ള ഏത് സമാധാന കരാറും തകർക്കുന്നതിൽ ഇസ്രായേൽ ഏജന്റുമാർ പങ്കാളികളാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പരസ്യമായി ആരോപിക്കുകയുണ്ടായി.

ഇസ്രായേലിലെ തീവ്രവലതുപക്ഷ മന്ത്രി സ്മോട്രിച്ച് തുറന്നുപറഞ്ഞത് ‘‘അമേരിക്ക-ഇറാൻ യുദ്ധം ഇസ്രായേലിന് നല്ലതാണ്’’ എന്നാണ്. യഥാർഥത്തിൽ, ട്രംപ് ഇപ്പോൾ ഒരു ഇസ്രായേൽ അജണ്ടയാണ് നടപ്പാക്കുന്നത്; എന്നാൽ അതിന്റെ വേദന അനുഭവിക്കുന്നത് മറ്റാരൊക്കെയോ ആണ്. ഒരു അമേരിക്കൻ സെനറ്റർ പറഞ്ഞതുപോലെ, ഇത് ‘‘നെതന്യാഹുവിന്റെ യുദ്ധം’’ ആണ്- വാഷിങ്ടൺ നടപ്പിലാക്കുന്നതും, ഗൾഫ് രാജ്യങ്ങൾ ചെലവഴിക്കുന്നതും, ഇന്ധനവില കുതിച്ചുയരുന്നതിലൂടെ ലോകം മുഴുവൻ അനുഭവിക്കുന്നതുമായ യുദ്ധം.

‘‘ഇനി വിദേശ യുദ്ധങ്ങളില്ല...’’, ‘‘ഇനി അനന്ത യുദ്ധങ്ങളില്ല...’’, ‘‘ഞാൻ ഒരു സമാധാനദൂതനാണ്...’’ എന്ന് പ്രഖ്യാപിച്ചാണ് ട്രംപ് പ്രസിഡന്റ് പദമേറിയത്. സമാധാനത്തിനുള്ള നോബൽ സമ്മാനവും അദ്ദേഹം സ്വപ്നം കാണുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് ഇപ്പോൾ ഒരു ‘അനന്ത യുദ്ധ’ത്തിലേക്ക് നയിച്ചിരിക്കുന്നു. വ്യക്തമായ വിജയമില്ലാത്തതും സ്ഥിരതയുള്ള ലക്ഷ്യമില്ലാത്തതും വിശ്വസനീയമായ സഖ്യകക്ഷികളില്ലാത്തതുമായ ഒരു സംഘർഷത്തിൽ അദ്ദേഹം ഇപ്പോൾ കുടുങ്ങിക്കിടക്കുന്നു. സ്വയം സംരക്ഷിക്കാൻ പോലും കഴിയാത്ത അമേരിക്കൻ താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിന്റെ മൂല്യം വിവിധ രാജ്യങ്ങൾ ഇപ്പോൾ ചോദ്യം ചെയ്യുകയാണ്.

(സൈബർ വിദഗ്ധനും ഐക്യരാഷ്ട്രസഭ മുൻ ഉദ്യോഗസ്ഥനുമാണ് ലേഖകൻ)

Show Full Article
TAGS:Israel Iran War US Iran War Donald Trump Latest News 
News Summary - Why won't US and Iran war end
Next Story