മോദി പാലിക്കുമോ 75 വയസ്സ് നിയമം?
text_fields2014 ആഗസ്റ്റിൽ നടന്ന ബി.ജെ.പി ദേശീയ കൗൺസിൽ യോഗ വേദിയിൽ നരേന്ദ്രമോദി, അമിത് ഷാ, എൽ.കെ. അദ്വാനി എന്നിവർ
സെപ്റ്റംബർ 17ന് ഇനി മൂന്ന് ആഴ്ചകൾ മാത്രം ബാക്കി. ആ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75 വയസ്സ് തികയും. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണത്, സ്വാഭാവികമായും, അനുയായികൾ അത് വലിയ രീതിയിൽ ആഘോഷിക്കുകയും ചെയ്യും. എന്നാൽ, തിരശ്ശീലക്കുപിന്നിൽ, ഒരു വലിയ ചോദ്യം നിലനിൽക്കുന്നു: അന്നേക്ക് ശേഷവും മോദി പ്രധാനമന്ത്രിയായി തുടരുമോ?
ഈ സംശയം 2014 ൽ ഉത്ഭവിച്ചതാണ്-അന്ന് മോദി ആദ്യമായി പ്രധാനമന്ത്രിയായി. ആ സമയത്ത്, ആ സ്ഥാനത്തേക്ക് കണ്ണുവെച്ചിരുന്ന രണ്ട് മുതിർന്ന നേതാക്കളുണ്ടായിരുന്നു - ലാൽ കൃഷ്ണ അദ്വാനിയും മുരളി മനോഹർ ജോഷിയും. ഇരുവരും വ്യത്യസ്ത സമയങ്ങളിൽ പാർട്ടി പ്രസിഡന്റുമാരായിരുന്നു, ബി.ജെ.പി കെട്ടിപ്പടുക്കുന്നതിലും കേവലം രണ്ടു സീറ്റിൽ നിന്ന് ഇന്നു കാണുന്ന വിധത്തിൽ രാജ്യം ഭരിക്കുന്ന പാർട്ടിയാക്കി വളർത്തിയെടുക്കുന്നതിലും മുഖ്യപങ്കുവഹിച്ചവർ. പക്ഷേ, അപ്പോഴേക്ക് അവർ എൺപതുകളിൽ എത്തിയിരുന്നു.
75 വയസ്സിനു മുകളിലുള്ള ആർക്കും മന്ത്രിസ്ഥാനം നൽകേണ്ടതില്ലെന്ന് മോദി ഒരു അലിഖിത നിയമം കൊണ്ടുവന്നു. അസ്വാരസ്യങ്ങൾ ലഘൂകരിക്കാൻ, അദ്ദേഹം അദ്വാനിയെയും ജോഷിയെയും മാർഗ് ദർശക് മണ്ഡല് എന്ന പേരിൽ ഒരു ഉപദേശക സമിതിയിൽ ഉൾപ്പെടുത്തി - സർക്കാറിനെ നയിക്കാൻ ഉദ്ദേശിച്ചുള്ള ഈ സമിതി ഒരിക്കലും യോഗം ചേർന്നില്ല, ഒരു ഉപദേശവും നൽകിയില്ല. പഴയ തലമുറയിൽ നിന്ന് മോദിക്ക് ഒരു മത്സരവും നേരിടേണ്ടിവരില്ലെന്ന് ഉറപ്പാക്കുന്നതിനു വേണ്ടിയാണ് ഈ നിയമം എന്ന് അന്നേ വ്യക്തമായിരുന്നു.
മോദി ആദ്യമായി ശ്രദ്ധാകേന്ദ്രമായത് എങ്ങനെയെന്ന് ഓർമിക്കേണ്ടതാണ്. 1990 കളുടെ തുടക്കത്തിൽ, അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമിയിൽ രാമക്ഷേത്രം നിർമിക്കാനുള്ള കാമ്പയിനുമായി ഗുജറാത്തിലെ സോമനാഥിൽ നിന്ന് ഉത്തർപ്രദേശിലേക്ക് അദ്വാനി ഒരു രഥയാത്ര നടത്തിയിരുന്നു. പ്രകോപന പ്രസംഗങ്ങളുമായി കടന്നുപോയ യാത്ര സാമുദായിക ധ്രുവീകരണത്തിനും പലയിടത്തും കലാപങ്ങൾക്കും കാരണമായി. എന്നിരുന്നാലും, അത് ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് നേട്ടങ്ങളുണ്ടാക്കാൻ വലിയ തോതിൽ സഹായിച്ചു. ആ രഥത്തിൽ അദ്വാനിയുടെ സഹായിയായി കൂടെ നിന്നിരുന്ന മോദിയും പൊതുജനശ്രദ്ധ പിടിച്ചുപറ്റി, മാധ്യമങ്ങളിലും ഇടംനേടി. രാമക്ഷേത്ര പ്രസ്ഥാനവുമായുള്ള ആ ബന്ധം അദ്ദേഹത്തെ ബി.ജെ.പിക്കുള്ളിൽ ഉയർന്നുവരാൻ സഹായിച്ചു. 2002 ലെ ഗുജറാത്ത് വംശഹത്യ ഹിന്ദുത്വ നേതാവ് എന്ന നിലയിലുള്ള സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, രാജ്യത്തെ വൻവ്യവസായികളുമായി സ്ഥാപിച്ച ചങ്ങാത്തവും മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയ പി.ആർ വേലകളും ഒരു ദേശീയ നേതാവ് എന്ന പ്രതീതി സൃഷ്ടിക്കുന്നതിലേക്ക് വളർത്തി. സ്വാഭാവികമായും, സമയമായപ്പോൾ മുതിർന്നവരെ വകഞ്ഞുമാറ്റി അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തേക്ക് കടന്നിരുന്നു.
ഒരു ഘട്ടത്തിൽ, അധികാരസ്ഥാനങ്ങളോട് വിരക്തിയും വിമുഖതയുമുള്ള ഒരു നേതാവാണ് താനെന്ന മട്ടിലെ പ്രസ്താവനകൾ മോദി നടത്തിയിരുന്നു. വെറുമൊരു തോൾസഞ്ചിയും തൂക്കി ഡൽഹിയിൽ വന്നയാളാണ് താനെന്നും ഒരുനാൾ അതേ സഞ്ചിയുമായി തിരികെ പോകുമെന്നുമുള്ള പരാമർശം ഇത് ഒരു സ്ഥിരം സ്ഥാനമായല്ല, സാത്വികതുല്യ താൽക്കാലിക ദൗത്യമായാണ് അദ്ദേഹം കാണുന്നതെന്ന് ധ്വനിപ്പിച്ചു. വർഷങ്ങൾക്കിപ്പുറം ശേഷം, മോദിക്ക് 75 വയസ്സ് തികയവെ ആ പ്രസ്താവന മനസ്സിലെത്തുന്നു.
പ്രായപരിധിക്കാര്യത്തിൽ മോദി കർക്കശ നയം പുലർത്തുമെന്ന പരക്കെയുള്ള വിശ്വാസം മാറിയത് മുതിർന്ന ബി.ജെ.പി നേതാവ് നജ്മ ഹിബ്ത്തുല്ല പ്രായപരിധി കടന്നതോടെയാണ്. കോൺഗ്രസ് വിട്ട് 2004ൽ ബി.ജെ.പിയിൽ ചേക്കേറിയ നജ്മ 2007ൽ ബി.ജെ.പിയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി മത്സരിച്ച് ഡോ. ഹാമിദ് അൻസാരിയോട് പരാജയപ്പെട്ടു. അദ്വാനിയെയും ജോഷിയെയും വെട്ടിനിരത്താൻ 75 വയസ്സ് നിയമം അവതരിപ്പിച്ച 2014ൽത്തന്നെ 74വയസ്സുണ്ടായിരുന്ന നജ്മയെ മോദി തന്റെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നു. രണ്ടു വർഷത്തിനു ശേഷം രാജിവെച്ചെങ്കിലും തൊട്ടടുത്ത മാസം, മണിപ്പൂർ ഗവർണറായി നിയമിതയായി. 2021 വരെ അവർ ആ സ്ഥാനത്ത് തുടർന്നു, 2018 മുതൽ 2023 വരെ ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലയുടെ ചാൻസലർ പദവിയും വഹിച്ചു. “പ്രായപരിധി നിയമം” യഥാർഥത്തിൽ നടപ്പാക്കാനുദ്ദേശിച്ചുള്ളതല്ല, ഒരു രാഷ്ട്രീയ ഉപകരണം മാത്രമാണെന്നതിന്റെ വ്യക്തമായ ആദ്യ സൂചനയായിരുന്നു അത്.
മറ്റൊരു ഉദാഹരണം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ.എസ്.എ) അജിത് ഡോവൽ ആണ്. 2014 ൽ മോദി അദ്ദേഹത്തെ ഈ പദവിയിൽ നിയോഗിക്കുന്നതിന് ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ് 2005 ജനുവരിയിൽ ഇന്റലിജൻസ് ബ്യൂറോയുടെ ഡയറക്ടർ സ്ഥാനത്തുനിന്ന് വിരമിച്ചയാളാണദ്ദേഹം. എൻ.എസ്.എയായി നിയമിതനായതോടെ, മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും ശേഷം രാജ്യത്തെ ഏറ്റവും ശക്തനായ വ്യക്തിയായിട്ടാണ് ഡോവൽ പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടത്. സർക്കാർ സർവിസിൽ ഡയറക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥൻ മാത്രമായിരുന്നെങ്കിലും, ഇപ്പോൾ അദ്ദേഹം കരസേന, നാവികസേന, വ്യോമസേന മേധാവികളുടെ യോഗങ്ങളിൽ അധ്യക്ഷത വഹിക്കുന്നു. കഴിഞ്ഞ വർഷം മോദി മൂന്നാം തവണയും അധികാരത്തിലെത്തിയപ്പോൾ, 75 വയസ്സിനു മുകളിലുള്ള ഡോവൽ സ്ഥാനമൊഴിയുമെന്ന് പലരും കരുതി. പകരം, അദ്ദേഹത്തെ അഞ്ചു വർഷത്തേക്ക് കൂടി വീണ്ടും നിയമിച്ചു. അതായത്, 2029 വരെ- അദ്ദേഹത്തിന് 84 വയസ്സ് തികയുന്നതുവരെ. ജനസംഖ്യയുടെ ശരാശരി പ്രായം 28 വയസ്സ് മാത്രമുള്ള ഒരു രാജ്യത്താണിത്.
മുരളി മനോഹർ ജോഷി, എൽ.കെ അദ്വാനി
ഇത്തരം അപവാദങ്ങൾക്കിടയിലും, മോദിയുടെ പ്രായപരിധി നയം പൊരുത്തക്കേടുള്ളതായി തോന്നുന്നു. 75 വയസ്സ് എന്ന പരിധി സംബന്ധിച്ച് ഒരു ഔപചാരിക നിയമവും ഒരിക്കലുമുണ്ടാക്കിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ ഇപ്പോൾ വാദിക്കുന്നത്. ആ വാദം മോദിയെ സ്ഥാനത്ത് തുടരാൻ അനുവദിക്കുന്നു. അനുയായികൾ എന്തു തന്നെ വാദിച്ചാലും ബി.ജെ.പിയിൽ മോദിയെ നിയന്ത്രിക്കുന്ന ശക്തികേന്ദ്രം, ലോകത്തെ ഏറ്റവും വലിയ എൻ.ജി.ഒ എന്ന് മോദി വാഴ്ത്തിയ - രാഷ്ട്രീയ സ്വയംസേവക് സംഘം (ആർ.എസ്.എസ്) ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാട് നിർണായകമായിരിക്കും. ആർ.എസ്.എസ് എല്ലായ്പ്പോഴും മോദിയെ സ്വന്തം ഇഷ്ടപ്രകാരം പോകാൻ അനുവദിച്ചിട്ടില്ല. ഉദാഹരണത്തിന്, അദ്ദേഹത്തിന് സ്വന്തം ഇഷ്ടപ്രകാരം ഒരു പാർട്ടി പ്രസിഡന്റിനെ നിയമിക്കാൻ സാധിച്ചില്ല. ആർ.എസ്.എസ് നേതൃത്വം തുടർച്ച ആഗ്രഹിച്ചതിനാലാണ് ഔദ്യോഗിക കാലാവധി അവസാനിച്ചതെങ്കിലും ജെ.പി. നദ്ദ പാർട്ടി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത്. 75 വയസ്സ് തികഞ്ഞ ശേഷവും മോദി പ്രധാനമന്ത്രിയായി തുടരുന്നതിൽ ആർ.എസ്.എസ് എന്ത് നിലപാടെടുക്കും? അദ്ദേഹം ഒരിക്കൽ മറ്റുള്ളവർക്കുമേൽ നടപ്പാക്കിയ നിയമം മോദിക്കും ബാധകമാണെന്ന് പറയുമോ? അതോ നജ്മക്കും, ഡോവലിനും നൽകിയതുപോലുള്ള ആനുകൂല്യം അദ്ദേഹത്തിനും ലഭിക്കുമോ?
പതിറ്റാണ്ടു മുമ്പ് പ്രസംഗിച്ച കാര്യങ്ങൾ ഏതെങ്കിലും പ്രാവർത്തികമാക്കുന്നതിൽ മോദി വിശ്വസിക്കുന്നുണ്ടോ എന്ന് വരും ആഴ്ചകൾ നമുക്ക് പറഞ്ഞുതരും.
ഇന്ത്യക്കുവേണ്ടി ഒരു ദൗത്യം നിറവേറ്റാൻ നിയുക്തനായ മനുഷ്യനായാണ് മോദി തന്നെത്തന്നെ സ്വയം അവതരിപ്പിക്കാറ്. തന്നെ ‘ദൈവം അയച്ചതാ’ണെന്നു പോലും തെരഞ്ഞെടുപ്പ് വേളയിൽ അവകാശപ്പെട്ടിട്ടുണ്ട് അദ്ദേഹം. അത്തരം നേതാക്കൾ അപൂർവമായി വിരമിക്കുന്നത് അപൂർവമാണ്. ആകയാൽത്തന്നെ അദ്ദേഹം സ്ഥാനത്ത് തുടരാനും അദ്ദേഹത്തിന്റെ അനുയായികൾ അത് ദേശീയ താൽപര്യത്തിനുവേണ്ടിയാണെന്ന് ന്യായീകരിക്കാനുമാണ് സാധ്യത.