Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅ​ഭി​പ്രാ​യ...

അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നൊ​പ്പം പാ​ർ​ട്ടി പ്ര​താ​പം വീ​ണ്ടെ​ടു​ക്കും

text_fields
bookmark_border
അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​നൊ​പ്പം പാ​ർ​ട്ടി പ്ര​താ​പം വീ​ണ്ടെ​ടു​ക്കും
cancel

കമ്യൂണിസ്റ്റ് ആചാര്യന്മാരായ കാറൽ മാർക്സും ലെനിനും മാവോസെതുങ്ങുമെല്ലാം പാർട്ടിക്കുള്ളിലെ അഭിപ്രായസ്വാതന്ത്ര്യം സംഘടനയുടെ വളർച്ചക്ക് അത്യന്താപേക്ഷിതമാണെന്ന് വിശ്വസിച്ചവരായിരുന്നു. ചൈനയിലെ സാംസ്കാരിക വിപ്ലവംപോലും പാർട്ടിക്കുള്ളിൽ ഉയർന്നുവന്ന ആശയരൂപവത്കരണത്തിന്റെ ഫലമായിരുന്നു. എന്നാൽ, സോവിയറ്റ് റഷ്യയിൽ സ്റ്റാലിന്റെ കാലഘട്ടത്തിൽ ഈ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. ജനം പട്ടിണിയിലുഴലുമ്പോൾ ആഡംബരത്തിലാറാടിയ റുമേനിയൻ ഏകാധിപതി നിക്കോളായ് ചൗഷസ്ക്യുവിനെപ്പോലുള്ളവരും അവകാശപ്പെട്ടത് അവർ കമ്യൂണിസ്റ്റുകളാണെന്നാണ്.

റഷ്യയിലും യൂറോപ്പിലും നേരിട്ട തകർച്ച ആഗോളതലത്തിൽ കമ്യൂണിസ്റ്റ് പാർട്ടികളെ വലിയ മാറ്റത്തിലേക്ക് വഴിനടത്തി; അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ച് ‘ഇരുമ്പുമറ’ക്കുള്ളിലെ പ്രവർത്തനശൈലി ഇനി ഒരിടത്തും പ്രായോഗികമല്ലെന്ന് ലോകമൊട്ടുക്കുമുള്ള ഇടതു പാർട്ടികൾ ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 1920കളിൽ ആരംഭിച്ച ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനം ജനാധിപത്യപരമായ ചർച്ചകളിലൂടെയാണ് വളർന്നത്. 1948ലെ കൽക്കട്ട തീസിസ് പോലുള്ള തീരുമാനങ്ങളിൽ തെറ്റുപറ്റിയെന്ന് ബോധ്യപ്പെട്ടപ്പോൾ അത് തിരുത്താൻ പാർട്ടി തയാറായി. എ.കെ.ജിയെപ്പോലൊരു സമുന്നതനായ നേതാവിനെ രാജ്യത്തിന് സമ്മാനിക്കാനും പ്രധാന പ്രതിപക്ഷ ശക്തിയായി ഉയരാനും പാർട്ടിയെ സഹായിച്ചത് ഈ ആഭ്യന്തര ജനാധിപത്യമായിരുന്നു. കഴിഞ്ഞ മൂന്ന്-നാല് പതിറ്റാണ്ടുകളായി ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടികളിൽ അഭിപ്രായസ്വാതന്ത്ര്യത്തിന് മേൽ കടിഞ്ഞാൺ വീഴുന്ന കാഴ്ചയാണ് നാം കാണുന്നത്. നേതൃത്വത്തിന്റെ തീരുമാനങ്ങളെ ചോദ്യംചെയ്യാൻ കഴിയാത്ത സാഹചര്യം പാർട്ടി അംഗങ്ങളെ വെറും ഏറാൻമൂളികളാക്കി മാറ്റി. തെറ്റായ തീരുമാനങ്ങളെ വിമർശിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന ശൈലി പാർട്ടിയുടെ തകർച്ചക്ക് ആക്കംകൂട്ടി.

തുടർച്ചയായ ഭരണം ബൂർഷ്വാ പാർട്ടികളെപ്പോലെ കമ്യൂണിസ്റ്റ് പാർട്ടികളെയും ജീർണതയിലേക്ക് നയിക്കുന്നു എന്നതിന് പശ്ചിമ ബംഗാൾ ഒരു ക്ലാസിക് ഉദാഹരണമാണ്. ബംഗാളിൽ 34 വർഷം ഭരിച്ച ശേഷമാണ് തകർന്നടിഞ്ഞതെങ്കിൽ കേരളത്തിൽ പത്തു വർഷത്തെ ഭരണം പൂർത്തിയാക്കിയതോടെത്തന്നെ പാർട്ടി വലിയ വെല്ലുവിളികൾ നേരിടുന്നു. ഇതെന്തുകൊണ്ടാണെന്ന് ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്. ഭരണകൂടത്തെ കൈയിലെടുക്കാനും സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാനും എല്ലാ രാജ്യങ്ങളിലെയും സമ്പന്ന-മുതലാളി വർഗം ശ്രമിക്കാറുണ്ട്. കേരളത്തിലെ പാർട്ടിയും ഭരണവും അവർക്ക് എത്രമാത്രം വഴങ്ങി എന്ന് പരിശോധന നടത്തുന്നത് നന്നാവും. സ്ഥാപിത താൽപര്യക്കാർക്കെതിരെ പ്രതികരിക്കുന്ന പാർട്ടി സഖാക്കളെ ഒറ്റപ്പെടുത്താനും നടപടികൾ വഴി പാർട്ടിയിൽനിന്നുതന്നെ മാറ്റിനിർത്തുന്നതിനും നേതൃത്വത്തിലെ ചിലർതന്നെ ശ്രമിച്ചുവെന്നത് സംബന്ധിച്ച് പരാതികൾ ഏറെ കാലമായി ഉയരുന്നുണ്ട്. രാഷ്ട്രീയ അഭിപ്രായമായാലും, സംഘടനാപരമായ അഭിപ്രായമായാലും ഭരണ വൈകല്യത്തെപ്പറ്റിയായാലും സ്വന്തം പാർട്ടി കമ്മിറ്റിയിൽപോലും അഭിപ്രായം രേഖപ്പെടുത്താൻ സാധിക്കാത്ത അവസ്ഥ കേരളത്തിലും വന്നുചേർന്നിരുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും, നിയമസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ മെറിറ്റ് അടിസ്ഥാനത്തിലല്ല ഇടതു മുന്നണി സ്ഥാനാർഥി നിർണയം നടന്നത്. വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ സംബന്ധിച്ച് വ്യക്തമായ അഭിപ്രായമുള്ള പാർട്ടി സഖാക്കൾപോലും സ്വന്തം അഭിപ്രായം പാർട്ടി കമ്മിറ്റിയിൽ പറയാതെ ഉപരി കമ്മിറ്റിയുടെ സ്ഥാനാർഥികളെ അംഗീകരിക്കുകയാണ് ചെയ്തത്. തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനെ സ്ഥാനാർഥിയാക്കണമെന്ന അഭിപ്രായക്കാരായിരുന്നു പാർട്ടിയിലെ ഭൂരിഭാഗം പേരും. എന്നാൽ, അത് കമ്മിറ്റിയിൽ പറയാനുള്ള ധൈര്യം അവർക്ക് ഇല്ലാതെപോയി. പാർട്ടി സെക്രട്ടറിയുടെ പത്നിയെ സ്ഥാനാർഥിയാക്കാനുള്ള തെറ്റായ തീരുമാനത്തെ എതിർക്കുന്നത് പാർട്ടിയിൽ ഒറ്റപ്പെടാനും പുറത്താവാനും കാരണമായേക്കുമെന്ന ഭയത്താൽ ഉപരി കമ്മിറ്റി നിർദേശം മനസ്സില്ലാ മനസ്സോടെ അവരെല്ലാം അംഗീകരിക്കുകയാണ് ചെയ്തത്. അതിന്റെ ഫലം പാർട്ടി അനുഭവിക്കുകയും ചെയ്തു.

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തെരഞ്ഞെടുപ്പ് തോൽവിയെപ്പറ്റി വിപുലമായ ചർച്ച നടത്താൻ തയാറായിരിക്കുന്നു എന്നത് നല്ല കാര്യം. പാർട്ടി സഖാക്കൾക്ക് കമ്മിറ്റികളിൽ അഭിപ്രായം തുറന്നുപറയാൻ അവസരം ഉണ്ടാക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ പ്രഖ്യാപിക്കുമ്പോൾ ഈ സ്വാതന്ത്ര്യം പാർട്ടിയിൽ ഇപ്പോൾ ഇല്ലെന്നാണല്ലോ മനസ്സിലാക്കേണ്ടത്. എന്തായാലും അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിക്കപ്പെട്ട ഒരു പാർട്ടിയായി സി.പി.എം ഉയർന്നിരിക്കുന്നു. അടിമകളുടെയല്ല, ആത്മാഭിമാനമുള്ള പാർട്ടി പ്രവർത്തകരുടെ പ്രസ്ഥാനമായി പാർട്ടി ഉയർന്നുകാണാനാണ് ഏവരും ആഗ്രഹിക്കുന്നത്. ശക്തമായ രാഷ്ട്രീയ അഭിപ്രായങ്ങളും വിമർശനങ്ങളും സർക്കാറിന്റെ പരാജയങ്ങളുമെല്ലാം തുറന്നുപറയാൻ ഇത് അവസരമുണ്ടാക്കും. അഭിപ്രായ സ്വാതന്ത്ര്യം പാർട്ടി സഖാക്കൾ ശരിക്കും വിനിയോഗിച്ചാൽ ഈ പാർട്ടി തകർച്ചയിൽനിന്ന് കരകയറുമെന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല.

സോവിയറ്റ് യൂനിയന്റെ തകർച്ചയോടെ കമ്യൂണിസം അവസാനിച്ചു എന്ന് കരുതിയവർക്ക് തെറ്റുപറ്റി. ഇന്നും ചൈന, വിയറ്റ്നാം തുടങ്ങി നിരവധി രാജ്യങ്ങളിൽ കമ്യൂണിസ്റ്റ് ഭരണമുണ്ട്. അയൽരാജ്യമായ ശ്രീലങ്കയിൽപോലും ഒരു കമ്യൂണിസ്റ്റുകാരൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലെ ഇടതുപക്ഷ മനസ്സ് ഇപ്പോഴും ശക്തമാണ്. നേതൃത്വത്തിനുണ്ടായ തെറ്റുകൾ തിരുത്തുകയും പാർട്ടിക്കുള്ളിൽ ജനാധിപത്യം പുനഃസ്ഥാപിക്കുകയും ചെയ്താൽ ലോകത്താദ്യമായി തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലെത്തിച്ച കേരളത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് പ്രതാപം വീണ്ടെടുക്കാൻ തീർച്ചയായും സാധിക്കും.

Show Full Article
TAGS:Kerala Assembly Election 2026 Assembly Elections 2026 CPM Defeated Latest News 
News Summary - With freedom of expression, the party will regain its glory
Next Story