Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightവേണം സ്ത്രീ സംവരണത്തിൽ...

വേണം സ്ത്രീ സംവരണത്തിൽ പിന്നാക്ക സംവരണം

text_fields
bookmark_border
വേണം സ്ത്രീ സംവരണത്തിൽ പിന്നാക്ക സംവരണം
cancel

സ്ത്രീ സംവരണം നടപ്പാക്കുന്നത് തങ്ങളാണെന്നും മറ്റാർക്കും സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ താൽപര്യമില്ലെന്നും മോദി ഭരണകൂടം അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഇപ്പോൾ ഈ വിഷയം ഉയർത്തുന്നതിന് പിന്നിൽ മറ്റു പല അജണ്ടകളുമുണ്ട് എന്നതാണ് യാഥാർഥ്യം. പാർലമെന്റിൽ സ്ത്രീകൾക്ക് സീറ്റ് സംവരണം ചെയ്യണമെന്ന വാദത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. യു.പി.എ സർക്കാറിന്റെ കാലത്ത് മൻമോഹൻ സിങ് സ്ത്രീ സംവരണ ബിൽ കൊണ്ടുവന്നെങ്കിലും അത് നടപ്പായില്ല.

രണ്ട് പതിറ്റാണ്ടു മുമ്പ് ഈ ബിൽ ചർച്ചക്കെടുത്തപ്പോൾ, ഇതിൽ പിന്നാക്ക സ്ത്രീ സംവരണംകൂടി ഉൾപ്പെടുത്തണമെന്ന ശക്തമായ നിലപാടാണ് മുലായം സിങ് യാദവും ലാലു പ്രസാദ് യാദവും ഉൾപ്പെടെയുള്ള ജനതാപരിവാർ പാർട്ടികൾ സ്വീകരിച്ചത്. എന്നാൽ, സർക്കാർ ഈ ഭിന്നാഭിപ്രായം അംഗീകരിക്കാൻ തയാറായില്ല.

ഇന്ത്യയിലെ ജനസംഖ്യയിൽ 85 ശതമാനവും ന്യൂനപക്ഷങ്ങളടക്കമുള്ള പിന്നാക്ക ജനവിഭാഗങ്ങളാണെന്നാണ് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, രാജ്യത്തെ സർക്കാർ സർവിസിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും രാഷ്ട്രീയ പാർട്ടികളുടെ ഭാരവാഹിത്വത്തിലും മുക്കാൽ പങ്കും 15 ശതമാനം മാത്രം വരുന്ന മുന്നാക്ക വിഭാഗങ്ങൾ കൈയടക്കി വെച്ചിരിക്കുകയാണ്.

പാർലമെന്റിലും നിയമസഭകളിലും സ്ത്രീകളുടെ പ്രാതിനിധ്യം നിലവിൽ വളരെ കുറവാണ്. സീറ്റുകളിൽ പകുതിയെങ്കിലും സ്ത്രീകൾക്ക് നൽകണമെന്നതാണ് പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെയെല്ലാം പ്രഖ്യാപിത നിലപാട്. പാർലമെന്റിൽ 33 ശതമാനം വനിതാ സംവരണം നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണെങ്കിലും, പിന്നാക്ക സംവരണംകൂടി ഉറപ്പാക്കിയില്ലെങ്കിൽ ഈ സീറ്റുകളിൽ ഭൂരിഭാഗവും സവർണ-മുന്നാക്ക വിഭാഗങ്ങളിലെ സ്ത്രീകൾക്ക് മാത്രമായി പരിമിതപ്പെടും.

കടുത്ത ജീവിതപ്രയാസങ്ങളിലും ദാരിദ്ര്യത്തിലും കഴിയുന്ന പിന്നാക്ക ജനവിഭാഗങ്ങളുടെ ഉയർച്ച ഇന്നും ജലരേഖയായി തുടരുന്നു. രാഷ്ട്രീയമായി പാർശ്വവത്കരിക്കപ്പെട്ട ഈ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പാർലമെന്റിലെ സ്ത്രീ സംവരണത്തിൽ നിശ്ചിത ശതമാനം പിന്നാക്ക സംവരണം ഏർപ്പെടുത്തുകയല്ലാതെ മറ്റു മാർഗങ്ങളില്ല.

പിന്നാക്കക്കാർക്ക് എല്ലാ മേഖലകളിലും സംവരണം നൽകുക എന്നത് നമ്മുടെ ഭരണഘടനയുടെ അന്തസ്സത്തയാണ്. രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ തയാറാക്കിയ തദ്ദേശ സ്വയംഭരണ ബില്ലിൽ പിന്നാക്ക-ദലിത് സംവരണം ഭരണഘടനാപരമായ അവകാശമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ സ്ത്രീ സംവരണം ബില്ലിനകത്തും പിന്നാക്ക സ്ത്രീകൾക്ക് സംവരണം വേണമെന്ന് കോൺഗ്രസും ജനതാ പരിവാർ പാർട്ടികളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, കേന്ദ്ര സർക്കാർ ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കുമെന്ന് തോന്നുന്നില്ല.

ദേശീയ സെൻസസ് പൂർത്തിയാക്കിയ ശേഷം അതിന്റെ അടിസ്ഥാനത്തിൽ സ്ത്രീ സംവരണ നിയമം പാസാക്കിയാൽ പോരേ എന്ന് പല പ്രതിപക്ഷ പാർട്ടികളും ചോദിക്കുന്നുണ്ട്. അതേസമയം, ഇടതുപക്ഷമടക്കമുള്ള പല പാർട്ടികളും പിന്നാക്ക സംവരണമെന്ന ആവശ്യം ശക്തമായി മുന്നോട്ടുവെച്ചിട്ടില്ല എന്നത് ഖേദകരമാണ്. തങ്ങളുടെ അടിത്തറ പിന്നാക്ക ജനവിഭാഗങ്ങളാണെന്ന് ബോധ്യമുള്ള പാർട്ടികൾപോലും സവർണ വിഭാഗങ്ങളെ ഭയന്ന് ഈ വിഷയത്തിൽ മൗനം പാലിക്കുന്നത് ഭരണകക്ഷിക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നു.

പിന്നാക്ക സ്ത്രീകൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്താത്ത പക്ഷം ഈ ബിൽ കൊണ്ട് രാജ്യത്തെ ഭൂരിഭാഗം വരുന്ന ജനവിഭാഗത്തിന് ഒരു ഗുണവുമില്ല. അതിനാൽ, സ്ത്രീ സംവരണ ബില്ലിൽ പിന്നാക്ക സംവരണം കൂടി ഉൾപ്പെടുത്താൻ ആവശ്യമായ ശക്തമായ പ്രക്ഷോഭങ്ങളാണ് പ്രതിപക്ഷ പാർട്ടികളിൽനിന്നും പിന്നാക്ക സംഘടനകളിൽനിന്നും രാജ്യം പ്രതീക്ഷിക്കുന്നത്.

(ശ്രീനാരായണഗുരു ഓപൺ യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗമാണ് ലേഖകൻ)

Show Full Article
TAGS:Women Reservation Bill Backward Reservation Govt india govt 
News Summary - Backward reservation is needed in women's reservation.
Next Story