കൈയിലെ ഫോണിന് തീരുവ ചോദിച്ചാൽ...; പ്രവാസികൾ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ
text_fieldsദുബൈയിൽനിന്ന് കൊച്ചിയിലിറങ്ങുന്ന പ്രവാസിയുടെ കൈയിൽ പുതിയ ഐഫോൺ. അതിൽ സ്വന്തം സിം കാർഡുണ്ട്, യാത്രയ്ക്കിടയിലും ഉപയോഗിച്ചുകൊണ്ടിരുന്നു. കസ്റ്റംസ് പരിശോധനയിൽ ഫോണിനെക്കുറിച്ച് ചോദ്യം വരുന്നു, തീരുവ അടയ്ക്കാൻ ആവശ്യപ്പെടുന്നു.
ഇത്തരം പരാതികൾ ഇടയ്ക്കിടെ കേൾക്കാറുണ്ട്. ഓരോ സംഭവത്തിലും ഉദ്യോഗസ്ഥർ എന്താണ് ചെയ്തതെന്നും യാത്രക്കാരൻ എന്താണ് കൊണ്ടുവന്നതെന്നും പുറത്തുനിന്ന് ഉറപ്പിക്കാൻ വഴിയില്ല. ചട്ടം എന്താണെന്ന് ഉറപ്പിക്കാം. തർക്കങ്ങളിൽ നല്ലൊരു പങ്കും തുടങ്ങുന്നത് അവിടെനിന്നാണ്.
ഫെബ്രുവരി രണ്ടിന് മാറിയത്
2026 ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രാലയം പുതിയ ബാഗേജ് ചട്ടങ്ങൾ വിജ്ഞാപനം ചെയ്തു. പത്ത് വർഷം നിലനിന്ന 2016ലെ ചട്ടങ്ങൾക്ക് പകരമായി അവ പിറ്റേന്ന് പ്രാബല്യത്തിൽ വന്നു.
മാറ്റം പൊതു തീരുവയിളവിലാണ്. പതിനെട്ട് വയസ്സ് തികഞ്ഞ, വിമാനമാർഗമോ കപ്പൽമാർഗമോ എത്തുന്ന ഇന്ത്യൻ താമസക്കാർക്കും ഇന്ത്യൻ വംശജരായ സഞ്ചാരികൾക്കും സാധുവായ നോൺ ടൂറിസ്റ്റ് വിസയുള്ള വിദേശികൾക്കും ഇനി 75,000 രൂപ വരെയുള്ള സാധനങ്ങൾ തീരുവയില്ലാതെ കൊണ്ടുവരാം. മുമ്പ് അത് 50,000 ആയിരുന്നു. വിദേശ സഞ്ചാരികളുടെ പരിധി 15,000ൽനിന്ന് 25,000 ആയി. കരമാർഗം എത്തുന്നവർക്ക് ഈ ഇളവില്ല.
പതിനെട്ട് വയസ്സ് കഴിഞ്ഞ യാത്രക്കാർക്ക്, വിമാനജീവനക്കാർ ഒഴികെ, ഈ പരിധിക്ക് പുറമേ ഒരു പുതിയ ലാപ്ടോപ്പ് കൂടി തീരുവയില്ലാതെ കൊണ്ടുവരാം. ഫോണിന് അത്തരമൊരു പ്രത്യേക വ്യവസ്ഥയില്ല. ആശയക്കുഴപ്പത്തിന്റെ ഒരു വേര് അവിടെയാണ്.
ഉപയോഗിക്കുന്ന സാധനം, ഇറക്കുമതിച്ചരക്ക്
രണ്ടാമത്തെ വേര് ഇതാണ്. ദൈനംദിന ഉപയോഗത്തിലുള്ള സ്വകാര്യ വസ്തുക്കൾ യാത്രക്കാരന് തീരുവയില്ലാതെ കൊണ്ടുവരാമെന്ന് ചട്ടങ്ങൾ പറയുന്നു. 75,000 രൂപയുടെ പൊതു ഇളവ് അതിൽനിന്ന് വേറെയാണ്. ആ 75,000 ഓരോ ഉപകരണത്തിനുമുള്ള പ്രത്യേക ഇളവല്ല, കൊണ്ടുവരുന്ന സാധനങ്ങൾക്കാകെയുള്ള പരിധിയാണ്.
അതുകൊണ്ട് ഒരു ചോദ്യമാണ് പ്രസക്തം: ഇത് യാത്രക്കാരൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാധനമാണോ, അതോ വിദേശത്തുനിന്ന് കൊണ്ടുവരുന്ന പുതിയ ചരക്കാണോ?
വർഷങ്ങളായി ഉപയോഗിക്കുന്ന ഫോണുമായി നാട്ടിലെത്തുന്ന ആളും, ദുബൈയിൽനിന്ന് ഇന്നലെ വാങ്ങിയ ഫോൺ പെട്ടി പൊട്ടിക്കാതെ കൊണ്ടുവരുന്ന ആളും, വിൽക്കാൻ പത്ത് ഫോണുമായി വരുന്ന ആളും ഒരേ വിഭാഗത്തിൽ വരുന്നില്ല.
എങ്കിലും പുതിയതാണോ പഴയതാണോ എന്നത് മാത്രമല്ല മാനദണ്ഡം. ഉപകരണങ്ങളുടെ എണ്ണം, വാങ്ങിയ സാഹചര്യം, വാണിജ്യ ഉദ്ദേശ്യത്തിന്റെ സൂചനകൾ എന്നിവയും പരിഗണിക്കപ്പെടും. സിം ഇട്ടിട്ടുണ്ടെന്നതും ഫോൺ പ്രവർത്തിക്കുന്നുണ്ടെന്നതും വ്യക്തിഗത ഉപയോഗത്തിന്റെ സൂചനകളാണ്, നിയമപരമായ ഉറപ്പല്ല. പാക്കിങ് പൊട്ടിച്ചിട്ടില്ല എന്നതുകൊണ്ട് മാത്രം അത് വിൽപ്പനച്ചരക്കാകുന്നുമില്ല.
ഒരു കാര്യം വ്യക്തമാണ്. പൊതു ഇളവിന് പുറത്തുനിർത്തിയിട്ടുള്ള വസ്തുക്കളുടെ പട്ടികയിൽ മൊബൈൽ ഫോൺ ഇല്ല. തോക്കുകൾ, അമ്പതിലധികം വെടിയുണ്ടകൾ, നൂറിലധികം സിഗരറ്റ്, രണ്ട് ലിറ്ററിലധികം മദ്യം, ആഭരണമല്ലാത്ത സ്വർണവും വെള്ളിയും, ടെലിവിഷൻ എന്നിവയാണ് ആ പട്ടികയിലുള്ളത്.
കള്ളക്കടത്തും സാധാരണ യാത്രക്കാരനും
ഫോണുകളുടെ കാര്യത്തിൽ കസ്റ്റംസ് ജാഗ്രത കാണിക്കുന്നതിന് കാരണമുണ്ട്. 2024 ആഗസ്റ്റ് 20ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്; ഷാർജയിൽനിന്ന് കൊച്ചിയിലെത്തിയ തമിഴ്നാട് സ്വദേശികളായ മൂന്ന് പേരിൽനിന്ന് ഏകദേശം ഒരു കോടി രൂപയുടെ സ്വർണവും ഉപകരണങ്ങളും പിടിച്ചെടുത്തു. പാന്റിന്റെ പോക്കറ്റിൽ ഒളിപ്പിച്ച 356 ഗ്രാം സ്വർണമാലകൾക്ക് പുറമേ 22 ഐഫോൺ 15 പ്രോ മാക്സ്, 18 ഐഫോൺ 15 പ്രോ, 21 ഐഫോൺ 13 പ്രോ, 15 ഐഫോൺ 12 പ്രോ, അഞ്ച് ഡ്രോണുകൾ, നാല് ആപ്പിൾ വാച്ച്, എട്ട് ഗൂഗിൾ പിക്സൽ ഫോണുകൾ, മുപ്പത് ലാപ്ടോപ്പുകൾ.
ഒരു വിമാനത്തിൽ മൂന്ന് പേർ. എഴുപത്തിയാറ് ഐഫോണുകൾ. ഇത്തരം കേസുകൾ പരിശോധനയുടെ ആവശ്യകത വ്യക്തമാക്കുന്നു. പക്ഷേ അവ ചൂണ്ടിക്കാട്ടി, സ്വന്തം ഉപയോഗത്തിന് ഒരു ഫോണുമായി വരുന്ന യാത്രക്കാരനെ സംശയത്തിൽ നിർത്തുന്നത് ന്യായമല്ല. എഴുപത്തിയാറും ഒന്നും തമ്മിലുള്ള വ്യത്യാസം കാണാൻ പ്രയാസമുണ്ടാകരുത്. വ്യക്തിപരമായ വിവരങ്ങളുള്ള മൊബൈൽ ഫോൺ പിടിച്ചെടുക്കുന്നതിലും നിയമകുരുക്കുണ്ടാവും.
യാത്രക്കാരന് അവകാശപ്പെട്ടത്
തീരുവ ആവശ്യപ്പെടുമ്പോൾ ചില കാര്യങ്ങൾ യാത്രക്കാരന് അറിയാൻ അവകാശമുണ്ട്. ഏത് ചട്ടപ്രകാരമാണ് തീരുവ. ഉപകരണത്തിന്റെ മൂല്യം എങ്ങനെ നിശ്ചയിച്ചു. പൊതു ഇളവ് കിഴിച്ചശേഷമുള്ള തുകയ്ക്കാണോ തീരുവ. സാധനം തടഞ്ഞുവയ്ക്കുകയാണെങ്കിൽ അതിന്റെ രസീത്. ഇവ ചോദിക്കുന്നത് തർക്കമല്ല. പുതിയ ചട്ടങ്ങൾ അവതരിപ്പിച്ചപ്പോൾ കേന്ദ്ര സർക്കാർ തന്നെ മുന്നോട്ടുവച്ച ലക്ഷ്യങ്ങളിൽ ഒന്ന് നടപടികളിലെ സുതാര്യതയായിരുന്നു. പ്രവാസിയായതുകൊണ്ട് പ്രത്യേക ഇളവ് വേണമെന്ന വാദത്തിനും അടിസ്ഥാനമില്ല. നിയമം എല്ലാവർക്കും ഒന്നുതന്നെ. വേണ്ടത് ഇളവല്ല, വ്യക്തതയാണ്.
യാത്രക്ക് മുമ്പ്
വിലകൂടിയ ഉപകരണവുമായി നാട്ടിലേക്ക് പോകുന്നവർക്ക് നാല് കാര്യങ്ങൾ. പുതുതായി വാങ്ങിയ സാധനമാണെങ്കിൽ ഇൻവോയ്സും പേയ്മെന്റ് രേഖയും കൈയിൽ വയ്ക്കുക. ഒന്നിലധികം പുതിയ ഫോണുകൾ കൊണ്ടുപോകുന്നുണ്ടെങ്കിൽ പരിധികൾ നേരത്തേ നോക്കുക. തീരുവ ചോദിച്ചാൽ ചട്ടവും മൂല്യനിർണയവും ചോദിക്കുക. സാധനം തടഞ്ഞാൽ രസീത് വാങ്ങുക, തർക്കമുണ്ടെങ്കിൽ ബന്ധപ്പെട്ട കസ്റ്റംസ് അധികാരിയെ സമീപിക്കുക. യാത്രയ്ക്ക് മുമ്പ് സിബിഐസിയുടെ അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ ഒന്ന് നോക്കുന്നതും നല്ലതാണ്.
സ്വരത്തിന്റെ പ്രശ്നം
കൂട്ടത്തിൽ ഒരു കാര്യം. പല തർക്കങ്ങളിലും യാത്രക്കാരനെ ചൊടിപ്പിക്കുന്നത് തീരുവയല്ല, സ്വരമാണ്. "എന്തൊക്കെയാണോടോ പെട്ടിയിൽ" എന്ന് ഒരിക്കൽ എന്നോട് ഒരു ഉദ്യോഗസ്ഥൻ ചോദിച്ചു. "കാര്യമായി ഒന്നുമില്ലടോ" എന്ന് അതേ സ്വരത്തിൽ മറുപടി കിട്ടിയപ്പോൾ ഉണ്ടായ പുകിൽ ചെറുതായിരുന്നില്ല. പ്രശ്നം പെട്ടിയായിരുന്നില്ല, ആ "ടോ" ആയിരുന്നു.
അധികാരമുള്ളിടത്ത് മേൽനോട്ടവും വേണം. കോഴിക്കോട് വിമാനത്താവളത്തിലെ കള്ളക്കടത്ത് കേസിൽ പതിനൊന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തിരുന്നുവെന്നും അവരിൽ ചിലർ ഒരു വർഷത്തെ സസ്പെൻഷന് ശേഷം വീണ്ടും ചുമതലകളിലെത്തിയെന്നും 2022ൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു വകുപ്പിനെ മൊത്തം കുറ്റപ്പെടുത്താൻ അത് മതിയാകില്ല. മേൽനോട്ടം ഗൗരവമുള്ള കാര്യമാണെന്ന് പറയാൻ മതിയാകും.
ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണാണെന്നതുകൊണ്ട് എല്ലാ സാഹചര്യത്തിലും തീരുവയിളവ് കിട്ടണമെന്നില്ല. വിലകൂടിയതാണെന്നതുകൊണ്ട് വ്യക്തിഗത ഉപയോഗമെന്ന വാദം പരിശോധിക്കാതിരിക്കാനും പാടില്ല. കസ്റ്റംസിന് ചുമതലയുണ്ട്, അത് നിർവഹിക്കുകയും വേണം. പക്ഷേ നിയമം അറിയാത്തതിന്റെ പേരിൽ ഒരു യാത്രക്കാരൻ കുറ്റവാളിയെപ്പോലെ നിൽക്കേണ്ടിവരരുത്. ചട്ടം പറഞ്ഞുകൊടുക്കുക, കണക്ക് കാണിച്ചുകൊടുക്കുക, രസീത് കൊടുക്കുക. അത്രയും ചെയ്താൽ ഈ പരാതികളിൽ മിക്കതും ഉണ്ടാകില്ല. ഭരിക്കുന്നവരും ഇക്കാര്യം കുറച്ചൊക്കെ ശ്രദ്ദിക്കുന്നത് നന്നാകും.


