ഹജ്ജ്: കപ്പൽ യാത്ര ചിന്തിക്കാൻ സമയമായിരിക്കുന്നു
text_fieldsഗൾഫിലേക്ക് യാത്രാകപ്പൽ വരുന്നുവെന്നൊരു വാർത്ത കഴിഞ്ഞ വർഷം പ്രവാസിമലയാളികൾക്കിടയിൽ ഏറെ കൊട്ടിഘോഷിക്കപ്പെട്ടിരുന്നു. അനഭിലഷണീയമായി ഉയർന്നുകൊണ്ടിരിക്കുന്ന വിമാനക്കൂലിയിൽ മനംനൊന്ത ഒരുപറ്റം സംഘടനകളും കപ്പൽ കമ്പനികളും കൂട്ടമായി ഗൾഫ് മലയാളിയെ സഹായിക്കാൻ രംഗത്തുവന്നെങ്കിലും ഇപ്പോഴും കപ്പൽ കരയിൽതന്നെയാണെന്നതാണ് യാഥാർഥ്യം.
കരിപ്പൂരിൽനിന്ന് യാത്രചെയ്യുന്ന ഹജ്ജ് തീർഥാടകർ കണ്ണൂരിനെയും കൊച്ചിയെയും അപേക്ഷിച്ച് 41,000 രൂപ അധികം നൽകണമെന്ന സാഹചര്യമാണ് കപ്പലിനെ വീണ്ടും ഓർമയിലെത്തിച്ചത്.
കാലാവസ്ഥയുടെ ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിൽ പറക്കുന്ന സമയത്തിൽ വലിയ വ്യത്യാസമുണ്ടായാൽതന്നെ ഏകദേശം അഞ്ചേമുക്കാൽ മണിക്കൂറോ അതിൽ കുറവോ ആയിരിക്കും ഈ മൂന്ന് എയർപോർട്ടിൽനിന്ന് ജിദ്ദയിൽ പറന്നെത്തുന്ന സമയം എന്നിരിക്കെ കരിപ്പൂരിൽനിന്നുള്ള യാത്രക്കാരോട് അധിക ചാർജ് ചോദിക്കുന്നതിലെ സാംഗത്യം മനസ്സിലാവുന്നില്ല.
എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737 വിമാനമാണ് കണ്ണൂരിൽനിന്നും കോഴിക്കോട്ടുനിന്നും പറത്തുന്നത്. അതിൽ ക്രൂ അടക്കം 189 യാത്രക്കാർക്ക് യാത്രചെയ്യാം. എന്നാൽ, കൊച്ചിയിൽനിന്ന് സൗദി എയർലൈൻ അവരുടെ വൈഡ്ബോഡി വിമാനം പറത്തുന്നു. 400 യാത്രക്കാരെ ഒറ്റയടിക്ക് കൊണ്ടുപോവാൻ കഴിയുന്ന അവർ വിമാനക്കൂലിയിൽ കുറവ് വരുത്തുക സ്വാഭാവികം. രണ്ടുകൂട്ടരുടെയും മടക്കയാത്ര കാലിയായിട്ടായിരിക്കും.
ഇന്ത്യയിൽ രണ്ടായിരത്തിനു ശേഷം വിമാന നിരക്കിന്റെ കാര്യത്തിൽ ഒരു റെഗുലേറ്ററി ബോഡി ഇല്ലാത്തതിനാൽ ഷെഡ്യൂൾഡ് എയർലൈൻസുകൾ അവരവർക്കു തോന്നുംവിധത്തിലാണ് നിരക്കുകൾ നിശ്ചയിക്കുന്നത്.
എന്നാൽ, ഹജ്ജ് യാത്രാനിരക്ക് തീരുമാനിക്കുന്നത് സിവിൽ ഏവിയേഷൻ ടെൻഡർ വിളിച്ചാണ്. അതത് രാജ്യങ്ങളിലെ വിമാനക്കമ്പനികൾക്കേ ടെൻഡറിൽ പങ്കെടുക്കാൻ കഴിയൂ. ഇന്ത്യൻ ടെൻഡറിൽ സൗദി എയർലൈൻ, ഫ്ലൈനാസ്, ഫ്ലൈആദീൽ എന്നിവക്കും എയർഇന്ത്യ, സ്പൈസ്ജെറ്റ്, ഇൻഡിഗോ മുതലായ ഇന്ത്യൻ വിമാനക്കമ്പനികൾക്കും പങ്കെടുക്കാം. (ഇന്റർനാഷനൽ ടെൻഡർ വിളിച്ച് ലോകത്തിലെ എല്ലാ വിമാനക്കമ്പനികളെയും പങ്കെടുപ്പിച്ചാൽ നിരക്ക് ഗണ്യമായി കുറയും) ഇത്തവണ കരിപ്പൂരിൽ പങ്കെടുത്തത് എയർഇന്ത്യ മാത്രമാണ്. അതുകൊണ്ടുതന്നെ അവർ ടെൻഡറിൽ എഴുതിയ ഉയർന്ന നിരക്ക് മന്ത്രാലയം അംഗീകരിച്ചു. ഇന്ത്യയിലെയോ സൗദിയിലെയോ വിമാനക്കമ്പനികൾ ടെൻഡറിൽ പങ്കെടുത്തെങ്കിൽ തീർച്ചയായും നിരക്കിൽ ഒരു മത്സരം ഉണ്ടാവുമായിരുന്നു. അതുകൊണ്ടാണ് ഏകപക്ഷീയ നിരക്ക് അംഗീകരിക്കേണ്ടിവന്നത്.
ഹജ്ജ് കപ്പലിലായാലോ?
ഈയിടെ ഉംറക്ക് പോയപ്പോൾ അതിശയിപ്പിച്ച ഒരു കാര്യം സഫാ-മർവക്കിടയിലെ നടത്തമായിരുന്നു. കാൽമുട്ടിന് സുഖമില്ലാത്ത സഹധർമിണിയെ വീൽ ചെയറിലിരുത്തി ഉന്തിക്കൊണ്ടുപോകാമെന്നായിരുന്നു ആദ്യം കരുതിയത്. ഒന്നാം നിലയിൽനിന്ന് വീൽ ചെയർ വാടകക്ക് ചോദിച്ചപ്പോൾ എക്സലേറ്ററിൽ കയറി നാലാം നിലയിൽ ചെല്ലാൻ നിർദേശം ലഭിച്ചു. അവിടെ എത്തിയപ്പോൾ ദാ കിടക്കുന്നു അഞ്ചുപത്ത് ‘ഇലക്ട്രിക് ബഗ്ഗീസ്’, 20 റിയാൽ കൊടുത്താൽ അതിൽ കയറ്റി എഴുതവണ ‘സഅ് യ്’ നിർവഹിക്കാം. പക്ഷേ, ഞങ്ങളോടൊപ്പം ആ ബഗ്ഗിയിൽ കയറിയവരിൽ അധികവും യുവാക്കളും യുവതികളുമായിരുന്നു. ഇടക്ക് ബഗ്ഗികൾ നിർത്തി സംസം വെള്ളം കുടിക്കുകയും ചെയ്യാം. രണ്ടു മലകൾക്കിടയിലെ ദുർഘടയാത്ര ഇപ്പോഴില്ല, പഴമയുടെ ഓർമകൾ മാത്രം ബാക്കിയാവുന്ന കാലം വന്നിരിക്കുന്നു.
സാഹചര്യങ്ങൾക്കനുസൃതമായി തീർഥാടകർക്ക് സൗകര്യങ്ങളൊരുക്കി ആരാധന നിർവഹിക്കാൻ അവസരമൊരുക്കുന്ന ഉത്തമമായ ഒരു മാതൃക അതിൽ കാണാനായി. അതുപോലെ ഹജ്ജ് യാത്രക്ക് കപ്പൽ ഏർപ്പെടുത്തുന്ന ഒരു സംവിധാനത്തെക്കുറിച്ച് ആലോചിക്കാവുന്നതല്ലേ? ആഴക്കടലിലൂടെ അഞ്ചോ ആറോ ദിവസങ്ങൾകൊണ്ട് ജിദ്ദയിൽ എത്താം. ചെലവ് കുറഞ്ഞ്, പ്രാർഥനാനിർഭരമായ ഒരു യാത്ര. മൂന്ന് പതിറ്റാണ്ട് മുമ്പു വരെ കുറഞ്ഞ സാമ്പത്തിക അവസ്ഥയുള്ളവർക്കും ഹജ്ജ് സാധ്യമാക്കിയത് കപ്പൽ മാർഗമുള്ള യാത്ര വഴിയായിരുന്നു. പിന്നീട് സർക്കാറുകളുടെ അസൗകര്യങ്ങളുടെ മറവിൽ അത് ഇല്ലാതാക്കപ്പെട്ടു. ഉത്തരമില്ലാത്ത ചോദ്യങ്ങളുയർത്തി ഊർജം പാഴാക്കുകയും ചെയ്യുന്ന നേരത്ത് നമ്മുടെ സംഘടനകളൂം കപ്പൽ കമ്പനികളും കടൽ മാർഗം ഹജ്ജ് യാത്ര പുനരാരംഭിക്കാൻ ഒരുക്കം തുടങ്ങുകയാണ് വേണ്ടത്.