ഞാനാണ് ആ കൊമ്പൻ; ബന്ധനം തന്നെ
text_fieldsവീണ്ടും ഞാൻ തുമ്പിയുയർത്തി നനഞ്ഞൊട്ടിയ ഇടെത്ത ചെന്നിയോട് ചേർത്തു. അവിടമാകെ പറ്റിപ്പിടിച്ച ചളിയിൽ ചാലിട്ടൊഴുകാൻ വീർപ്പുമുട്ടുന്ന മദജലത്തിന് താമരപ്പൂവിന്റെ ഗന്ധം! ചെന്നികളിൽ തുമ്പിയെത്തിച്ച് ആവോളം ശ്വസിച്ചു. ഇപ്പോൾ നെഞ്ചിനുള്ളിൽ ഉത്കണ്ഠയുടേയും അപകർഷതയുടേയും പുഴുക്കൾ നുരക്കുന്നില്ല. സിരകളിലൂടെ തലച്ചോറിലേക്ക് അവിടെ നിന്ന് ഓരോ പേശികളിലേക്കും നിലക്കാത്ത ഊർജത്തിന്റെ ലാവാപ്രവാഹമാണ്. വീണ്ടും ഒരു തിരിച്ചുപോക്കിനായി ചുവടുകൾ മുന്നോട്ടുവെച്ചു.
താഴ്വാരത്തെത്തുമ്പോൾ സൂര്യരശ്മികളുടെ ശക്തി ക്ഷയിച്ചുതുടങ്ങിയിരുന്നു. എന്നിട്ടും ഇരുട്ടിന്റെ കമ്പളം പരക്കുവാനായി കാറ്റിന്റെ ദിശയിൽ നിന്നകന്ന് ഒരു കുറ്റിക്കാടിനുള്ളിൽ മറഞ്ഞുനിന്നു. അങ്ങകലെയായി കുരുക്ഷേത്ര ഭൂമിയെന്നോണം കുറെ സ്ഥലം തെളിഞ്ഞു കാണാം. അവിടെ മനുഷ്യന്റെ അക്ഷൗഹിണികൾ ഒരുക്കുന്ന പത്മവ്യൂഹം! ഞങ്ങളെ അന്വേഷിച്ചെന്നോണം പലരും തലങ്ങും വിലങ്ങും നടക്കുന്നത് മങ്ങിയ കാഴ്ചയിലും തെളിഞ്ഞു കാണാമായിരുന്നു. ആസന്നമായ ഏതോ ഉദ്യമത്തിന്റെ വിവിധ സാധ്യതകൾ ആരായുന്ന മാതിരി അങ്ങോട്ടുമിങ്ങോട്ടും സ്ഥാനങ്ങൾ മാറി നിലയുറപ്പിക്കുന്നതും ഒച്ചയുണ്ടാക്കി സംസാരിക്കുന്നതും ഇപ്പോൾ കേൾക്കാനാകുന്നുമുണ്ട്. പതിവില്ലാതെ വാഹനങ്ങളുടെ നീണ്ട നിരകളും വിചിത്ര വേഷധാരികളായ കുറെ മനുഷ്യരുടെ പുത്തൻ തമ്പുകളും!
അണിയറകളിൽ വലിയ സന്നാഹങ്ങൾ ഉരുവം കൊള്ളുന്ന പ്രതീതി! ഇത്തവണ ആരെ ഉദ്ദേശിച്ചായിരിക്കും? ഇത്തരം മുന്നൊരുക്കങ്ങളിലൂടെയാണ് മുമ്പും ഞങ്ങളിൽ തലമൂത്ത പലരെയും പിടിച്ചതെന്നും നാടുകടത്തിയതെന്നും കേട്ടറിവുണ്ട്. പിന്നീടൊരു നാളും അവരൊന്നും തിരിച്ചെത്തിയിട്ടുമില്ല. എന്നിരുന്നാലും ശത്രുവിനെ ഭയന്നോടുന്നവന് കാട്ടിൽ നിലനിൽക്കാൻ അവകാശമില്ല. മനുഷ്യനെന്ന ഇരുകാലിയോടാണെങ്കിലും അതുതന്നെ ശരി. ഒരാവർത്തി കൂടി മനസ്സിൽ പറഞ്ഞുറപ്പിച്ചു.
വിശപ്പും ദാഹവും ശരീരത്തോടൊപ്പം മനസ്സിനേയും വിവേകത്തേയും കീഴടക്കുന്നതുപോലെ തോന്നി. ഇനിയും പിടിച്ചു നിൽക്കാനാവില്ല. ഉള്ളിൽ പ്രകൃതി വിതറിയ ജനിതകങ്ങൾ പകരുന്ന സഹജാവബോധം സുരക്ഷയുടെ വഴിയൊരുക്കുമെന്ന വിശ്വാസം കൂട്ടിനുണ്ട്. വിഘടിച്ചുപോയ വഴിത്താരകൾ എമ്പാടും ചിതറിക്കിടക്കുന്ന വനസ്ഥലികളുടെ സാത്മ്യം കൈമുതലാക്കി അരികുപറ്റി നടന്നു. ആർക്കും ശല്യമാകാതെ. ആരെയും അറിയിക്കാതെ.
ആദ്യം കണ്ട വീടരികിലേക്കുതന്നെയാണ് ചെന്നത്. വല്ലാത്ത വിജനത തളം കെട്ടിക്കിടക്കുന്നതുപോലെ. അവിടത്തെ മറപ്പുരകളുടെ അടച്ചുറപ്പുകൾ ഒടുങ്ങാത്ത എന്റെ തൃഷ്ണകൾക്കു മുന്നിൽ നിഷ്പ്രയാസം വഴിമാറി. പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ധാന്യവും ശർക്കരയും മുഴുവൻ ഭക്ഷിച്ചിട്ടും വിശപ്പിന് ശമനമേതുമില്ല. വിശക്കുന്ന വയറിന് ആഹാരസാന്നിധ്യം എളുപ്പത്തിൽ മണത്തറിയാനാകും. പിന്നെയും മൂന്നോ നാലോ ഇടങ്ങളിൽ നിന്നു കൂടി ശർക്കര എടുത്ത് കഴിച്ചിട്ടുണ്ടാകണം. അകലെ നിന്നും ആരവങ്ങളും തീപ്പന്തങ്ങളുമായി മനുഷ്യർ ഓടിയെത്തുന്ന ശബ്ദമാണ് എന്നെ വർത്തമാനത്തിലേക്കുണർത്തിയത്. ആർപ്പുവിളികളും കോലാഹലങ്ങളുമായി അവരനേകം പേരുണ്ടെന്ന് തോന്നുന്നു. പിൻവാങ്ങാതെ തരമില്ല. അതിനു ശരിക്കും ഞാനൊരുമ്പെട്ടതുമായിരുന്നു.
പക്ഷേ അതിനിടയിലാണത് സംഭവിച്ചത്! ഉച്ചത്തിൽ പൊട്ടിയ പടക്കങ്ങളുടെ മിന്നൽ വെളിച്ചത്തിൽ കാഴ്ച മറച്ചുനിന്നുപോയ ഒരഭിശപ്ത നിമിഷത്തിൽ ആരോ വലിച്ചെറിഞ്ഞ ഉരുകിക്കത്തുന്ന ഒരു റബർ നാട എന്റെ മുതുകിലേക്ക് വന്നുവീണു. ആയിരം മുനയുള്ള ചാട്ടുളി കണക്കേ അത് എന്റെ തൊലിപ്പുറം കരിച്ച് പച്ചമാംസത്തിലേക്ക് ആണ്ടിറങ്ങി. ജീവൻ പോകുന്ന വേദനയിൽ ഞാൻ ചിന്നം വിളിച്ചു കൊണ്ടോടി. കുടഞ്ഞെറിഞ്ഞിട്ടും വഴിയിൽകണ്ട വൃക്ഷങ്ങളിലുരഞ്ഞിട്ടും അത് തുടർന്നു കത്തിക്കൊണ്ടേയിരുന്നു. ഉച്ചത്തിലുച്ചത്തിൽ ഞാൻ പിന്നെയും അലറിക്കരഞ്ഞു.
മുതുകിലെ വെന്ത മാംസത്തിൽ വന്ന് വീണുചിതറുന്ന മഴത്തുള്ളികളുടെ സാന്ത്വനത്തിനും അടക്കാനാവാത്ത വിധത്തിൽ ഞാൻ തീർത്തും പരിക്ഷീണനായിക്കഴിഞ്ഞിരുന്നു.
ആ മരണപ്പാച്ചിലിൽ ഞാനോടിക്കയറിയത് കുങ്കിയാനളെ തളച്ചിരുന്ന മൈതാനത്തിലേക്കായിരുന്നു. സംഹാര മൂർത്തിയായി അലറിയടുക്കുന്ന എന്റെ വിശ്വരൂപം കണ്ട മാത്രയിൽ അവിടെ തമ്പടിച്ചിരുന്ന മനുഷ്യർ തലങ്ങും വിലങ്ങും നിലവിളിച്ചോടി. എന്നോളം അല്ലെങ്കിൽ എന്നേക്കാൾ തലയെടുപ്പുള്ള നാല് കുങ്കികളെയാണ് ഞാനവിടെ കണ്ടത്. യമദൂതനെന്നോണം പാഞ്ഞടുക്കുന്ന എന്നെക്കണ്ട് അവറ്റകൾ താന്താങ്ങളുടെ ചങ്ങലപ്പൂട്ടുകൾക്കുള്ളിൽ കുടുങ്ങി സംഭ്രാന്തരാകുന്ന കാഴ്ച ഉള്ളെരിയുന്ന നീറ്റലിലും എനിക്ക് ക്രൂരമായ സംതൃപ്തിയാണ് പകർന്നുനൽകിയത്. മൃത്യു ദർശനത്തിൽ ഭയന്ന് പുറത്തേക്കുന്തി ഘനീഭവിച്ച കുറെ കണ്ണുകളും മരവിച്ചുപോയ പേശികളിൽ നിന്നും വിടുതൽ വാങ്ങി നിലത്താകെ പടർന്നു ചിതറിയ വിസർജ്യങ്ങളും ഞാൻ കാണുന്നുണ്ടായിരുന്നു. പാപത്തിനുള്ള ശമ്പളം മരണം തന്നെയാണ്!
ഉള്ളിൽ നിറഞ്ഞു കവിയുന്ന പ്രതികാരത്തിന്റെ കാളകൂടം പുറത്തേക്ക് ചീറ്റാൻ വെമ്പുന്നത് ഞാനറിഞ്ഞു കൊണ്ടിരുന്നു. കലിയടങ്ങാതെ വിറപൂണ്ട കൊമ്പുകൾ ആ കരിവീരന്മാരുടെ നെഞ്ചകം തുരന്ന് ആഴത്തിലാഴത്തിലേക്ക് കുത്തിയിറക്കാൻ ഞാൻ കൊതിച്ചു. അതിനായി മുന്നോട്ടാഞ്ഞ ഒരു നിമിഷം! അതേ ഓർമയുള്ളൂ! സ്വന്തം ശരീരത്തിന്റെ ഭാരം താങ്ങാനാകാതെ കാലുകളിടറി ഞാൻ മൂക്കുകുത്തി. നടകളും അമരങ്ങളും1 ചേമ്പിൻ തണ്ടുകൾ പോലെ വാടിത്തളർന്നിരിക്കുന്നു. കണ്ണുകളിലെ ഇത്തിരിക്കാഴ്ചയിൽ ആരോ മൂടുപടം വലിച്ചിടുന്ന മാതിരി. ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത ഒരു തളർച്ച രക്തധമനികളിലൂടെ ശരീരമാസകലം പടരുന്നു!
നടകൾ മടങ്ങി മുട്ടുകുത്തി നിലത്തേക്ക് ഞാനമർന്നിരുന്നു. എന്റെ ഹസ്തി ദന്തങ്ങളുടെ കരുത്ത് മഴ കുതിർത്ത മേൽമണ്ണു തുളച്ച് ഒരടിക്കുമേൽ ആഴത്തിൽ തുളഞ്ഞു കയറുന്നത് ഞാനറിഞ്ഞു. ദുസ്സഹമായ വേദന കടിച്ചമർത്തി നിലത്തേക്ക് പതിഞ്ഞിരുന്നപ്പോൾ മുട്ടുകളിലമർന്ന പന്ത്രണ്ടായിരം റാത്തലിനുമേൽ വരുന്ന ഭാരത്തിൽ നെഞ്ചകം ഞെരിഞ്ഞ് വാരിയെല്ലുകൾ ചിലത് ഒടിയുന്ന ശബ്ദം എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു. ഞാനെന്റെ അമ്മയെ ഓർത്തുപോയി. അന്നവിടെ കുന്നിൻ ചരുവിൽ മുട്ടുകുത്തുമ്പോൾ എന്നെ ഉറ്റുനോക്കിയ ആ കണ്ണുകളിൽ നിഴലിച്ചിരുന്ന വികാരങ്ങൾക്ക് ഞാൻ കരുതിയിരുന്നതിലുമേറെ അർഥങ്ങൾ ഉണ്ടായിരുന്നോ?
കൊമ്പുകൾ കൊണ്ടു തീർത്ത ചാലിൽനിന്നും ഉയർത്തിയെടുത്ത മണ്ണ്2 കുടഞ്ഞെറിയാൻ ശ്രമിച്ചപ്പോൾ ശ്വാസം കഴിക്കാൻ പോലും പറ്റാതെ എന്റെ മസ്തകം വീണ്ടും താഴ്ന്നു പോയി. എന്നിരുന്നാലും ആ മണ്ണ് ചുറ്റിനും ചിതറി വീഴുന്നതും കാലം പോകെ അവിടങ്ങളിലാകെ വൃക്ഷത്തലപ്പുകൾ തഴയ്ക്കുന്നതും ഞങ്ങളൊന്നാകെ ലാവണത്തിലേക്ക് തിരികെയെത്തുന്നതും ഒരു സ്വപ്നത്തിലെന്നോണം ഞാൻ കണ്ടു!
ഓടിയെത്തിയ മനുഷ്യർ എന്നെ വളഞ്ഞ് ആർക്കുന്നതിന്റെയും ഒപ്പം വണ്ടികൾ ഇരമ്പുന്നതിന്റേയും ശബ്ദങ്ങൾ എന്റെ ശ്രവണപുടങ്ങളിൽ ഇടകലർന്നു. അതിനിടയിലും കുങ്കികൾക്കുള്ള ആജ്ഞകൾ എനിക്ക് വേറിട്ട് കേൾക്കാമായിരുന്നു!
(അവസാനിച്ചു.)
1.കെട്ടിയഴിപ്പ്:- പുതിയ പാപ്പാന്മാർ നാട്ടാനകളെ ചട്ടം വരുത്താനായി ചൂരൽ കൊണ്ടടിച്ചും പട്ടിണിക്കിട്ടും വാട്ടിയെടുത്ത ശേഷം കെട്ടിയും അഴിച്ചും പരുവപ്പെടുത്തിയെടുക്കുന്ന രീതി.
2.ചാലുകുത്തൽ:- കൊമ്പനാനകളുടെ കൊമ്പുകൊണ്ട് ശിവക്ഷേത്ര വളപ്പുകളിൽ നിന്നും കുത്തിയെടുക്കുന്ന മണ്ണ് സൂക്ഷിക്കുന്നതും വിതറുന്നതും വീടിനും കൃഷിയിടങ്ങൾക്കും ഐശ്വര്യവും സമ്പദ് സമൃദ്ധിയും നൽകുമെന്നാണ് വിശ്വാസം.