അഡ്വ. വി.കെ. സന്തോഷ് കുമാർ സി.പി.ഐ കോട്ടയം ജില്ല സെക്രട്ടറി
text_fieldsഅഡ്വ. വി.കെ. സന്തോഷ് കുമാർ
വൈക്കം: സി.പി.ഐ കോട്ടയം ജില്ല സെക്രട്ടറിയായി അഡ്വ. വി.കെ. സന്തോഷ് കുമാറിനെ തെരഞ്ഞെടുത്തു. രണ്ട് ദിവസമായി വൈക്കത്ത് നടന്ന ജില്ല സമ്മേളനം ഏകകണ്ഠമായാണ് പുതിയ സെക്രട്ടറിയെ തീരുമാനിച്ചത്. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി പദവിയിൽ നിന്നുമാണ് വി.കെ. സന്തോഷ് കുമാർ ജില്ല സെക്രട്ടറി പദത്തിൽ എത്തുന്നത്. ഏറെക്കാലം പാർട്ടി ജില്ല അസിസ്റ്റന്‍റ് സെക്രട്ടറിയായും പാർട്ടി സംസ്ഥാന കൗൺസിൽ അംഗമായുമുള്ള പ്രവർത്തന പരിചയം പുതിയ പദവിയിൽ അദ്ദേഹത്തിന് മുതൽക്കൂട്ടാവും. നിലവിൽ സംസ്ഥാന മിനിമം വേജ് ബോർഡ് അഡ്വൈസറി മെമ്പറാണ്.
1978ൽ പ്ലാശനാൽ സെന്‍റ് ആന്‍റണീസ് ഹൈസ്കൂളിൽ എ.ഐ.എസ്.എഫ് യൂനിറ്റ് സെക്രട്ടറിയായാണ് വി.കെ. സന്തോഷ് കുമാർ സംഘടന പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്. തുടർന്ന് എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറിയായി. നിരവധി വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാൻ ഈ കാലയളവിൽ അദ്ദേഹത്തിനായി. സമരപരമ്പരകളിൽ പൊലീസ് മർദനം അടക്കം ഏൽക്കേണ്ടി വന്നു.
തൊഴിൽ അല്ലെങ്കിൽ ജയിൽ എന്ന മുദ്രാവാക്യം ഉയർത്തി എ.ഐ.വൈ.എഫ് നടത്തിയ സമരത്തിൽ മുന്നണി പോരാളി ആയിരുന്നു. ജില്ലയിലെ യുവജന പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ച് എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചു.
ചെറുപ്പത്തിൽ തന്നെ പാർട്ടി സംഘടന രംഗത്തേക്കും സന്തോഷ് കുമാർ കടന്നു വന്നു. പാലാ, പൂഞ്ഞാർ മണ്ഡലങ്ങളും കടുത്തുരുത്തി പഞ്ചായത്തിലെ ചില പഞ്ചായത്തുകളും ഉൾപ്പെടെയുള്ള പാർട്ടി മീനച്ചിൽ താലൂക്ക് കമ്മറ്റിയുടെ അസിസ്റ്റന്‍റ് സെക്രട്ടറിയായി. 14 വർഷം സി.പി.ഐ പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ സെക്രട്ടറിയായിരുന്നു. പിന്നീട് 10 വർഷക്കാലം പാർട്ടി ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറിയായി പ്രവർത്തിച്ചു. നിലവിൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗമാണ്.
ട്രേഡ് യൂനിയൻ രംഗത്ത് നിറസാന്നിധ്യമാണ് സന്തോഷ് കുമാർ. നിലവിൽ എ.ഐ.ടി.യു.സി ജില്ല സെക്രട്ടറിയും ദേശീയ കൗൺസിൽ അംഗവും ആണ്. മീനച്ചിൽ താലൂക്ക് ചെത്ത് തൊഴിലാളി യൂനിയൻ പ്രസിഡന്‍റ്, മീനച്ചിൽ മദ്യവ്യവസായ തൊഴിലാളി യൂണിയൻ പ്രസിഡന്‍റ്, സപ്ലൈകോ എംപ്ലോയീസ് യൂനിയൻ ജില്ല പ്രസിഡന്‍റ്, ചുമട്ടുതൊഴിലാളി യൂനയൻ, നിർമാണ തൊഴിലാളി യൂനിയൻ, മദ്യവ്യവസായ തൊഴിലാളി ഫെഡറേഷൻ തുടങ്ങിയ നിരവധി ട്രേഡ് യൂനിയനുകളുടെ ഭാരവാഹിയാണ്.
പൂഞ്ഞാറിലെ ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന വി.എസ്. കുട്ടപ്പന്‍റെയും ടി.കെ. പൊന്നമ്മയുടെയും മകനായ തിരുവനന്തപുരം ലോ അക്കാഡമി ലോ കോളജിൽ നിന്നാണ് നിയമബിരുദം പൂർത്തിയാക്കിയത്. ഭാര്യ: ശ്രീദേവി. മക്കൾ: വിദ്യാർഥികളായ ജീവൻ, ജീവ.