പട പാർട്ടിയിലേക്കും, പിണറായിയെ തിരുത്തി ടി.പി; ഉപനേതൃപദവിയിൽ ചർച്ച തുടരുമെന്ന് എൽ.ഡി.എഫ് കൺവീനർ
text_fieldsതിരുവനന്തപുരം: ഉപനേതൃപദവിയിൽ ഇനി ചർച്ചയില്ലെന്നും താൻ ഒരു കത്ത് കൊടുക്കേണ്ട കാര്യമേയുള്ളൂവെന്നും പ്രഖ്യാപിച്ച പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ തീർപ്പിനെ തള്ളി ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ.
സി.പി.ഐ ഉന്നയിച്ച ആവശ്യത്തിൽ ചർച്ചയിലൂടെ പരിഹാരം കാണാൻ ശ്രമം തുടരുകയാണെന്നും മുന്നണി എന്ന നിലയിൽ എല്ലാ ഘടകകക്ഷികളെയും യോജിപ്പിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നുമുള്ള രാമകൃഷ്ണന്റെ പരാമർശം പിണറായിക്കുള്ള പരോക്ഷ തിരുത്തുകൂടിയാണ്.
പ്രതിപക്ഷ നേതാവ് പഴയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പറഞ്ഞകാര്യമാണെന്ന് കൂടി കൂട്ടിച്ചേർത്തതോടെ താൻ പറയുന്നതാണ് പാർട്ടിയുടെയും മുന്നണിയുടെയും നിലപാട് എന്ന ധ്വനി കൂടി ടി.പിയുടെ വാക്കുകളിൽ പ്രകടം. ചർച്ചകൾ തുടരുന്നതിനിടെ ഏകപക്ഷീയമായി നിലപാട് പ്രഖ്യാപിച്ച പിണറായിയുടെ നിലപാടിൽ കടുത്ത അമർഷമുള്ള സി.പി.ഐ, ടി.പി. രാമകൃഷ്ണന്റെ പരാമർശങ്ങളെ സ്വാഗതം ചെയ്ത് രംഗത്തെത്തി.
കൺവീനറുടെ പ്രസ്താവനയെ പൂർണ മനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കിയ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിഷയം അടഞ്ഞ അധ്യായമാണെന്നും ഒരു തുണ്ട് പേപ്പർ എഴുതിക്കൊടുത്താൽ എല്ലാം തീർന്നുവെന്നുമുള്ള ചിന്ത സി.പി.ഐക്കില്ലെന്ന് പിണറായിയെ കുത്തുകയും ചെയ്തു. ഉപനേതൃപദവിയെ ചൊല്ലി കേരളത്തിൽ പരിധിവിട്ട് തുടരുന്ന രാഷ്ട്രീയ പോർവിളികളിലും ഏകപക്ഷീയ പരാമർശങ്ങളിലും സി.പി.എം ദേശീയ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.
പിണറായി വിജയന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ദേശീയ നേതൃത്വത്തിന്റെ ഇടപെടലാണ് മുന്നണി കൺവീനറുടെ നയതന്ത്ര സ്വഭാവത്തിലുള്ള ചുവടുമാറ്റത്തിന് കാരണമെന്നാണ് വിലയിരുത്തൽ. സി.പി.ഐയുമായി അനുനയത്തിൽ നീങ്ങണമെന്ന നിലപാട് സി.പി.എമ്മിനുള്ളിൽ തന്നെ ഒരു വിഭാഗത്തിനുണ്ട്.


