ജെൻസി : തെറ്റിദ്ധാരണകളും യാഥാർത്ഥ്യങ്ങളും
text_fieldsറോബി റോഷൻ സാം, ജുബൈൽ
ഇന്നത്തെ കാലത്തെ കുട്ടികളെക്കുറിച്ച് നമുക്ക് പരാതികൾ ഏറെയാണ്. അവർക്ക് അനുസരണയില്ല, ക്ഷമയില്ല, എപ്പോഴും മൊബൈൽ ഫോണിലാണ്, ആരോടും ആത്മാർത്ഥതയില്ല എന്നൊക്കെ നാം കുറ്റപ്പെടുത്തുന്നു. എന്നാൽ, നമ്മൾ അവരെ എപ്പോഴെങ്കിലും ശരിയായ രീതിയിൽ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ?
സത്യത്തിൽ, നമ്മളെക്കാൾ ബുദ്ധിയും ചിന്താവ്യക്തതയുമുള്ള തലമുറയാണ് ജെൻ സി . മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി അഭിനയിക്കാൻ അവർക്കറിയില്ല. ഇഷ്ടമുള്ള കാര്യങ്ങൾ തുറന്നുപറയുന്ന അവരുടെ സത്യസന്ധതയെയാണ് നമ്മൾ പലപ്പോഴും ധിക്കാരമായി തെറ്റിദ്ധരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ കാണുന്ന ലഹരിയുടെയും പണക്കൊഴുപ്പിന്റെയും പൊങ്ങച്ചങ്ങൾ കണ്ട്, ഇതാണ് യഥാർത്ഥ ലോകമെന്ന് ചില കുട്ടികളെങ്കിലും തെറ്റിദ്ധരിക്കുന്നുണ്ട്. പെട്ടെന്ന് പ്രശസ്തരാകാൻ ശ്രമിക്കുന്നതിനിടയിൽ സ്വന്തം സ്വഭാവമഹിമ അവർക്ക് നഷ്ടമാകുന്നു.
ഒരു കുട്ടിയുടെ പരീക്ഷാ മാർക്കിന് നാം നൽകുന്ന പരിഗണന, അവന്റെ നല്ല സ്വഭാവത്തിന് നൽകാത്തതും ഇതിനൊരു പ്രധാന കാരണമാണ്. പല വീടുകളിലും മാതാപിതാക്കൾ തമ്മിലുള്ള കലഹവും അരക്ഷിതാവസ്ഥയും കാരണം കുട്ടികളെ കേൾക്കാൻ ആരുമില്ലാത്ത അവസ്ഥയുണ്ട്. മക്കൾക്കായി വലിയ വീടും വിലകൂടിയ ഫോണും വാങ്ങിക്കൊടുക്കുന്ന നമ്മൾ, അവർക്ക് നൽകാൻ മറന്നുപോകുന്നത് നമ്മുടെ വിലപ്പെട്ട സമയം മാത്രമാണ്. വീട്ടിൽ നിന്ന് സ്നേഹവും പരിഗണനയും ലഭിക്കാതെ വരുമ്പോഴാണ് അവർ പുറത്തുള്ള ചതിക്കുഴികളിൽ വീണുപോകുന്നത്. ഇന്ന് കുട്ടികളിൽ കാണുന്ന ലഹരി ഉപയോഗവും വിഷാദവുമെല്ലാം ഉള്ളിലെ ഒറ്റപ്പെടലിന്റെ ലക്ഷണങ്ങളാണ്.
പരീക്ഷയിലെ പരാജയമോ പ്രണയനഷ്ടമോ ഉണ്ടാകുമ്പോൾ അതാണ് ജീവിതത്തിന്റെ അവസാനമെന്ന് അവർ കരുതുന്നു. കാരണം, തോൽവിയും ജീവിതത്തിന്റെ ഭാഗമാണെന്ന് നമ്മൾ അവരെ പഠിപ്പിച്ചിട്ടില്ല. പകരം, മറ്റുള്ളവരുമായി താരതമ്യം ചെയ്ത് നമ്മൾ അവരെ കൂടുതൽ തോൽപ്പിക്കുകയാണ് ചെയ്യുന്നത്. ആ ഭയം താങ്ങാനാകാതെ വരുമ്പോഴാണ് പലരും ജീവിതം തന്നെ അവസാനിപ്പിക്കാൻ തുനിയുന്നത്.
ഈ കുട്ടികൾക്ക് നമ്മുടെ ഉപദേശങ്ങളോ കുറ്റപ്പെടുത്തലുകളോ അല്ല വേണ്ടത്; അവരെ കേൾക്കാനുള്ള ഒരു മനസ്സാണ് പ്രധാനം. പേടിയില്ലാതെ എന്തും തുറന്നുപറയാൻ കഴിയുന്ന ഒരന്തരീക്ഷം വീട്ടിൽ ഉണ്ടാകണം.
മാറ്റം മാതാപിതാക്കളിൽ നിന്നാണ് തുടങ്ങേണ്ടത്. കുട്ടികളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണം. അവരുടെ ഇഷ്ടങ്ങളും അഭിരുചികളും മനസ്സിലാക്കി, അതിനനുസരിച്ച് പഠിക്കാനും വളരാനുമുള്ള സ്വാതന്ത്ര്യം നൽകണം.
‘ജെൻസി’ വഷളായ ഒരു തലമുറയല്ല; മറിച്ച്, സ്നേഹവും സത്യസന്ധതയും കൊതിക്കുന്ന, എപ്പോഴും ശക്തരായിരിക്കാൻ നിർബന്ധിതരായി ഒടുവിൽ തളർന്നുപോയവരാണ് അവർ. അവരെ മാറ്റിനിർത്താതെ, അവരുടെ രീതിയിലേക്ക് നമുക്കൊന്ന് ഇറങ്ങിച്ചെല്ലാം; അവരെ ചേർത്തുപിടിക്കാം.


