റിയാദ് തെരുവിലലഞ്ഞ രാജാമണി സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലിൽ നാടണഞ്ഞു
text_fieldsറിയാദ്: രോഗവും മാനസിക അസ്വാസ്ഥ്യവും മൂലം റിയാദിലെ തെരുവുകളിൽ അലഞ്ഞുനടന്ന വയനാട് മേപ്പാടി സ്വദേശി രാജാമണി രവികുമാർ നാടണഞ്ഞു.വയനാട് സ്വദേശിയും ചെന്നൈയിൽ താമസക്കാരനുമായിരുന്ന രാജാമണി മൂന്ന് മാസം മുമ്പാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിലെത്തിയത്.എന്നാൽ, രോഗ ബാധയെത്തുടർന്ന് ജോലി നഷ്ടപ്പെട്ടതോടെ ജീവിതം പ്രതിസന്ധിയിലായി.
സമനില തെറ്റി നഗരത്തിലെ തെരുവുകളിലൂടെ അലഞ്ഞു നടന്ന രാജാമണിയെ പൊലീസ് പിടികൂടി. തുടർന്ന് അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയിൽ പ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നൽകി. ആരോഗ്യനില മെച്ചപ്പെട്ടതോടെ ആശുപത്രി യിൽനിന്ന് വിട്ടയച്ചു. ഇതിനിടെ , നാട്ടിൽ നിന്ന് രാജാ മണിയെ കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വയനാട്ടിലെ അദ്ദേഹത്തിന്റെ അയൽവാസിയായ സമദ് അന്വേഷണം നടത്തിവരികയായിരുന്നു.
റിയാദിലെ എക്സിറ്റ് 16-ൽ വഫ ഹൈപ്പർ മാർക്കറ്റിന് സമീപം ഒരു മലയാളി സമനില തെറ്റി അലഞ്ഞു നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സമദ് അവിടെ എത്തുകയും ആളെ തിരിച്ചറിയുകയും ചെയ്തു. ഈ അവസ്ഥയിൽ രാജമണിയെ എന്ത് ചെയ്യും എന്നറിയാതെ സമദ് സാമൂഹ്യ പ്രവർത്തകൻ ഷിഹാബ് കൊട്ടുകാടിനെ ബന്ധപ്പെട്ടു.
ഷിഹാബ് ഉടൻ വിഷയത്തിൽ ഇടപെടുകയും ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുകയും ചെയ്തു.അതെ സമയം തന്നെ ഷിഹാബ് ഇന്ത്യൻ എംബസിയിൽ ഇക്കാര്യം അറിയിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സഹായത്തോടെ യാത്രക്കാവശ്യമായ നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്തു.റിയാദിൽനിന്ന് നേരിട്ട് വിമാന സർവീസ് ലഭ്യമല്ലാതിരുന്നതിനാൽ ആദ്യം രാജാമണിക്ക് ബഹ്റൈനിലേക്ക് യാത്ര ചെയ്യാനുള്ള വിസയെടുത്തു. ചികിത്സ ലഭിച്ചതിനെ തുടർന്ന് നേരിയ ആശ്വാസമുണ്ടായിരുന്ന രാജമാണിയെ ബസ്സിൽ ബഹ്റൈനിലേക്ക് എത്തിച്ചു.
ബഹ്റൈനിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ രാജമണി കോഴിക്കോട്ടെത്തി. വിമാനത്താവളത്തിൽ രാജാമണിയെ കാത്ത് ഭാര്യയും മക്കളും ഉണ്ടായിരുന്നു. പ്രിയപ്പെട്ടവനെക്കുറിച്ച് ആശങ്കപ്പെട്ടിരുന്ന കുടുംബത്തിന് ആ തിരിച്ചുവരവ് വലിയ ആശ്വാസമായി. വിമാനത്താവളത്തിലെ കൂടിക്കാഴ്ചക്ക് ശേഷം കുടുംബത്തോടൊപ്പം ചെന്നൈയിലേക്ക് യാത്ര തിരിച്ചു.


