അറബ് സ്നേഹം കേരളത്തിലും; തൊഴിലാളി സംഗമത്തിൽ അതിഥിയായി സൗദി പൗരൻ
text_fieldsമലപ്പുറം മങ്കടയിൽ സംഘടിപ്പിച്ച താസാൻ സംഗമത്തിൽ പങ്കെടുത്തവർ
ജിദ്ദ / മലപ്പുറം: ജിദ്ദയിൽ ഒരേ കമ്പനിക്ക് കീഴിൽ വർഷങ്ങളോളം ഒരുമിച്ച് ജോലി ചെയ്ത മലപ്പുറത്തെ മുൻ പ്രവാസികളുടെ കൂട്ടായ്മയായ 'അൽ താസാൻ സംഗമ' ത്തിന് ഇത്തവണ ഇരട്ടി മധുരമേകി പ്രിയപ്പെട്ട കമ്പനി ഉടമ അബ്ദുല്ല സ്വാലിഹ് താസാൻ അതിഥിയായെത്തി. മലപ്പുറം ജില്ലയിലെ മങ്കടയിൽ നടന്ന താസാൻ കമ്പനിയിലെ പഴയ മലയാളി ജീവനക്കാരുടെ 12-ാമത് ഒത്തുകൂടലിലാണ്, പ്രവാസലോകത്തെ നിലവിലെ പ്രതിസന്ധികൾ പോലും അവഗണിച്ച് സൗദി അറേബ്യയിൽ നിന്ന് അബ്ദുല്ല സ്വാലിഹ് താസാൻ നേരിട്ടെത്തിയത്.
തങ്ങളെ എന്നും താങ്ങിനിർത്തിയ തൊഴിലുടമയെ വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടിൽ വെച്ച് വീണ്ടും കാണാനും സ്നേഹം പങ്കിടാനും കഴിഞ്ഞതിന്റെ ഹൃദ്യമായ ചാരിതാർഥ്യത്തിലായിരുന്നു കൂട്ടായ്മയിലെ ഓരോ അംഗങ്ങളും.
1980-ൽ മലപ്പുറം സ്വദേശിയായ കൊരമ്പ കുഞ്ഞു എന്ന വ്യക്തിയാണ് ജിദ്ദയിലെ അൽ താസാൻ കമ്പനിയിൽ ആദ്യമായി ജോലിക്ക് ചേരുന്നത്. പിന്നീട് അദ്ദേഹം വഴി നൂറിലധികം മലയാളികളാണ് ഈ കമ്പനിയുടെ വിവിധ സ്ഥാപനങ്ങളിലായി ജോലിക്കെത്തിയത്. പതിറ്റാണ്ടുകളോളം കമ്പനിയുടെ വളർച്ചയിൽ പങ്കാളികളായ ഇവരിൽ ഭൂരിഭാഗവും പിന്നീട് ബിസിനസ് പുനഃക്രമീകരണങ്ങളെത്തുടർന്നും വ്യക്തിപരമായ കാരണങ്ങളാലും പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
താസാൻ സംഗമത്തിൽ അബ്ദുല്ല സ്വാലിഹ് താസാന് മൊമെന്റോ നൽകുന്നു
നിലവിൽ ഈ കമ്പനിയിൽ മലയാളികളായി വളരെ കുറച്ചുപേർ മാത്രമാണുള്ളത്. മൂന്നര പതിറ്റാണ്ടിലേറെയായി ഇപ്പോഴും താസാനിൽ തുടരുന്ന മലപ്പുറം കൊടക്കല്ല് സ്വദേശി അബ്ദുറഹ്മാൻ എന്ന കുഞ്ഞിമോൻ ആണ് ഈ ദീർഘകാല സൗഹൃദത്തിന്റെ ശേഷിക്കുന്ന അടയാളം.
പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയ കുഞ്ഞിമോനെ അബ്ദുല്ല സ്വാലിഹ് താസാൻ നിർബന്ധപൂർവ്വം തിരികെ വിളിക്കുകയായിരുന്നു. മലയാളി സമൂഹത്തോട് ഈ സൗദി കുടുംബം പുലർത്തുന്ന ഹൃദ്യമായ ബന്ധത്തിന്റെയും സ്നേഹമസൃണമായ പെരുമാറ്റത്തിന്റെയും സാക്ഷ്യം കൂടിയാണ് കുഞ്ഞിമോന്റെ സന്തുഷ്ടകരമായ ഇപ്പോഴത്തെ പ്രവാസം.
അബ്ദുല്ല സ്വാലിഹ് താസാൻ
മലപ്പുറം മങ്കടയിൽ നടന്ന പ്രവാസലോകത്തെ പഴയകാല ഓർമകൾ പുതുക്കിയ പരിപാടിയിൽ വെച്ച് തന്റെ മുൻ ജീവനക്കാരുമായി നേരിട്ട് സംവദിക്കാനും അവർക്ക് ഉപഹാരങ്ങൾ കൈമാറാനും കമ്പനി ഉടമ സമയം കണ്ടെത്തി.
മലയാളികളുടെ ഊഷ്മളമായ വരവേൽപ്പും ആദരസൂചകമായ മൊമെന്റോയും ഏറ്റുവാങ്ങിയ ശേഷമാണ് അബ്ദുല്ല സ്വാലിഹ് താസാൻ സൗദിയിലേക്ക് മടങ്ങിയത്. കാലവും ദൂരവും അതിരുകളും മായ്ച്ചുകളഞ്ഞ മാനുഷിക ബന്ധങ്ങളുടെയും വിശ്വസ്തതയുടെയും പരസ്പര ബഹുമാനത്തിന്റെയും നേർക്കാഴ്ചയായി മാറി, സൗദി പൗരൻ്റെ സാന്നിധ്യം കൊണ്ട് ധന്യമായ ഈ തൊഴിലാളി സംഗമം.


