പ്രവാസമണ്ണിൽ കടപ്പുറത്തിന്‍റെ കായികോത്സവം; ചോപ്പൻസ് ചാമ്പ്യന്മാർ
text_fieldsകെ.എഫ്.എൽ 2026 ചാമ്പ്യന്മാരായ ചോപ്പൻസ് എഫ്.സി ടീമിന് കെ.എം.സി.സി ഗുരുവായൂർ മണ്ഡലം സെക്രട്ടറി വി.എം. അക്ബർ ട്രോഫി സമ്മാനിക്കുന്നു
ദുബൈ: ദുബൈ കെ.എം.സി.സി കടപ്പുറം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കെ.എഫ്.എൽ 2026 (കടപ്പുറം ഫുട്ബാൾ ലീഗ്) ആവേശകരമായ മത്സരങ്ങളോടെ സമാപിച്ചു. ദുബൈ അബുഹൈലിലെ അമാന സ്പോർട്സ് ബൈ സ്റ്റേഡിയത്തിൽ രാത്രി ഒമ്പത് മണിക്ക് ആരംഭിച്ച ടൂർണമെന്‍റ് പുലർച്ചെ നാലുമണിയോടെയാണ് സമാപിച്ചത്.
യു.എ.ഇയിലെ കടപ്പുറം പഞ്ചായത്തിൽ നിന്നുള്ള പ്രമുഖ പത്ത് ക്ലബുകൾ അണിനിരന്ന ടൂർണമെന്‍റിൽ നാടിന്‍റെ അതേ കായികവീര്യവും ആവേശവും പ്രവാസമണ്ണിലും പുനരാവിഷ്കരിക്കാൻ സംഘാടകർക്കായി. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ നടന്ന ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഗ്രാമവേദിയെ പരാജയപ്പെടുത്തി ചോപ്പൻസ് എഫ്.സി ചാമ്പ്യന്മാരായി. അവസാന വിസിൽ മുഴങ്ങുന്നതുവരെ ആവേശം നിറഞ്ഞുനിന്ന ടൂർണമെന്‍റ് കടപ്പുറത്തിന്‍റെ കായികസ്നേഹത്തിന്റെയും പ്രവാസി കൂട്ടായ്മയുടെയും സാക്ഷ്യമായി.
ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി സമദ് ചാമക്കാല ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. യൂസുഫ് ഭായ് മുഖ്യാതിഥിയായിരുന്നു. ജില്ല പ്രസിഡന്‍റ് ജമാൽ മനയത്ത്, ട്രഷറർ ബഷീർ വരാവൂർ, ജില്ല ഭാരവാഹികളായ നൗഫൽ പുത്തൻപുരയിൽ, അഷ്‌റഫ് കൊടുങ്ങല്ലൂർ, ഷമീർ പടിക്കത്ത്, ഷമീർ നാട്ടിക, അജ്മാൻ കെ.എം.സി.സി മുൻ സംസ്ഥാന പ്രസിഡന്‍റ് സലാം വലപ്പാട്ട്, ഹംസ ഫേമസ് ഗ്രുപ്പ്, പി.സി. അല്യേമുണ്ണി എന്നിവർ സംസാരിച്ചു. വി.എം. അക്ബർ, സി.എം. ശരീഫ്, റിഷാം റമളാൻ, നൗഫൽ പുത്തൻപുരയിൽ, സി.എം. ഷറഫുദ്ദീൻ, അനസ് വട്ടേകാട്, കോയമോൻ വട്ടേകാട്, ജമാൽ വട്ടേകാട്, അഞ്ജീത്, പി.എച്ച്. അബ്ദുൽ കലാം, ഫൈസൽ കടവിൽ, കെ.എസ്. നഹാസ് തുടങ്ങിയവർ നേതൃത്വം നൽകി.


