ചൂടാകുമെന്ന പേടി വേണ്ട...
text_fieldsപ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ കെ13 ടര്‍ബോ സീരീസ് ഓഗസ്റ്റ് 11ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ സീരീസിന് കീഴില്‍ രണ്ടു മോഡലുകളാണ് അവതരിപ്പിച്ചത്. കെ13 ടര്‍ബോയും കെ13 ടര്‍ബോ പ്രോയുമാണ് ഈ രണ്ടു പുതിയ ഫോണുകള്‍. കെ13 ടര്‍ബോയുടെ ഏറ്റവും വലിയ പ്രേത്യേകത എന്ന് പറയുന്നത് ഇന്‍ബില്‍റ്റ് കൂളിങ് ഫാന്‍ സാങ്കേതികവിദ്യയാണ്. ഇന്ത്യന്‍ ഫോണുകളില്‍ ആദ്യമായാണ് ഈ സാങ്കേതികവിദ്യ എന്ന് ഓപ്പോ അവകാശപ്പെടുന്നു.
ഗെയിമുകള്‍ കളിക്കുകയോ സണ്‍ലൈറ്റില്‍ നേരിട്ട് ഫോണ്‍ ഉപയോഗിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളില്‍ പോലും ഇന്‍ബില്‍റ്റ് ഫാന്‍ സാങ്കേതികവിദ്യ ദ്രുതഗതിയിലുള്ള താപ വിസര്‍ജ്ജനത്തിനും രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറയുന്നതിനും കാരണമാകുമെന്നും കമ്പനി അവകാശപ്പെടുന്നു. അതുപോലെ ഓപ്പോ കെ13 ടര്‍ബോ പ്രോയില്‍ ടര്‍ബോ ബ്രീത്തിങ് ലൈറ്റ് ഉണ്ടാകുമെന്ന് ഓപ്പോ സ്ഥിരീകരിച്ചു. ഇതില്‍ ക്യാമറ ഐലന്‍ഡിന് ചുറ്റും രണ്ട് മിസ്റ്റ് ഷാഡോ എല്‍ഇഡികളും എട്ട് നിറങ്ങളിലുള്ള ആര്‍ജിബി ലൈറ്റിങും കാണപ്പെടും. അതേസമയം, കെ13 ടര്‍ബോയ്ക്ക് ടാക്റ്റിക്കല്‍ എഡ്ജിന് ചുറ്റും ടര്‍ബോ ലുമിനസ് റിങ് ഉണ്ടായിരിക്കും. അത് അള്‍ട്രാ വയലറ്റ് അല്ലെങ്കില്‍ പ്രകൃതിദത്ത വെളിച്ചത്തിന് വിധേയമാകുമ്പോള്‍ ഇരുട്ടില്‍ മൃദുവായ ഫ്ളൂറസെന്‍റ് പ്രകാശം പുറപ്പെടുവിക്കും. സില്‍വര്‍ നൈറ്റ്, പര്‍പ്പിള്‍ ഫാന്‍റം, മിഡ്നൈറ്റ് മാവെറിക് ഷീന്‍സ് എന്നി കളര്‍ വേരിയന്‍റുകളില്‍ കെ 13 ടര്‍ബോ പ്രോ ലഭ്യമാകും. കെ13 ടര്‍ബോയ്ക്ക് വൈറ്റ് നൈറ്റ് വേരിയന്‍റും ഉണ്ടായിരിക്കും. 18000 rpm വരെ കറങ്ങുന്ന ഇന്‍ബില്‍റ്റ് കൂളിങ് ഫാനാണ് ഫോണിന്‍റെ പ്രത്യേകത. താപനില നിയന്ത്രിക്കുന്നതിനായാണ് ഈ സാങ്കേതികവിദ്യ.
120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും 1600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസ്സും കൂടാതെ 6.8 ഇഞ്ച് 1.5K ഫ്‌ലാറ്റ് OLED ഡിസ്പ്ലേയാണ് ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇവക്ക് IPX8, IPX9 വാട്ടര്‍ റെസിസ്റ്റന്‍സ് റേറ്റിങ്ങും ഇന്‍ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്‍റ് സെന്‍സറും ഉണ്ട്. 0 W SuperVOOC വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിങ് സൗകര്യമുള്ള 7000 mAh ബാറ്ററിയാണ് ഇവയ്ക്കുള്ളത്. കെ 13 ടര്‍ബോ പ്രോയ്ക്ക് കരുത്ത് പകരുന്നത് സ്‌നാപ്ഡ്രാഗണ്‍ 8s ജെന്‍ 4 പ്രോസസറാണ്. രണ്ടു ഫോണുകളിലും 50 എംപി പ്രൈമറി സെന്‍സറും 8 എംപി ഡെപ്ത് സെന്‍സറും ഉണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 16 എംപി ഷൂട്ടര്‍ മുന്‍വശത്തുണ്ട്. ഇന്ത്യയില്‍ ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള FuntouchOS 15ലാണ് ഇവ പ്രവര്‍ത്തിക്കുക.