കോഫി കുടിക്കാനാളില്ല; വില കുറക്കാനൊരുങ്ങി സ്റ്റാർബക്സ്
text_fieldsമുംബൈ: സ്റ്റാർബക്സ് കോഫി പലർക്കും ഇഷ്ടമാണ്. എന്നാൽ, ഒരു കോഫി കുടിക്കാൻ വൻ തുക ചെലവാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ല. കുടുംബത്തോടൊപ്പം ഒരു തവണ സ്റ്റാർബക്സിൽനിന്ന് കോഫി കുടിച്ചാൽ ബജറ്റ് താളംതെറ്റും. ഇനി നിങ്ങൾ കോഫി പ്രേമിയാണെങ്കിൽ ഒരു സന്തോഷ വാർത്തയുണ്ട്. കുറച്ചുകൂടി കാത്തിരുന്നാൽ കീശ കാലിയാകാതെ സ്റ്റാർബക്സിലെ കോഫി ആസ്വദിക്കാം. കാരണം, സ്റ്റാർബക്സിന്റെ കോഫി ബിസിനസ് ഉടച്ചുവാർക്കാനുള്ള പദ്ധതിയിലാണ് ഉടമകളായ ടാറ്റ ഗ്രൂപ്പ്.
1971ൽ യു.എസിലെ സീറ്റിലിൽ സ്ഥാപിതമായ ബഹുരാഷ്ട്ര കമ്പനിയാണ് സ്റ്റാർബക്സ്. ഇന്ത്യയിൽ സ്റ്റാർബക്സ് കോർപറേഷനും ടാറ്റ കൺസ്യൂമർ പ്രൊഡക്റ്റ്സുമാണ് കോഫി ഷോപ്പുകളുടെ ഉടമസ്ഥർ. ലോകത്തെ ഏറ്റവും വലിയ കോഫി കമ്പനിയാണെങ്കിലും നിലവിലെ ചെലവേറിയ ബിസിനസ് തന്ത്രം വൻ തിരിച്ചടിയായെന്നാണ് ടാറ്റയുടെ വിലയിരുത്തൽ. വില കുറച്ച് കോഫി ബിസിനസ് ജനപ്രിയമാക്കിയ ശേഷം പുതിയ നിക്ഷേപം നടത്തിയാൽ മതിയെന്നാണ് കമ്പനിയുടെ നിലപാട്. സ്റ്റാർബക്സിന്റെ ഗ്ലോബൽ ചീഫ് എക്സികുട്ടിവ് ബ്രിയാൻ നികോളും മുതിർന്ന ഉദ്യോഗസ്ഥരും ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനുമായി കഴിഞ്ഞ ആഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ബിസിനസ് തന്ത്രം മാറ്റാൻ തീരുമാനിച്ചത്.
2012ലാണ് സ്റ്റാർബക്സ് ഇന്ത്യയിലേക്ക് വന്നത്. ഓരോ വർഷവും നിരവധി പുതിയ കോഫി ഷോപ്പുകളാണ് തുടങ്ങുന്നുണ്ട്. എന്നാൽ, 13 വർഷമായിട്ടും ലാഭം നേടാൻ കഴിയാത്തത് കമ്പനിയുടെ വളർച്ചയെ ബാധിച്ചു. ഇന്ത്യയിൽ നടപ്പാക്കിയ ആഗോള ബിസിനസ് മാതൃകയാണ് ഭീമമായ നഷ്ടത്തിലേക്ക് നയിക്കുന്നത്. 3000 ചതുരശ്രയടി വലിപ്പമുള്ള കോഫി സ്റ്റോർ, ഒരു ദിവസം 700 കപ്പ് കോഫി വിതരണം ചെയ്യാനുള്ള സൗകര്യം, ഒരു കോഫിക്ക് ശരാശരി 400 രൂപയെന്ന ഉയർന്ന വില എന്നിവയാണ് സ്റ്റാർബക്സിന്റെ ആഗോള ബിസിനസ് മാതൃക. എന്നാൽ, ചെവലിനെ കുറിച്ച് വളരെ ബോധമുള്ള ഉപഭോക്താക്കളും ഉയർന്ന വാടകയും ശക്തമായ മത്സരവുമുള്ള ഇന്ത്യയിലെ കോഫി സ്റ്റോർ വിപണിയിൽ ഈ ബിസിനസ് തന്ത്രം വിജയിക്കില്ലെന്നാണ് കമ്പനി വിലയിരുത്തിയത്. അതുകൊണ്ട്, ജീവനക്കാരെ കുറച്ച്, ആഢംബര സൗകര്യങ്ങൾ ഒഴിവാക്കി, താങ്ങാനാവുന്ന വിലയിൽ കോഫിയും സ്നാക്സും വിൽക്കാനാണ് തീരുമാനിച്ചത്.
ചെലവ് കൂടുതലായത് കാരണം നിലവിലുള്ള സ്റ്റോറുകളിലെ വിൽപന കുത്തനെ ഇടിയുന്നതാണ് ബിസിനസ് തന്ത്രം മാറ്റാൻ ടാറ്റയെ പ്രേരിപ്പിച്ചത്. നിലവിലെ ബിസിനസ് മാതൃക പരാജയപ്പെട്ട സാഹചര്യത്തിൽ 2028 ഓടെ 1000 സ്റ്റോറുകൾ തുടങ്ങാനുള്ള പദ്ധതി തൽകാലം മാറ്റിവെച്ചിരിക്കുകയാണ്. 25 വർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ ചൈനയിൽ 8000 സ്റ്റോറുകളാണ് സ്റ്റാർബക്സിനുള്ളത്.


