Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രവാസി...

പ്രവാസി വിദ്യാർഥികൾക്കായി ‘ഡാസ’:19 വരെ അപേക്ഷിക്കാം

text_fields
bookmark_border
പ്രവാസി വിദ്യാർഥികൾക്കായി ‘ഡാസ’:19 വരെ അപേക്ഷിക്കാം
cancel

പ്ലസ്‌ടുവിന് ശേഷം ഇന്ത്യയിലെ ശ്രദ്ധേയ സ്ഥാപനങ്ങളിൽ പ്രവാസി വിദ്യാർഥികൾക്ക് പഠനാവസരം ലഭിക്കാനുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പദ്ധതിയായ ഡയറക്ട് അഡ്മിഷൻ ഓഫ് സ്റ്റുഡന്റ്സ് എബ്രോഡ് (‘ഡാസ’ 2024)ന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി), മറ്റു പ്രീമിയർ സ്ഥാപനങ്ങൾ, സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർകിടെക്ചർ, കോഴിക്കോട് എൻ.ഐ.ടി, കോട്ടയത്തുള്ള ഐ.ഐ.ഐ.ടി എന്നിവ ‘ഡാസ’ വഴി പ്രവേശനം ലഭിക്കുന്ന സ്ഥാപനങ്ങളാണ്.

വിവിധ ബ്രാഞ്ചുകളിലായുള്ള എൻജിനീയറിങ് ബിരുദ പ്രോഗ്രാമുകൾക്ക് പുറമെ അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് എം.ടെക്, ഇന്റഗ്രേറ്റഡ് എം.ബി.എ (ബി.ടെക് + എം.ബി.എ), ബാച്ചിലർ ഓഫ് ആർക്കിടെക്ച്ചർ, ബാച്ചിലർ ഓഫ് പ്ലാനിങ് പ്രവേശനത്തിനാണ് അവസരമുള്ളത്. എൻ.ഐ.ടി റായ്പൂരിനാണ് പ്രവേശന നടത്തിപ്പ് ചുമതല.

യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ, ഇറാഖ്, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് ചിൽഡ്രൻ ഓഫ് ഇന്ത്യൻ വർക്കേഴ്സ് ഇൻ ഗൾഫ് കൺട്രി (സി.ഐ.ഡബ്ല്യു.ജി) സ്കീം വഴി അപേക്ഷിക്കാം. രക്ഷിതാക്കളിൽ ഒരാളെങ്കിലും ഗൾഫിൽ ജോലി ചെയ്യുന്നവരായിരിക്കണം. സാർക്ക്, നോൺ സാർക്ക് രാജ്യങ്ങളിലെ കുട്ടികൾക്ക് ‘ഡാസ’ വഴി നേരിട്ട് അപേക്ഷിക്കാം. പ്ലസ്ടു വരെയുള്ള പഠന കാലത്തിനിടക്ക് അവസാന എട്ടു വർഷത്തിനിടെ രണ്ട് വർഷമെങ്കിലും വിദേശത്ത് പഠിക്കുകയും യോഗ്യതാ പരീക്ഷ വിദേശത്തിരുന്ന് വിജയിക്കുകും വേണം. കൂടാതെ ജെ.ഇ.ഇ മെയിൻ 2024ൽ റാങ്ക് ഉണ്ടായിരിക്കണം.

ഈ വർഷംമാർക്ക് നിബന്ധനയിൽ മാറ്റം വന്നിട്ടുണ്ട്. മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയും കെമിസ്ട്രി, ബയോടെക്‌നോളജി, കമ്പ്യൂട്ടർ സയൻസ്, ബയോളജി എന്നിവയിൽ ഏതെങ്കിലുമൊരു വിഷയവുമെടുത്ത് 75 ശതമാനം മാർക്കോടെ പ്ലസ്ടു വിജയിച്ചവർക്കാണ് അപേക്ഷിക്കാനവസരം.

മുൻ വർഷങ്ങളിൽ 60 ശതമാനം മതിയായിരുന്നു. അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ള ഏത് സിലബസിൽ പഠിച്ചവർക്കും അപേക്ഷിക്കാം.

മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവക്ക് പുറമെ കെമിസ്ട്രി, ബയോ ടെക്‌നോളജി, കമ്പ്യൂട്ടർ സയൻസ്, ബയോളജി എന്നിവയിൽ ഒരു വിഷയം പഠിച്ച് 75 ശതമാനം മാർക്കോടെ പ്ലസ്‌ടു ജയിച്ചിരിക്കണം. ബാച്ചിലർ ഓഫ് ആർക്കിടെക്ച്ചർ കോഴ്‌സ് പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളെടുത്ത് 75 ശതമാനം മാർക്കോടെ പ്ലസ്‌ടു വിജയിക്കണം. പത്ത് കഴിഞ്ഞതിനുശേഷം മാത്തമാറ്റിക്സ് ഒരു വിഷയമായെടുത്ത് വിദേശത്തുവെച്ച് മൂന്നു വർഷ ഡിപ്ലോമ കഴിഞ്ഞവർക്കും അപേക്ഷിക്കാം. മാത്തമാറ്റിക്സ് ഒരു വിഷയമായെടുത്ത് 75 ശതമാനം മാർക്കോടെ പ്ലസ്‌ടു ജയിച്ചവർക്ക് പ്ലാനിങ് കോഴ്‌സിന് അപേക്ഷിക്കാം.

എൻ.ഐ.ടികൾ, ഐ.ഐ.ഇ.എസ്.ടി ശിബ്‌പുർ എന്നിവിടങ്ങളിൽ സി.ഐ.ഡബ്ല്യു.ജി കാറ്റഗറിയിൽ പ്രവേശനം നേടുന്നവർ വാർഷിക ട്യൂഷൻ ഫീസായി 1,25,000 രൂപയും ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായി 300 ഡോളറും കൊടുക്കണം.

മറ്റു സ്ഥാപനങ്ങളിൽ ബാധകമായ അധിക ഫീസ് കൊടുക്കേണ്ടി വരും. ജൂൺ 19 വരെ https://dasanit.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിലുള്ള സ്പെക്ടസിലുണ്ട്.

Show Full Article
TAGS:Direct Admission of Students Abroad career guidance 
News Summary - 'DASA': 19
Next Story