‘23 സോവിയറ്റ് സൈനികരെ അന്യഗ്രഹ ജീവികള്‍ കല്ലാക്കിമാറ്റി’; വിചിത്ര വാദവുമായി സി.ഐ.എ രേഖ
text_fieldsശീതയുദ്ധ കാലത്ത് ഭൂമിയില്‍ അന്യഗ്രഹ ജീവികള്‍ വന്നുവെന്നും സൈനികരെ കല്ലാക്കിമാറ്റിയെന്നുമുള്ള വിചിത്ര വാദവുമായി യു.എസ് ചാരസംഘടന സി.ഐ.എയുടെ രഹസ്യരേഖ. സോവിയറ്റ് യൂണിയന്റെ സൈനികരെയാണ് അന്യഗ്രഹജീവികള്‍ കല്ലാക്കി മാറ്റിയത്. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷമാണ് ഇക്കാര്യം സി.ഐ.എ അറിയുന്നതെന്നും 2000ത്തില്‍ പരസ്യമാക്കിയ രഹസ്യരേഖയില്‍ പറയുന്നു. രേഖയില്‍ നിന്നുള്ള ഒരുപേജ് ഇതിനകം സാമൂഹമാധ്യമങ്ങളില്‍ വൈറലായി.
സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്ന റഷ്യന്‍ ചാരസംഘടനയായ കെ.ജി.ബിയുടെ 250 പേജുള്ള രേഖ ഉദ്ധരിച്ച് ഹോളോസ് യുക്രെയ്നി എന്ന യുക്രേനിയന്‍ പത്രത്തിലും കാനഡയില്‍ നിന്നുള്ള വീക്ക്‌ലി വേള്‍ഡ് ന്യൂസിലേയും റിപ്പോര്‍ട്ടുകളെ ആധാരമാക്കിയുള്ള സി.ഐ.എ രേഖയിലാണ് അന്യഗ്രഹ ജീവികൾ വന്നതായി വിശദീകരിച്ചത്. 1989-ലോ 1990-ലോ ആണ് വിചിത്രമായ സംഭവം നടന്നതെന്ന് രേഖയിൽ അവകാശപ്പെടുന്നു.
സൈബീരിയയില്‍ എവിടെയോ നടക്കുകയായിരുന്ന സൈനിക പരിശീലനത്തിനിടെയാണ് സംഭവമെന്ന് കെ.ജി.ബി രേഖ പറയുന്നു. പരിശീലനത്തിനിടെ സോവിയറ്റ് സൈനികര്‍ താഴ്ന്നുപറക്കുന്ന പറക്കുംതളിക കണ്ടു. ഉടന്‍ തന്നെ അതിനുനേരെ മിസൈല്‍ പ്രയോഗിച്ചു. തകര്‍ന്നുവീണ പറക്കുംതളികയില്‍നിന്ന് ഉയരം കുറഞ്ഞ അഞ്ച് അന്യഗ്രഹ ജീവികൾ പുറത്തുവന്നു. വലിയ തലയും കറുത്ത കണ്ണുകളുമാണ് ഇവക്ക് ഉണ്ടായിരുന്നതെന്ന് രേഖയില്‍ പറയുന്നു.
സി.ഐ.എ പുറത്തുവിട്ട രേഖയിലെ പേജ് (സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്)
അഞ്ച് അന്യഗ്രഹജീവികളും ഒന്നിച്ച് ചേര്‍ന്ന് ഗോളാകൃതിയിലുള്ള ഒറ്റരൂപമായി മാറിയെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ഗോളം തീവ്രമായി പ്രകാശിക്കാനും ശബ്ദം മുഴക്കാനും തുടങ്ങി. ആ നിമിഷം ഇതെല്ലാം കണ്ടുനില്‍ക്കുകയായിരുന്ന 23 സൈനികര്‍ കല്ലുകളായി മാറി. അന്യഗ്രഹജീവികളില്‍നിന്നു വന്ന പ്രകാശത്തില്‍ പെടാതെ മാറിനിന്ന രണ്ട് സൈനികര്‍ മാത്രമാണ് രക്ഷപ്പെട്ടത്. കല്ലായി മാറിയ സൈനികരേയും തകര്‍ന്ന പറക്കുംതളികയേയും മോസ്‌കോക്ക് സമീപമുള്ള രഹസ്യ ഗവേഷണ കേന്ദ്രത്തിലേക്ക് പിന്നീട് മാറ്റിയെന്നും രഹസ്യ രേഖയില്‍ പറയുന്നു.
സൈനികരുടെ ശരീരം ചുണ്ണാമ്പുകല്ലുകളായാണ് മാറിയതെന്ന് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയെന്നും കെ.ജി.ബിയുടെ രേഖയില്‍ ദൃക്‌സാക്ഷികള്‍ പറഞ്ഞതനുസരിച്ചുള്ള അന്യഗ്രഹജീവികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഉണ്ടെന്നും സി.ഐ.എ രേഖയില്‍ പറയുന്നു. അതേസമയം സി.ഐ.എ രേഖയിലെ അവകാശവാദത്തെ പലരും സംശയത്തോടെയാണ് നോക്കിക്കാണുന്നത്. സംഭവത്തിന്റെ ആധികാരികതയെ കുറിച്ച് തനിക്ക് സംശയമുണ്ടെന്ന് മുന്‍ സി.ഐ.എ ഏജന്റായ മൈക്ക് ബേക്കര്‍ ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. പുറത്തുവന്നത് യഥാർഥ രേഖയാകില്ലെന്നും പലതവണ മാറ്റിയെഴുതിയപ്പോൾ തെറ്റുവന്നിരിക്കാമെന്നും ബേക്കർ പറയുന്നു.