അത്ഭുതങ്ങളുടെ വർഷം, അനിശ്ചിതത്വങ്ങളുടെയും; ശാസ്ത്ര ലോകത്തേക്ക് ഒരു തിരിഞ്ഞുനോട്ടം...
text_fieldsശാസ്ത്രചരിത്രത്തിലെ, വിശേഷിച്ചും ബഹിരാകാശ പര്യവേക്ഷണത്തിലെ, ഏറ്റവും വിസ്മയാവഹവും അവിസ്മരണീയവുമായ മുഹൂർത്തം ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ: മനുഷ്യന്റെ ചാന്ദ്രയാത്ര. 1969-72 കാലത്ത്, ഡസൻ യാത്രികരാണ് ചന്ദ്രനിൽ കാലുകുത്തിയത്. പിന്നീട്, പര്യവേക്ഷണ ദിശയും ലക്ഷ്യവും മാറിയതോടെ ചാന്ദ്രയാത്ര ചരിത്രത്തിന്റെ ഭാഗമായി. എന്നാൽ, പുതിയ സഹസ്രാബ്ദത്തിന്റെ തുടക്കം മുതൽ വീണ്ടും ശാസ്ത്രലോകം ചാന്ദ്രയാത്രക്കൊരുങ്ങി. ഇന്ത്യയുടെ ചാന്ദ്രയാൻ, ചൈനയുടെ ഷാങെ തുടങ്ങി എത്രയോ ദൗത്യങ്ങൾക്ക് അടുത്തകാലത്ത് ലോകം സാക്ഷ്യം വഹിച്ചു.
മനുഷ്യനെ ചന്ദ്രനിലെത്തിച്ച നാസ ആർട്ടിമിസ് പദ്ധതിയിലൂടെ പുതിയൊരു ദൗത്യത്തിന് തുടക്കമിടുകയും ചെയ്തു. 2024ലേക്ക് പ്രവേശിക്കുമ്പോൾ, നാസയിൽനിന്നുള്ള ഏറ്റവും സുപ്രധാന അറിയിപ്പ് ഒരു വർഷത്തിനുള്ളിൽ മനുഷ്യൻ ഒരിക്കൽകൂടി ചാന്ദ്രയാത്ര നടത്തുമെന്നായിരുന്നു. ആർട്ടിമിസ്-2 സുസജ്ജമാണെന്നും അവർ പ്രഖ്യാപിച്ചു. അതുകൊണ്ടുതന്നെ, വിടപറയുന്ന വർഷത്തിൽ മനുഷ്യൻ ചന്ദ്രനിലേക്ക് പരീക്ഷണ യാത്ര നടത്തുമെന്നും തൊട്ടടുത്ത വർഷം ചന്ദ്രനിൽ കാലുകുത്തുമെന്നുമൊക്കെയായിരുന്നു പ്രതീക്ഷ. എന്നാൽ, 2024 ജനുവരിയിൽതന്നെ നാസക്ക് കാര്യങ്ങൾ മാറ്റി പറയേണ്ടി വന്നു. സാങ്കേതിക തകരാർമൂലം ആർട്ടിമിസിന്റെ പ്രാഥമിക ദൗത്യങ്ങൾ പൂർത്തിയാകാൻ തന്നെ രണ്ട് വർഷമെടുക്കും. അതിനാൽ, മനുഷ്യൻ ഒരിക്കൽകൂടി ചന്ദ്രനിൽ കാലുകുത്താൻ നന്നേചുരുങ്ങിയത് 2029വരെയെങ്കിലും കാത്തിരിക്കണം.
എന്ന് തിരിച്ചെത്തും അവർ?
വിടപറയുന്ന വർഷം ശാസ്ത്ര ലോകം അഭിമുഖീകരിച്ച നിരവധി അനിശ്ചിതത്വങ്ങളുണ്ട്. അതിലൊന്ന് മാത്രമാണ് ആർട്ടിമിസ് ദൗത്യത്തിനേറ്റ തിരിച്ചടി. സുനിത വില്യംസിന്റെയും വിൽമോറിന്റെയും ആകാശയാത്രയെക്കുറിച്ചും നമുക്കറിയാം. കഴിഞ്ഞ ജൂണിൽ വെറും ഒരാഴ്ചത്തെ ‘സന്ദർശന’ത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയവരാണവർ. അവരെക്കൊണ്ടുപോയ സ്റ്റാർലൈനർ പേടകം അവിടെ കുടുങ്ങിപ്പോയി. സ്വാഭാവികമായും മടക്കയാത്ര മുടങ്ങി. സ്റ്റാർലൈനർ കേടുപാടുകൾ ഒരുവിധം തീർത്ത് ഭൂമിയിൽ മടങ്ങിയെത്തിയിട്ടും യാത്രികർ ചില്ലറ ആരോഗ്യ പ്രശ്നങ്ങളോടെ ബഹിരാകാശനിലയത്തിൽതന്നെ കുടുങ്ങിക്കിടക്കുകയാണ്. എന്നല്ല, നേരത്തെ നിശ്ചയിക്കപ്പെട്ടതുപ്രകാരം ഫെബ്രുവരിയിലും അവരുടെ മടക്കയാത്രയുണ്ടാകില്ലെന്നാണ് ഏറ്റവും പുതിയ വാർത്തകൾ. ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിൽ ഇങ്ങനെയൊരു അനിശ്ചിതത്വവും ആദ്യമാണ്. ചൈനയുടെ ഷാങെ ദൗത്യം വലിയ അത്ഭുതങ്ങൾ സൃഷ്ടിച്ചു. ഷാങെ-6 എന്ന വാഹനം ചന്ദ്രനിലെത്തി അവിടുത്തെ കല്ലും മണ്ണുമെല്ലാം ശേഖരിച്ച് ഭൂമിയിൽ തിരിച്ചെത്തി. സമാന നേട്ടം ജപ്പാനും കൈവരിച്ചിട്ടുണ്ട്.
എച്ച്.ഐ.വി പ്രതിരോധ മരുന്ന് പരീക്ഷണ വിജയം
മാനവകുലത്തിന്റെ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ഒട്ടേറെ കണ്ടുപിടിത്തങ്ങൾ സംഭവിച്ച വർഷം കൂടിയാണ് കടന്നുപോയത്. എച്ച്.ഐ.വി പ്രതിരോധ മരുന്നിന്റെ പരീക്ഷണ വിജയമാണ് ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടത്. ലിനാകപാവിർ എന്ന മരുന്നിന്റെ പരീക്ഷണത്തിൽ 96 ശതമാനമാണ് ഫലം. ഭൂമിക്കുപുറത്ത് എവിടെയെങ്കിലും ജീവനുണ്ടോ എന്ന അന്വേഷണം ശാസ്ത്രലോകത്തെ സുപ്രധാന വിഷയങ്ങളിലൊന്നാണ്. 2024 ജനുവരിയിൽ ഈ മേഖലയിൽ നിർണായകമായൊരു കണ്ടുപിടിത്തമുണ്ടായി. ഭൂമിയിൽനിന്ന് 137 പ്രകാശ വർഷം അകലെ ഭൗമസമാനമായൊരു ഗ്രഹം (ടി.ഒ.ഐ 715 ബി) കണ്ടെത്തിയിരിക്കുന്നു. പതിനായിരത്തിലധികം ഭൗമേതര ഗ്രഹങ്ങളെ ശാസ്ത്രലോകം കണ്ടെത്തിയിട്ടുണ്ടെങ്കിലും വളരെ ചുരുങ്ങിയ ഗ്രഹങ്ങളിൽമാത്രമാണ് ജീവൻ നിലനിൽക്കാൻ സാധ്യത കൽപിക്കപ്പെട്ടിരുന്നത്. അക്കൂട്ടത്തിലൊന്നാണിത്. യുറാനസ്, നെപ്റ്റ്യൂൺ എന്ന ഗ്രഹങ്ങൾക്ക് പുതിയ ഉപഗ്രഹങ്ങളെ തിരിച്ചറിഞ്ഞ വർഷം കുടിയായിരുന്നു 2024. നിർമിത ബുദ്ധിയുടെ സഹായത്തോടെ ജീനോം സീക്വൻസിങ് കൂടുതൽ കൃത്യതയോടെ നടത്താൻ ഈ കാലത്ത് ഗവേഷകർക്ക് സാധിച്ചത് ജൈവ സാങ്കേതികവിദ്യ മേഖലയിൽ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.
ഇന്ത്യക്കും നേട്ടങ്ങൾ
ശാസ്ത്ര ഗവേഷണത്തിൽ സുപ്രധാന നേട്ടങ്ങൾ ഇന്ത്യയും കൈവരിച്ചു. ഇക്കൂട്ടത്തിൽ എടുത്തുപറയേണ്ടത് ജനുവരിയിലെ ‘എക്സ്പോ സാറ്റി’ന്റെ (എക്സ്റേ പൊളാരീമീറ്റർ സാറ്റലൈറ്റ്) വിജയ വിക്ഷേപണം തന്നെയായിരുന്നു. ഉയർന്ന താപനിലയിൽ വർത്തിക്കുന്ന സൂപ്പർനോവ, തമോഗർത്തം, ന്യൂട്രോൺ നക്ഷത്രം, ക്വാസാർ തുടങ്ങിയ പ്രപഞ്ച വസ്തുക്കളെ നിരീക്ഷിക്കാനും അവയിൽ നടക്കുന്ന വിവിധ പ്രക്രിയകളെക്കുറിച്ച് പഠിക്കാനും ദൃശ്യപ്രകാശത്തിന്റെ തരംഗ ദൈർഘ്യത്തിലുള്ള ബഹിരാകാശ നിരീക്ഷണ ഉപകരണങ്ങൾ മതിയാകില്ല. ഇവിടെയാണ് എക്സ്പോസാറ്റിന്റെ പ്രസക്തി. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ പ്രോബ-3 ദൗത്യ വിക്ഷേപണത്തിനായി അവർ ഐ.എസ്.ആർ.ഒയുടെ റോക്കറ്റിനെ ആശ്രയിച്ചതും രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ്.
നിർമിത ബുദ്ധി വഴിതെളിക്കും
നിർമിത ബുദ്ധിയുടെ പലവിധ ആവിഷ്കാരങ്ങൾ ലോകം മുഴുവൻ അത്ഭുതം സൃഷ്ടിച്ച വർഷംകൂടിയാണ് കടന്നുപോകുന്നത്. വരും വർഷങ്ങളിൽ നിർമിത ബുദ്ധി അത്ഭുതങ്ങൾ തുടരുമ്പോൾ സ്വാഭാവികമായും ഇതുസംബന്ധിച്ച് ഉയരുന്ന സംശയങ്ങളും ആശങ്കകളും ലോകത്ത് ചർച്ചയാകും.