‘അവർ ഇപ്പോൾ നമ്മെ കേൾക്കുന്നുണ്ടാവും,’ ബഹിരാകാശ ജീവികളെ കുറിച്ചുള്ള പര്യവേക്ഷണത്തിൽ നിർണായക കണ്ടെത്തലുകളുമായി നാസയുടെ പഠനം
text_fieldsപ്രതീകാത്മക ചിത്രം
ന്യൂയോർക്ക്: അന്യഗ്രഹ ജീവികൾ ഭൂമിയിൽ നിന്നുള്ള ബഹിരാകാശ ആശയവിനിമയങ്ങൾ കേൾക്കുന്നുണ്ടാവുമെന്ന് പുതിയ പഠനം. പെൻസിൽവാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെയും നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെയും ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിലാണ് സാധ്യത പ്രവചിക്കുന്നത്. അന്യഗ്രഹ സംസ്‌കാരങ്ങൾക്ക് ഭൂമിയുടെ ബഹിരാകാശ ആശയവിനിമയങ്ങൾ കണ്ടെത്താൻ കഴിഞ്ഞേക്കുമെന്ന് പഠനം പറയുന്നു.
ചൊവ്വ പര്യവേക്ഷണമടക്കം ബഹിരാകാശ പേടകങ്ങളിലേക്ക് ശാസ്ത്രജ്ഞർ വിവിധ നിർദേശങ്ങൾ അയയ്ക്കുമ്പോൾ, എല്ലാ റേഡിയോ സിഗ്നലുകളും പൂർണമായി ലക്ഷ്യത്തിൽ അവസാനിക്കുന്നില്ല. സിഗ്നലുകളുടെ ഒരു ഭാഗം ബഹിരാകാശത്തിലൂടെ തുടർന്നും അനന്തമായി സഞ്ചരിക്കുന്നുവെന്നും പഠനം പറയുന്നു.
‘ചൊവ്വയടക്കം ഗ്രഹങ്ങളെ കുറിച്ച് പഠിക്കാൻ അയച്ച ബഹിരാകാശ വാഹനങ്ങളുമായും പേടകങ്ങളുമായും മനുഷ്യർ സജീവമായി ആശയവിനിമയം നടത്തുന്നുണ്ട്. എന്നാൽ ചൊവ്വ പോലുള്ള ഗ്രഹങ്ങൾ ഇത്തരം സിഗ്നലുകളെ പൂർണമായും ആഗിരണം ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ തരംഗങ്ങളിൽ ഒരുപങ്ക് ബഹിരാകാശത്ത് യാത്ര തുടരുന്നു. ഈ യാത്രയെ ഖണ്ഡിക്കുന്ന ഏതെങ്കിലും ഗ്രഹങ്ങൾക്കോ പേടകങ്ങൾക്കോ തരംഗങ്ങളെ നിരീക്ഷിക്കാൻ കഴിയും. ഇതുകൊണ്ടുതന്നെ സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് നേർരേഖയിൽ വരുന്ന ഇതര ഗ്രഹങ്ങളുടെ വിന്യാസം നിരീക്ഷിക്കുന്നത് അന്യഗ്രഹ ജീവികൾക്കായുള്ള പര്യവേക്ഷണങ്ങളിൽ നിർണായകമാവും’ നാസ ഗ്രാന്റിന്റെ സയൻസ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററും പ്രബന്ധത്തിന്റെ ആദ്യ രചയിതാവുമായ പെൻ സ്റ്റേറ്റ് എബർലി കോളേജ് ഓഫ് സയൻസിലെ ജ്യോതിശാസ്ത്ര ബിരുദ വിദ്യാർത്ഥി പിഞ്ചൻ ഫാൻ പറഞ്ഞു .
ഭൂമിയിൽ നിന്ന് ബഹിരാകാശ ദൗത്യങ്ങളിലേക്ക് അയക്കുന്ന ശക്തമായ സിഗ്നലുകളിൽ ലക്ഷ്യസ്ഥാനം കഴിഞ്ഞും തുടർന്ന് സഞ്ചരിക്കുന്നവയെ പാതയിലുള്ള ജീവജാലങ്ങൾക്ക് നിരീക്ഷിക്കാനാവും. ബഹിരാകാശത്ത് നിന്ന് സമാനരീതിയിൽ തിരികെ സിഗ്നലുകൾ കണ്ടെത്താനായാൽ പര്യവേക്ഷണത്തിൽ വഴിത്തിരിവുണ്ടാവുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.
ബഹിരാകാശ പര്യവേക്ഷണങ്ങളിലും അന്യഗ്രഹ ജീവികളെ സംബന്ധിച്ചുള്ള പഠനങ്ങളിലും പുതിയ സാധ്യതകൾ തുറക്കുന്ന പഠനം. ആസ്ട്രോഫിസിക്കൽ ജേണൽ ലെറ്റേഴ്സിലാണ് പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്.
‘കഴിഞ്ഞ 20 വർഷത്തെ ഡാറ്റയുടെ അടിസ്ഥാനത്തിൽ, അന്യഗ്രഹ ജീവികൾ ഭൂമിയുടെയും ചൊവ്വയുടെയും സമാന്തരമായി വരികയാണെങ്കിൽ, നമ്മുടെ റേഡിയോ തരംഗ സംപ്രേഷണങ്ങളിൽ ഒന്നിന്റെ പാതയിൽ അവർ വരാനുള്ള സാധ്യത 77 ശതമാനമാണെന്ന് ആണെന്ന് ഞങ്ങൾ കണ്ടെത്തി,’- ഫാൻ പറഞ്ഞു. അതേസമയം, സൗരയൂഥത്തിലെ മറ്റേതെങ്കിലും ഗ്രഹവുമായി അവർ നേർരേഖയിലെത്തിയാൽ നമ്മുടെ സംപ്രേഷണങ്ങളുടെ പാതയിൽ അവർ വരാനുള്ള സാധ്യത 12 ശതമാനമാണെന്നും പാൻ പറഞ്ഞു.