'വാട്ട് എ വണ്ടർഫുൾ വേൾഡ്'; വനിതകൾ മാത്രമുള്ള ബഹിരാകാശ ദൗത്യം ചരിത്ര വിജയം, ബഹിരാകാശത്ത് പാട്ടുപാടി കാറ്റി പെറി
text_fieldsടെക്സസ്: വനിതകൾ മാത്രം പങ്കാളികളായ ഓട്ടോമേറ്റഡ് ബ്ലൂ ഒറിജിന്റെ എൻ.എസ് 31 ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തി. പ്രശസ്ത പോപ്പ് ഗായിക കാറ്റി പെറിയുൾപ്പെടെ ആറ് വനിത യാത്രികരാണ് ചരിത്ര ദൗത്യം പൂർത്തിയാക്കിയത്.
ശതകോടീശ്വരൻ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള കമ്പനിയായ‘ബ്ലൂ ഒറിജിൻ’ ആണ് ദൗത്യത്തിന് പിറകിൽ. 11 മിനിറ്റ് ദൈർഘ്യമുള്ള പറക്കലിൽ, എൻ.എസ്-31 ന്റെ ക്രൂ അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ബഹിരാകാശ അതിർത്തിയായ കാർമാൻ രേഖ മറികടന്നു.
ടെക്സസിലെ ബ്ലൂ ഒറിജിന്റെ കേന്ദ്രത്തിൽനിന്ന് തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു ന്യൂ ഷെപ്പേർഡ് റോക്കറ്റ് വിക്ഷേപിച്ചത്. ഭൂമിയിൽനിന്ന് നൂറുകിലോമീറ്റർ അകലെയുള്ള സബ് ഓർബിറ്റൽ ഭ്രമണപഥത്തിലാണ് സംഘം ചെലവഴിച്ചത്.
ഇതാദ്യമായാണ് ഒന്നിലേറെ പേരുള്ള ഒരു ബഹിരാകാശ ദൗത്യത്തില്‍ ക്രൂ അംഗങ്ങളെല്ലാം വനിതകളാവുന്നത്. പോപ്പ് താരം കാറ്റി പെറിയെ കൂടാതെ ജെഫ് ബെസോസിന്റെ പ്രതിശ്രുതവധു ലോറൻ സാഞ്ചസ്, സി.ബി.എസ് അവതാരക ഗെയില്‍ കിങ്, പൗരാവകാശ പ്രവര്‍ത്തക അമാന്‍ഡ എന്‍ഗുയിന്‍, ചലച്ചിത്ര നിര്‍മാതാവ് കെരിയാന ഫ്‌ളിന്‍, നാസയിലെ മുൻ ശാസ്ത്രജ്ഞ ആയിഷ ബോവെ എന്നിവരാണ് ദൗത്യത്തില്‍ പങ്കാളികളായത്.
ബഹിരാകാശത്ത് എത്തിയ ശേഷം, ബഹിരാകാശയാത്രികർ റോക്കറ്റിനുള്ളിൽ നിന്ന് സംസാരിക്കുന്നത് കേൾക്കാമായിരുന്നു, അവരിൽ ഒരാൾ, "നിങ്ങൾ ചന്ദ്രനെ നോക്കൂ! ഓ എന്റെ ദൈവമേ!" എന്ന് പറയുന്നത് കേൾക്കാമായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
11 മിനിറ്റ് നീണ്ടുനിന്ന ബഹിരാകാശ യാത്രയിൽ, കാറ്റി പെറി ബഹിരാകാശത്ത് 'വാട്ട് എ വണ്ടർഫുൾ വേൾഡ്' എന്ന ഗാനം ആലപിച്ചതായി ഗെയ്ൽ കിങ് പറഞ്ഞു.