Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightചരിത്ര ദൗത്യത്തിന്...

ചരിത്ര ദൗത്യത്തിന് ഒറ്റപ്പാലത്തുകാരൻ, അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക്; ദിവസവും കാണുക 16 സൂര്യോദയങ്ങൾ

text_fields
bookmark_border
ചരിത്ര ദൗത്യത്തിന് ഒറ്റപ്പാലത്തുകാരൻ, അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക്; ദിവസവും കാണുക 16 സൂര്യോദയങ്ങൾ
cancel

ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ മറ്റൊരു നാഴികക്കല്ലുകൂടി കുറിക്കാൻ ഇന്ത്യൻ വംശജനായ ഒറ്റപ്പാലത്ത് വേരുകളുള്ള നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ ചൊവ്വാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിക്കും. എട്ട് മാസം നീളുന്ന ചരിത്ര ദൗത്യത്തിനായി രണ്ട് റഷ്യൻ ബഹിരാകാശ സഞ്ചാരികൾക്കൊപ്പമാണ് യാത്ര.

റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ ‘സോയൂസ് എംഎസ്-29’ ആണ് പേടകം. കസാഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോഡ്രോമിൽനിന്ന് ചൊവ്വാഴ്ച രാത്രി 8.17നാണ് പേടകം കുതിച്ചുയരുക. രാത്രി 11.56ഓടെ ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യും. ബുധനാഴ്ച പുലർച്ചെ 1.25ഓടെ നിലയത്തിനുള്ളിൽ പ്രവേശിക്കും. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവരാണ് സഹയാത്രികർ.

മിനിയാപൊളിസിൽ ഉക്രേനിയൻ -‍ ഇന്ത്യൻ കുടിയേറ്റ ദമ്പതികളുടെ മകനാണ് അനിൽ മേനോൻ. എമർജൻസി വിഭാഗം ഡോക്ടറായ അദ്ദേഹം യു.എസ് സ്‌പേസ് ഫോഴ്‌സ് കേണലാണ്. മുൻപ് യു.എസ് എയർഫോഴ്‌സിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അനിൽ മേനോന്റെ ഭാര്യയും സ്‌പേസ് എക്‌സ് ജീവനക്കാരിയുമായ അന്നാ മേനോൻ ബഹിരാകാശ ഗവേഷണ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. നാസയിൽ ഏഴുവർഷത്തോളം പ്രവർത്തിച്ച അവർ, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ബയോമെഡിക്കൽ ഫ്ലൈറ്റ് കൺട്രോളറായിരുന്നു. 2018 മുതൽ സ്‌പേസ് എക്‌സിൽ സ്‌പേസ് ഓപ്പറേഷൻസ് എൻജിനീയറായി സേവനമനുഷ്ഠിക്കുന്നു.

2024 സെപ്റ്റംബറിൽ സ്‌പേസ് എക്‌സിന്റെ സ്വകാര്യ ബഹിരാകാശ ദൗത്യമായ ‘പൊളാരിസ് ഡോൺ’ ദൗത്യത്തിൽ മെഡിക്കൽ ഓഫിസറായി അന്നാ മേനോൻ പങ്കെടുത്തു. ഈ ദൗത്യത്തിലൂടെ സാറാ ഗിലിസിനൊപ്പം ബഹിരാകാശത്ത് ഏറ്റവും ദൂരം സഞ്ചരിച്ച വനിതയെന്ന റെക്കോഡ് അവർ സ്വന്തമാക്കിയിരുന്നു (പിന്നീട് ആർട്ടെമിസ്-2 ദൗത്യാംഗമായ ക്രിസ്റ്റീന കോച്ച് ഈ റെക്കോഡ് മറികടന്നു). ‘കിസസ് ഫ്രം സ്പെയ്സ്’ എന്ന പേരിൽ കുട്ടികൾക്കായി ഒരു പുസ്തകവും അവർ രചിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽകഴിയുന്നവർക്ക് ഒരു ദിവസം 16 തവണ സൂര്യോദയവും സൂര്യാസ്തമയവും കാണാൻ സാധിക്കും. ആരോഗ്യപരിശോധനയും പ്ലാനിങ് മീറ്റിങ്ങുകളും നടത്തിയാണ് യാത്രികർ തങ്ങളുടെ ദിവസം ആരംഭിക്കുന്നത്. ദിവസവും ആറു മുതൽ എട്ടു മണിക്കൂർ വരെ ശാസ്ത്രീയ പരീക്ഷണങ്ങൾ, മെഡിക്കൽ ഗവേഷണങ്ങൾ, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവക്കായി ചെലവഴിക്കുന്നു.

മൈക്രോഗ്രാവിറ്റിയിൽ പേശികളും അസ്ഥികളും ക്ഷയിക്കാതിരിക്കാൻ ദിവസവും ഏകദേശം രണ്ട് മണിക്കൂർ വ്യായാമം നിർബന്ധമാണ്.ഭക്ഷണം പ്രത്യേക പാക്കറ്റുകളിലാണ് സൂക്ഷിക്കുന്നത്. വെള്ളം ട്യൂബുകൾ വഴിയോ ചെറിയ ബാഗുകൾ വഴിയോ കുടിക്കണം. ഉറങ്ങാൻ കട്ടിലുകളില്ല, മറിച്ച് ഭിത്തിയിൽ ഘടിപ്പിച്ച സ്ലീപ്പിങ് ബാഗുകളിലാണ് യാത്രികർ വിശ്രമിക്കുന്നത്.വീഡിയോ കോളുകളിലൂടെയും ഇ-മെയിലുകളിലൂടെയും ഭൂമിയിലുള്ള കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താൻ യാത്രികർക്ക് സൗകര്യമുണ്ട്.

Show Full Article
TAGS:Anil Menon Ottappalam nasa space mission Kerala 
News Summary - Anil Menon launches to space today for 8-month mission
Next Story