ഭൂമിക്ക് പുറത്ത് ജീവന്‍റെ തുടിപ്പുണ്ടോ? പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം
text_fieldsഭൂമിക്ക് പുറത്ത് മറ്റെവിടെയെങ്കിലും ജീവന്‍റെ സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്താനുള്ള തിരച്ചിൽ മനുഷ്യൻ കാലങ്ങളായി തുടരുകയാണ്. എന്നാൽ, ഇക്കാലമത്രയും അതിന്‍റെയൊരു സൂചനയും ലഭിച്ചിരുന്നില്ല. ഇപ്പോഴിതാ, ഭൂമിക്കപ്പുറത്ത് ജീവന്‍റെ തുടിപ്പിന്‍റെ സാധ്യത കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.
ഭൂമിയിൽ നിന്ന് 120 പ്രകാശവർഷത്തിലധികം അകലെ സ്ഥിതിചെയ്യുന്ന ഗ്രഹമായ കെ2-18 ബിയുടെ അന്തരീക്ഷത്തിൽ ജീവന്റെ നിലനിൽപ്പിന് സാധ്യതയുള്ളതായാണ് കണ്ടെത്തൽ. ഡൈമെഥൈൽ സൾഫൈഡ് (ഡി.എം. എസ്), ഡൈമെഥൈൽ ഡൈസൾഫൈഡ് (ഡി.എം.ഡി. എസ്) എന്നിവയുടെ സാന്നിധ്യമാണ് കെ2-18ബിയിൽ കണ്ടെത്തിയത്.
ഭൂമിയിൽ ഈ വാതകങ്ങൾ ഉത്പാദിപ്പിക്കുന്നത് ബാക്ടീരിയകളും സമുദ്രങ്ങളിലെ ഫൈറ്റോപ്ലാങ്ക്ടണുമാണ്. ആയതിനാൽ ഗ്രഹത്തില്‍ സൂക്ഷ്മജീവികളുണ്ടായിരിക്കാമെന്ന സൂചനയാണ് ബ്രിട്ടീഷ്-യു.എസ് ശാസ്ത്രജ്ഞരുടെ സംഘം മുന്നോട്ടുവെക്കുന്നത്. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി (ജെ.ഡബ്ല്യു.എസ്.ടി) ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് ഈ കണ്ടെത്തൽ.
ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ മീഥെയ്ൻ, കാർബൺ ഡൈ ഓക്സൈഡ് എന്നിവയുൾപ്പെടെ കാർബൺ അടങ്ങിയ തന്മാത്രകളുടെ സാന്നിധ്യം 2021ൽ കണ്ടെത്തിയിരുന്നു. കാർബണിന്‍റെ സാന്നിധ്യം ജീവൻ നിലനിൽക്കുന്നതിനും വാസയോഗ്യത്തിനും സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകത്തിന്‍റെ വിലയിരുത്തൽ.
അതേസമയം, ഇപ്പോഴത്തെ കണ്ടെത്തൽ ജീവന്റെ നേരിട്ടുള്ള തെളിവല്ലെന്നും എന്നാൽ സാധ്യമായ സൂചനയായ 'ബയോസിഗ്നേച്ചർ' ആണെന്നും ശാസ്ത്ര സംഘം വ്യക്തമാക്കി. ഇവ സ്ഥിരീകരിക്കാൻ കൂടുതൽ നിരീക്ഷണങ്ങൾ ആവശ്യമാണ്.
ഇതുവരെ കണ്ടെത്തിയിട്ടുള്ള അന്യഗ്രഹങ്ങള്‍ക്കു സമാനമായ ഒന്നാണ് കെ2-18ബിയെങ്കിലും സൗരയൂഥത്തോട് അടുത്തുകിടക്കുന്നതിനാല്‍ അതിനെ സൂക്ഷ്മമായി പഠിക്കാനും നിരീക്ഷിക്കാനും കഴിയുമെന്നത് വാസയോഗ്യമാണോ എന്നു കണ്ടെത്തുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നും പഠനത്തിന് നേതൃത്വം നൽകിയ കേംബ്രിജ് സർവകലാശാലയിലെ ബഹിരാകാശ ശാസ്ത്രജ്ഞനായ നിക്കു മധുസൂദനൻ വ്യക്തമാക്കുന്നു.
സൗരയൂഥത്തിന് പുറത്തുള്ള ഒരു ഗ്രഹമാണ് കെ2-18ബി. സൂര്യന്റെ 'ഗോൾഡിലോക്ക്സ് സോൺ' എന്നറിയപ്പെടുന്ന ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ഭൂമിയേക്കാൾ 8.6 മടങ്ങ് ഭാരവും 2.6 മടങ്ങ് വലിപ്പവുമുണ്ട്. ലിയോ നക്ഷത്രസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന തണുത്ത ചുവന്ന കുള്ളൻ നക്ഷത്രമായ കെ2-18 നെ ചുറ്റുന്ന ഗ്രഹമാണിത്. ഈ ഗ്രഹം അതിന്റെ നക്ഷത്രത്തിന്റെ വാസയോഗ്യമായ മേഖലയിലാണ് ഭ്രമണം ചെയ്യുന്നത്. ഗ്രഹത്തിലെ താപനിലയിൽ ദ്രാവകരൂപത്തിൽ ജലം നിലനിന്നേക്കാമെന്നാണ് അനുമാനം.
പഠനത്തിന് നേതൃത്വം നൽകിയത് കേംബ്രിഡ്ജ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനും ഇന്ത്യൻ വംശജനുമായ നിക്കു മധുസൂദനനാണ്. കേംബ്രിഡ്ജ് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണമിയിൽ ആസ്ട്രോഫിസിക്സ് ആൻഡ് എക്സോപ്ലാനറ്ററി സയൻസ് പ്രഫസറാണ് അദ്ദേഹം. വാരാണസിയിലെ ഐ.ഐ.ടി-ബി.എച്ച്‍.യുവിൽ നിന്ന് ബി.ടെക് പൂർത്തിയാക്കിയ അദ്ദേഹം എം.ഐ.ടിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ എം.എസും പി.എ.ച്ച്ഡിയും നേടിയിട്ടുണ്ട്