ആക്സിയം-4 ദൗത്യം: നിസ്സാരമായിരുന്നില്ല ഇന്ധന ചോർച്ച; ഇന്ത്യൻ ഗവേഷകരുടെ പങ്ക് എടുത്തുപറഞ്ഞ് ഐ.എസ്.ആർ.ഒ ചെയർമാൻ
text_fieldsഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ
ഹൈദരാബാദ്: ശുഭാൻഷു ശുക്ലയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച (ഐ.എസ്.എസ്) ആക്സിയം -4 ദൗത്യം വിജയിപ്പിച്ചതിൽ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ പങ്ക് എടുത്തുപറഞ്ഞ് ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണൻ. ഹൈദരാബാദ് ഉസ്മാനിയ സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിലാണ് അദ്ദേഹം ദൗത്യവുമായി ബന്ധപ്പെട്ട് ഇതുവരെയും പുറത്തുവരാത്ത വിവരങ്ങൾ പങ്കുവെച്ചത്.
ജൂൺ 11നായിരുന്നു ശുഭാൻഷു അടക്കമുള്ള നാല് യാത്രികരെയൂം വഹിച്ച് പേടകം പുറപ്പെടേണ്ടയിരുന്നത്. എന്നാൽ, റോക്കറ്റിന്റെ മുഖ്യഫീഡ് ലൈനിൽ ചോർച്ച കണ്ടെത്തിയതോടെയാണ് ദൗത്യം 25ലേക്ക് മാറ്റി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ ക്യാമ്പ് ചെയ്തിരുന്ന ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർക്ക് ജൂൺ 10നു തന്നെ ചോർച്ചയുള്ളതായി അറിയാമായിരുന്നു. എന്നാൽ, ഫീഡിൽ എവിടെയാണ് ചോർച്ച എന്ന് കൃത്യമായി മനസ്സിലായില്ല. ഇക്കാര്യം വിശദമായി പരിശോധിക്കണമെന്ന് ഗവേഷകർ ആവശ്യപ്പെട്ടു. വി. നാരായണന്റെ വാക്കുകൾ: ‘‘ഞങ്ങൾ അവരോട് 14 ചോദ്യങ്ങൾ ചോദിച്ചു. ഒന്നിനും കൃത്യമായ മറുപടി ഉണ്ടായില്ല. ചോർച്ച എവിടെനിന്ന് എന്നും വ്യക്തതയില്ല. അതുകൊണ്ടുതന്നെ, റോക്കറ്റ് പൂർണമായും പരിശോധിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. ഞാൻ 40 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. എനിക്കറിയാം, ഈ വിധത്തിൽ വിക്ഷേപണം നടന്നാലുള്ള പ്രത്യാഘാതം. ഐ.എസ്.ആർ.ഒയുടെ ആവശ്യം അംഗീകരിച്ചു. തുടർന്നാണ് ദൗത്യം മാറ്റിവെച്ചത്.
പരിശോധനയിലാണ് ഫീഡ് ലൈനിലെ ഇന്ധന ചോർച്ച കണ്ടെത്തിയയത്. ഇക്കാര്യം തിരിച്ചറിയാതെ വിക്ഷേപണം നടന്നിരുന്നെങ്കിൽ ശുഭാൻഷുവിന്റെയും സംഘത്തിന്റെയും യാത്ര വൻദുരന്തത്തിൽ കലാശിച്ചേനെ. റോക്കറ്റ് സാങ്കേതികവിദ്യയിൽ ഐ.എസ്.ആർ.ഒയുടെ മികവ് പ്രകടമാക്കുന്ന സംഭവമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 18 ദിവസത്തെ ബഹിരാകാശവാസത്തിനുശേഷം ജൂലൈ 15ന് ഭൂമിയിലേക്ക് തിരിച്ചെത്തിയ ശുഭാൻഷു കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയിരുന്നു.