70 വർഷം അടഞ്ഞുകിടന്ന പെട്ടികൾ തുറന്നു; ബനാറസ് ഹിന്ദു സർവകലാശാലയിൽ കണ്ടെത്തിയത് മൂവായിരം വർഷം പഴക്കമുള്ള പതിനായിരത്തിലധികം പുരാവസ്തുക്കൾ
text_fieldsവാരാണസി: ബനാറസ് ഹിന്ദു സർവകലാശാലയിൽ കഴിഞ്ഞ 70 വർഷത്തോളമായി തുറക്കാതെ കിടന്നിരുന്ന 22 പെട്ടികൾ ഒടുവിൽ തുറന്നപ്പോൾ വെളിച്ചം കണ്ടത് വിലമതിക്കാനാവാത്ത ചരിത്രശേഷിപ്പുകൾ. ആഗസ്റ്റ് 20ന് സർവകലാശാല അധികൃതർ ഈ പെട്ടികൾ തുറന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് പതിനായിരത്തിലധികം വരുന്ന പ്രാചീന പുരാവസ്തുക്കളാണ്.
ഇതിൽ മൂവായിരം വർഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ചായം പൂശിയ കറുത്ത മൺപാത്രങ്ങൾ മുതൽ പുരാതന ശില്പങ്ങളും നാണയങ്ങളും വരെയുണ്ട്. വാരാണസിയിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കേന്ദ്രങ്ങളിലൊന്നായ രാജ്ഘട്ടിൽ നിന്നും 1957ൽ ഖനനം ചെയ്തെടുത്ത ചരിത്രശേഷിപ്പുകളാണ് ഈ പെട്ടികളിൽ സൂക്ഷിച്ചിരുന്നത്.
അന്ന് ഖനനത്തിന് ശേഷം ഇവ രേഖപ്പെടുത്തി ബനാറസ് ഹിന്ദു സർവകലാശാലയിലെ പുരാതന ഇന്ത്യൻ ചരിത്ര-സംസ്കാര-പുരാവസ്തു വകുപ്പിന്റെ (AIHC) മ്യൂസിയത്തിന് കൈമാറുകയായിരുന്നു. എന്നാൽ പിന്നീട് ഈ പെട്ടികൾ തുറക്കുകയോ ഇതിലെ വിവരങ്ങൾ വിശദമായി പഠിക്കുകയോ ചെയ്തിരുന്നില്ല.
പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഇപ്പോൾ ഈ അമൂല്യശേഖരം പുറത്തു വരുന്നത്. പതിനായിരത്തിലധികം വരുന്ന പുരാവസ്തുക്കളിൽ പ്രധാനമായും ഉൾപ്പെടുന്നത് ശില്പങ്ങൾ, പുരാതന നാണയങ്ങൾ, ആയുധങ്ങൾ, മുദ്രകൾ എന്നിവയാണ്. കൂടാതെ ചെമ്പ്, ആനക്കൊമ്പ്, മൃഗങ്ങളുടെ അസ്ഥികൾ എന്നിവ ഉപയോഗിച്ച് നിർമിച്ച വിവിധ അലങ്കാരവസ്തുക്കളും ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കണ്ടെത്തിയ മുദ്രകളിൽ പ്രാചീനമായ 'ബ്രാഹ്മി' ലിപിയിൽ എഴുതപ്പെട്ടവയും ഉൾപ്പെടുന്നുവെന്ന് പുരാവസ്തു വകുപ്പ് മേധാവി പ്രൊഫസർ മഹേഷ് പ്രസാദ് അഹിർവാർ വ്യക്തമാക്കി. ഈ ലിപികളും മുദ്രകളും അക്കാലത്തെ ഭരണസംവിധാനങ്ങൾ, വ്യാപാരം, സാമ്പത്തിക വ്യവസ്ഥകൾ എന്നിവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ചരിത്രകാരന്മാരെ സഹായിക്കും.
പുരാവസ്തുക്കൾക്ക് പുറമെ മറ്റൊരു സുപ്രധാന കണ്ടെത്തൽ കൂടി ഈ പെട്ടികളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലുടനീളമുള്ള വിവിധ പുരാവസ്തു കേന്ദ്രങ്ങളെയും ശില്പങ്ങളെയും കുറിച്ചുള്ള ആയിരക്കണക്കിന് ഫോട്ടോഗ്രാഫുകളാണ് ഇതിലുള്ളത്. ഏകദേശം 3,000 ഗ്ലാസ് സ്ലൈഡുകളും 5,000ത്തിലധികം ഫോട്ടോഗ്രാഫിക് നെഗറ്റീവുകളും ഈ ശേഖരത്തിൽ ഉൾപ്പെടുന്നു.
രാജ്ഘട്ട്, മാഞ്ചി, രത്നഗിരി, അജന്ത, എല്ലോറ തുടങ്ങി ഇന്ത്യയിലെ പ്രധാന ചരിത്രസ്മാരകങ്ങളുടെ പതിറ്റാണ്ടുകൾക്ക് മുൻപുള്ള ദൃശ്യങ്ങളാണ് ഈ അപൂർവ്വ ചിത്രങ്ങളിലൂടെ ലഭ്യമാകുന്നത്. കണ്ടെത്തിയ വസ്തുക്കൾ കേടുകൂടാതെ സംരക്ഷിക്കുന്നതിനും കൃത്യമായി രേഖപ്പെടുത്തുന്നതിനുമായി മൂന്ന് പ്രത്യേക ഗവേഷക സംഘങ്ങളെ ഇതിനോടകം നിയോഗിച്ചിട്ടുണ്ടെന്ന് പ്രൊഫസർ അഹിർവാർ അറിയിച്ചു.
ബ്രാഹ്മി ലിപിയിലുള്ള മുദ്രകളും മറ്റും ശാസ്ത്രീയമായി പഠിക്കുന്നതിനായി ബി.എച്ച്.യു-വിലെ എപ്പിഗ്രാഫി (ലിപിപഠനം) വിദഗ്ധരെ ചുമതലപ്പെടുത്തും. ആവശ്യമെങ്കിൽ മറ്റ് സർവകലാശാലകളിൽ നിന്നുള്ള വിദഗ്ധരുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും.
കാശിയുടെയും ഗംഗാതടത്തിന്റെയും പുരാതന ചരിത്രത്തിലേക്കും, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപുള്ള മനുഷ്യരുടെ ജീവിതരീതികളിലേക്കും വെളിച്ചം വീശുന്ന നിർണായക വിവരങ്ങളായിരിക്കും ഈ ഗവേഷണങ്ങളിലൂടെ പുറത്തുവരിക എന്നാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്.


