ചാന്ദ്രദൗത്യത്തിന്റെ വിജയത്തിൽ ആർപ്പും ആരവവുമായി തലസ്ഥാനം
text_fieldsപി.എം.ജി ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നടന്ന ചന്ദ്രയാൻ മൂന്ന് വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് തത്സമയ
സംപ്രേഷണം ബിഗ് സ്ക്രീനിൽ മന്ത്രി ആർ. ബിന്ദു ഉൾപ്പെടെയുള്ളവർ ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങൾ -മുസ്തഫ അബൂബക്കർ
തിരുവനന്തപുരം: പ്ലാനറ്റേറിയത്തിനു നേരെ മുകളിൽ അമ്പിളിക്കല തെളിയവെ ചാന്ദ്രദൗത്യത്തിൽ രാജ്യം ചരിത്രത്തിലേക്കെത്തിയപ്പോൾ അതു കാണാനും സമ്മോഹനമായ ആ നിമിഷത്തിൽ പങ്കാളികളാകാനും പ്ലാനറ്റേറിയത്തിലെത്തിയത് നൂറുകണക്കിന് പേർ.
കൃത്യം 6.03ന് ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാൻ മൂന്നിന്റെ വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയപ്പോൾ ബിഗ് സ്ക്രീനിന്റെ മുന്നിൽ കൂടിനിന്നവർ അഭിമാനത്തോടെ ആരവമുയർത്തി. വാനിലേക്ക് കൈയുയർത്തി കൈയടികൾ നൽകി. കുറെ പേർ മൊബൈൽ ഫോണുകളിൽ ഈ ചരിത്ര മുഹൂർത്തം പകർത്തുന്ന തിരക്കിലായിരുന്നു. വിദ്യാർഥികൾ സന്തോഷമടക്കാനാകാതെ തുള്ളിച്ചാടി. അമ്മമാർക്കൊപ്പം തത്സമയ സംപ്രേഷണം കാണാനെത്തിയ കുരുന്നുമക്കൾ ചുറ്റും കൂടിയവരുടെ സന്തോഷം കണ്ട് നിറഞ്ഞു ചിരിച്ചു.
മന്ത്രി ആർ. ബിന്ദുവും വി.കെ. പ്രശാന്ത് എം.എൽ.എയും സന്തോഷവും ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങളും അറിയിച്ചു. കാൽപനികതയുടെ ബിംബമായ ചന്ദ്രന്റെ വസ്തുനിഷ്ഠമായ കാര്യങ്ങളും ഭൗതികസാഹചര്യങ്ങളും പഠിക്കാൻ ഈ ദൗത്യംവഴി കഴിയട്ടെയെന്ന് മന്ത്രി ആർ. ബിന്ദു ആശംസിച്ചു. ഇനി നമ്മുടെ ലക്ഷ്യവും പരിശ്രമവും ചൊവ്വ ദൗത്യത്തിനായിരിക്കണമെന്നും അതിനു ശാസ്ത്രജ്ഞർക്ക് കഴിയട്ടെയെന്നും അവർ പറഞ്ഞു.
മുറ്റത്തും കെട്ടിടത്തിനകത്തും വലിയ സ്ക്രീനുകളിൽ വൈകീട്ട് അഞ്ചരയോടെതന്നെ ലൈവ് ടെലികാസ്റ്റിങ് ആരംഭിച്ചിരുന്നു. എന്നിട്ടും, സോഫ്റ്റ് ലാൻഡിങ് കാഴ്ച്ച കാണാൻ ഓടിക്കിതച്ചെത്തിയ കുറെപേർക്ക് പക്ഷേ, അതു കാണാനായില്ല. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് അവർക്ക് ഈ കാഴ്ച നഷ്ടമായത്. എന്നിട്ടും, പലരും നഷ്ടബോധം കലർന്ന ചിരിയോടെ സ്ക്രീനിനടുത്തേക്ക് ഓടി. ചന്ദ്രനിൽ വിക്രം ലാൻഡറിനൊപ്പം നിൽക്കുന്ന തരത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഫോട്ടോ എടുക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരുന്നു.
ക്യൂ.ആർ കോഡ് സ്കാൻ ചെയ്താൽ ഈ ഫോട്ടോ ലഭിക്കും. പരീക്ഷ നടക്കുന്ന ദിവസങ്ങളായിട്ടും തത്സമയ സംപ്രേഷണം കാണാൻ നിരവധി സ്കൂളുകളിൽനിന്നുള്ള കുട്ടികൾ ഇവിടെ എത്തിയിരുന്നു. വിക്രം ലാൻഡർ ചന്ദ്രനെ തൊടുന്നത് ബിഗ് സ്ക്രീനിൽ കാണാൻ കെ.എസ്.എഫ്.ഡി.സി സൗകര്യം ഒരുക്കിയിരുന്നു. ശ്രീ തിയറ്ററിലാണ് വൈകിട്ട് 5.45 മുതൽ 6.05 വരെ ഈ സൗകര്യമൊരുക്കിയത്.