Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightചന്ദ്രയാൻ മൂന്നിന്‍റെ...

ചന്ദ്രയാൻ മൂന്നിന്‍റെ സഞ്ചാരം ലൂണാർ ട്രാൻഫർ ട്രജക്ടറിയിലൂടെ...

text_fields
bookmark_border
Chandrayaan 3, moon mission, isro
cancel

ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ മൂന്ന് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്രയിലാണ്. 17 ദിവസം ഭൂമിയെ വലംവച്ച ശേഷം ആഗസ്റ്റ് ഒന്നിനാണ് പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് നീങ്ങിയത്. അഞ്ച് തവണ വിജയകരമായി ഭ്രമണപഥം ഉയർത്തിയാണ് ഭൂഗുരുത്വ വലയത്തിൽ നിന്ന് ചന്ദ്രയാന്‍ മൂന്ന് പുറത്തു കടന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ശരാശരി ദൂരം 3,84,000 കിലോമീറ്ററാണ്.

ജൂലൈ 14നാണ് ചന്ദ്രയാൻ മൂന്നിനെ ഭൂമിയുടെ 170 കിലോമീറ്റർ അടുത്തും 36500 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിൽ എൽ.വി.എം 3 റോക്കറ്റ് എത്തിച്ചത്. തുടർന്ന് ജൂലൈ 15, 17, 18, 20, 25 ദിവസങ്ങളിലായി പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലിക്വുഡ് പ്രൊപ്പൽഷൻ എൻജിൻ പ്രവർത്തിപ്പിച്ച് ഭ്രമണപഥം വികസിപ്പിച്ചു. ബം​ഗ​ളൂ​രു​വി​ലെ സാ​റ്റ​ലൈ​റ്റ് സെന്‍ററാണ് ഇതിന് ​മേൽനോട്ടം വഹിച്ചത്.

ജൂലൈ 15നാണ് ആദ്യ ഭ്രമണപഥ വികസിപ്പിക്കൽ നടന്നത്. ഇതോടെ ഭൂമിയുടെ 173 കിലോമീറ്റർ അടുത്തും 41762 കിലോമീറ്റർ അകലെയുമായി പേടകം വലംവെക്കാൻ തുടങ്ങി. ജൂലൈ 17ന് രണ്ടാം തവണ ഭ്രമണപഥം വികസിപ്പിച്ച് പേടകം 226 കിലോമീറ്റർ അടുത്തും 41603 കിലോമീറ്റർ അകലെയും എത്തിച്ചു.


ജൂലൈ 18ന് മൂന്നാമതും വികസിപ്പിച്ച് ഭൂമിയുടെ 228 കിലോമീറ്റർ അടുത്തും 51400 കിലോമീറ്റർ അകലെയുമുള്ള ഭ്രമണപഥത്തിലേക്ക് പേടകത്തെ മാറ്റി. നാലാം ഭ്രമണപഥ മാറ്റം ജൂലൈ 20നാണ് നടന്നത്. ഇതോടെ, ഭൂമിയും പേടകവും തമ്മിലുള്ള കുറഞ്ഞ അകലം 233 കിലോമീറ്ററും കൂടിയ അകലം 71351 കിലോമീറ്ററുമായി.

ജൂലൈ 25ന് അഞ്ചാമത്തെയും അവസാനത്തെയുമായ ഭ്രമണപഥ വികസിപ്പിക്കൽ വിജയകരമായി പൂർത്തിയാക്കി. തുടർന്നുള്ള അഞ്ച് ദിവസം ചന്ദ്രയാൻ മൂന്ന് ഭൂമിയിൽ നിന്ന് 1,27,609 കിലോമീറ്റർ അകലെയും 236 കിലോമീറ്റർ അടുത്തുമുള്ള ഭ്രമണപഥത്തിൽ വലംവെച്ചു.


ഭൂമിയെ വലം വെക്കുന്നത് പൂർത്തിയാക്കിയ പേടകത്തെ ആഗസ്റ്റ് ഒന്നിന് ലിക്വുഡ് പ്രൊപ്പൽഷൻ എൻജിൻ പ്രവർത്തിച്ച് ട്രാൻസ് ലൂണാർ ഓർബിറ്റിലേക്ക് മാറ്റി. ഇനിയുള്ള നാല് ദിവസം ലൂണാർ ട്രാൻഫർ ട്രജക്ടറിയിലൂടെയാണ് ചന്ദ്രയാൻ മൂന്ന് യാത്ര ചെയ്യുന്നത്. ആഗസ്റ്റ് അഞ്ചിന് ചന്ദ്രന്‍റെ ഗുരുത്വാകർഷണ വലയത്തിൽ പേടകം പ്രവേശിക്കും. ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ വലം വെക്കുന്ന പേടകവും ചന്ദ്രനും തമ്മിലുള്ള അകലം അഞ്ച് ഘട്ടങ്ങളിലായി കുറക്കും.


100 കിലോമീറ്റർ വൃത്താകൃതിയിലെ ഭ്രമണപഥത്തിൽ എത്തുന്നതോടെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ലാൻഡർ വേർപെടും. തുടർന്ന് ചന്ദ്രന്‍റെ 100 കിലോമീറ്റർ അകലെയും 30 കിലോമീറ്റർ അടത്തുമുള്ള ഭ്രമണപഥത്തിൽ പ്രവേശിക്കുന്ന ലാൻഡറിന്‍റെ സോഫ്റ്റ് ലാൻഡിങ് ആഗസ്റ്റ് 23നാണ്.



Show Full Article
TAGS:Chandrayaan 3 moon mission isro 
News Summary - Chandrayaan 3's journey through the Lunar Transfer Trajectory...
Next Story