Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഐ.എസ്.ആർ.ഒയിൽ...

ഐ.എസ്.ആർ.ഒയിൽ നൂറിലധികം ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞ് പോക്ക്; അടിയന്തര ഇടപെടലുമായി ബഹിരാകാശ വകുപ്പ്

text_fields
bookmark_border
Isro
cancel

ബംഗളൂരു: ഗഗൻയാൻ ഉൾപ്പെടെയുള്ള ഐ.എസ്.ആർ.ഒയുടെ സുപ്രധാന ബഹിരാകാശ ദൗത്യങ്ങളിൽ നിന്നും ശാസ്ത്രജ്ഞർ കൂട്ടത്തോടെ രാജിവെക്കുന്ന സാഹചര്യത്തിൽ കർശന നടപടികളുമായി ബഹിരാകാശ വകുപ്പ്. ജൂലൈ 14-ന് പുറത്തിറക്കിയ ആഭ്യന്തര ഉത്തരവ് പ്രകാരം, ഗഗൻയാൻ പോലുള്ള നിർണ്ണായക ദൗത്യങ്ങളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർക്ക് പെട്ടെന്ന് ജോലിയിൽ നിന്ന് വിരമിക്കുന്നതിനോ രാജിവെക്കുന്നതിനോ ഉള്ള അനുമതി കർശനമായി തടഞ്ഞു. പദ്ധതികളുടെ സുഗമമായ നടത്തിപ്പിനെ ഈ കൊഴിഞ്ഞുപോക്ക് ബാധിക്കുന്നുണ്ടെന്ന് കണ്ടാണ് വകുപ്പ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയത്.

പുതിയ നടപടി പ്രകാരം മുമ്പ് അതത് സെന്റർ ഡയറക്ടർമാർക്ക് ഉണ്ടായിരുന്ന അധികാരം ഇപ്പോൾ ബഹിരാകാശ വകുപ്പ് എടുത്തുമാറ്റിയിരിക്കുകയാണ്. ഗഗൻയാൻ ഉൾപ്പെടെയുള്ള നിർണ്ണായക ദൗത്യങ്ങളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞരുടെ രാജി, സ്വയം വിരമിക്കൽ അപേക്ഷകൾ ഇനി പതിവ് നടപടിയായി സ്വീകരിക്കാൻ പാടില്ലെന്ന് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ പദ്ധതികൾ പൂർത്തിയാകുന്നത് വരെ അത്തരം അപേക്ഷകൾ സ്വീകരിക്കരുതെന്ന് സെന്റർ ഡയറക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. പകരം, ഡയറക്ടർമാരുടെ ശിപാർശ സഹിതം എല്ലാ അപേക്ഷകളും അന്തിമ തീരുമാനത്തിനായി ബഹിരാകാശ വകുപ്പിന് സമർപ്പിക്കണം.

2020 നവംബർ 25ലെ മെമ്മോറാണ്ടം പ്രകാരം, ഗ്രൂപ്പ് 'എ' ശാസ്ത്രജ്ഞരുടെയും സാങ്കേതിക വിദഗ്ധരുടെയും രാജി, വിരമിക്കൽ അപേക്ഷകളിൽ തീരുമാനമെടുക്കാൻ സെന്റർ ഡയറക്ടർമാർക്കും യൂണിറ്റ് മേധാവികൾക്കും നൽകിയിരുന്ന അധികാരം ഈ പുതിയ ഉത്തരവോടെ അസാധുവാക്കപ്പെട്ടു. ഗഗൻയാൻ ഉൾപ്പെടെയുള്ള പ്രധാന ദൗത്യങ്ങളിലുള്ള ശാസ്ത്രജ്ഞരുടെ കാര്യത്തിൽ ഇനി ഈ അധികാരം സെന്റർ ഡയറക്ടർമാർക്കുണ്ടായിരിക്കില്ല.

ഔദ്യോഗികമായി കണക്കുകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ഏകദേശം 120ഓളം ശാസ്ത്രജ്ഞർ അടുത്തിടെ രാജിവെച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യു.ആർ.എസ്‌.സിയിൽ നിന്ന് മാത്രം 80 പേരും വി.എസ്.എസ്‌.സിയിൽ നിന്ന് 20 പേരും രാജിവെച്ചവരിൽ ഉൾപ്പെടുന്നു. ഇതിൽ എൽ.വി.എം-3 പ്രോജക്ട് ഡയറക്ടർ വിക്ടർ ജോസഫ്, സ്‌പേഡെക്സ് പ്രോജക്ട് ഡയറക്ടർ, ചന്ദ്രയാൻ-3 ദൗത്യത്തിലെ നിർണായക പങ്ക് വഹിച്ച യുവ ശാസ്ത്രജ്ഞൻ എന്നിവർ ഉൾപ്പെട്ടത് ഐ.എസ്.ആർ.ഒയെ സംബന്ധിച്ചിടത്തോളം വലിയൊരു നഷ്ടമാണ്. എന്നാൽ, ഇത്തരം കൊഴിഞ്ഞുപോക്കുകൾ ഏത് സ്ഥാപനത്തിലും സ്വാഭാവികമാണെന്നും, പദ്ധതികൾ മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകാൻ ഐ.എസ്.ആർ.ഒ സജ്ജമാണെന്നും ചെയർമാൻ വി. നാരായണൻ വ്യക്തമാക്കി.

ഐ.എസ്.ആർ.ഒയിൽ ഇത്തരത്തിലുള്ള കൊഴിഞ്ഞുപോക്ക് പുതിയ കാര്യമല്ലെങ്കിലും, ഇത്തവണ അത് അതീവ പ്രാധാന്യമുള്ള പദ്ധതികളെ ബാധിക്കുന്ന തലത്തിലേക്ക് എത്തിയിരിക്കുന്നു. 2012 മുതൽ 2024 വരെയുള്ള കാലയളവിൽ ഏകദേശം 700-ഓളം ജീവനക്കാരാണ് ഐ.എസ്.ആർ.ഒയിൽ നിന്ന് രാജിവെച്ചത്. ഐ.എസ്.ആർ.ഒയിലെ 14,600ൽ അധികം വരുന്ന മൊത്തം ജീവനക്കാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ രാജിവെക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും, തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ നിന്നുള്ള ഈ കൊഴിഞ്ഞുപോക്ക് കനത്ത ആശങ്കയാണ് ഉയർത്തുന്നത്.

നിലവിൽ ആയിരത്തിലധികം തസ്തികകളിലേക്ക് നിയമന നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും അനുഭവസമ്പന്നരായ ഒരു ശാസ്ത്രജ്ഞനെ പെട്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനെക്കൊണ്ട് പകരം വെക്കുക എന്നത് അത്ര എളുപ്പമല്ല. ദേശീയ പ്രാധാന്യമുള്ള ദൗത്യങ്ങളുടെ സുഗമമായ നടത്തിപ്പിന് പരിചയസമ്പത്തുള്ളവരുടെ സേവനം അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവാണ് ​ഐ.എസ്.ആർ.ഒയെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.

Show Full Article
TAGS:ISRO employees gaganyaan mission scientists of ISRO Voluntary retirement Resignations 
News Summary - Isro Resignations: Department of space moves to stem exodus from key Isro missions
Next Story