Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_right12,500 വർഷങ്ങൾ മുമ്പ്...

12,500 വർഷങ്ങൾ മുമ്പ് വംശനാശം; 'ഗെയിം ഓഫ് ത്രോൺസിലെ' ഡെയർ ചെന്നായ്ക്കൾക്ക് ജനിതക എൻജിനീയറിങ്ങിലൂടെ പുനർജന്മം

text_fields
bookmark_border
dire wolf 908987
cancel

നൂറ്റാണ്ടുകൾക്ക് മുമ്പ് വംശനാശം സംഭവിച്ചുപോയ ജീവിവർഗങ്ങളെ പുന:സൃഷ്ടിക്കാനാകുമോ? സാധിക്കുമെന്നാണ് ടെക്‌സാസ് ആസ്ഥാനമായ കൊളോസല്‍ ബയോസയന്‍സസ് എന്ന ജെനിറ്റിക് എൻജിനീയറിങ് സ്ഥാപനം പ്രഖ്യാപിച്ചിരിക്കുന്നത്. 12,500 വർഷം മുമ്പ് വംശനാശം സംഭവിച്ച ഡയർ ചെന്നായ്ക്കളെ ജീൻ എഡിറ്റിങ്ങിലൂടെ വീണ്ടും സൃഷ്ടിച്ചതായി കൊളോസല്‍ ബയോസയന്‍സസ് അവകാശപ്പെട്ടു. ഡെയർ ചെന്നായ്ക്കളെ എല്ലാവർക്കും അറിയാൻ വഴിയില്ല. 'ഗെയിം ഓഫ് ത്രോൺസ്' വെബ് സീരീസിലെ കൂറ്റൻ വെള്ള ചെന്നായ്ക്കളെ ഓർമയില്ലേ. അവയാണ് ഡെയർ ചെന്നായ്ക്കൾ.

റോമുലസ്, റീമസ് എന്നീ രണ്ട് ചെന്നായ്ക്കുഞ്ഞുങ്ങളെയാണ് ജനിതക എഞ്ചിനീയറിങ്ങിലൂടെ പുന:സൃഷ്ടിച്ചത്. 12,500 വർഷങ്ങൾക്ക് മുമ്പ് വടക്കേ അമേരിക്കൻ വൻകരയിൽ ജീവിച്ചിരുന്നവയാണ് ഡെയർ ചെന്നായകൾ. സാധാരണ ചെന്നായ്കളേക്കാൾ വളരെയേറെ വലിപ്പമുള്ളവയാണ് ഇവ. കാലാവസ്ഥാ വ്യതിയാനവും ഇരകളുടെ ദൗർലഭ്യവും കാരണം ഇവയ്ക്ക് വംശനാശം സംഭവിച്ചുവെന്നാണ് കരുതുന്നത്. പലപ്പോഴായി ഇവയുടെ ഫോസിലുകൾ കണ്ടെത്തിയിരുന്നു.

12,500 വർഷവും 70,000 വർഷവും പഴക്കമുള്ള ഫോസിലിൽ നിന്ന് ഡെയർ ചെന്നായ്ക്കളുടെ ഡി.എൻ.എ വേർതിരിച്ചെടുത്താണ് ഇവയുടെ ജനിതക ഘടന പഠിച്ചത്. ഡയര്‍ ചെന്നായ്ക്കളുടെ ജീവിച്ചിരിക്കുന്ന ഏറ്റവും അടുത്ത ബന്ധുവാണ് ഇപ്പോഴുള്ള ഗ്രേ ചെന്നായ്ക്കൾ. ഗ്രേ ചെന്നായ്ക്കളുടെ ഭ്രൂണത്തിന്‍റെ ജനിതകഘടനയിൽ CRISPR ജീൻ എഡിറ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊളോസല്‍ ബയോസയന്‍സസിലെ ശാസ്ത്രജ്ഞർ 14 എഡിറ്റിങ്ങുകൾ നടത്തി ഡയർ ചെന്നായ്ക്കളുടെ ജനിതകഘടന സൃഷ്ടിക്കുകയായിരുന്നു. തുടർന്നാണ് ഡയർ ചെന്നായ്ക്കളുടെ എല്ലാ ജനിതക സ്വഭാവങ്ങളോടും കൂടിയ ചെന്നായ്ക്കൾ ജന്മമെടുത്തത്.

2024 ഒക്ടോബര്‍ ഒന്നിനായിരുന്നു രണ്ട് ചെന്നായ്ക്കുഞ്ഞുങ്ങളുടെയും ജനനം. ആറ് മാസം മാത്രം പ്രായമുള്ള ഇവയ്ക്ക് ഇതിനകം നാല് അടി നീളവും 36 കിലോഗ്രാമില്‍ കൂടുതല്‍ ഭാരവുമുണ്ട്. വംശനാശത്തില്‍ നിന്ന് പുനര്‍ജനിച്ച ഈ രണ്ട് ചെന്നായ്ക്കളും ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് കമ്പനി പറയുന്നു. സാധാരണ നായ്കുട്ടികള്‍ മനുഷ്യരെ കാണുമ്പോള്‍ കാണിക്കുന്ന അടുപ്പവും പ്രസരിപ്പും ഇവ കാണിക്കുന്നില്ല. പകരം പേടിച്ച് പിന്‍വാങ്ങി നില്‍ക്കുകയാണ് ചെയ്യുന്നത്. ചെറുപ്പം തൊട്ടുതന്നെ ഇവരെ പരിപാലിക്കുന്നവരോട് പോലും ഇവ അടുപ്പം കാണിക്കുന്നില്ല. ഡയര്‍ വുള്‍ഫുകളുടെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നാണിത്.

ജനിതകശാസ്ത്രത്തിലെ നാഴിക്കല്ലാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് വംശനാശം സംഭവിച്ച ചെന്നായ്ക്കളെ പുന:സൃഷ്ടിച്ചതിലൂടെ സംഭവിച്ചതെന്ന് കൊളോസല്‍ ബയോസയന്‍സസ് അവകാശപ്പെട്ടു. വംശനാശം സംഭവിച്ച ഡോഡോ പക്ഷികൾ, വൂളി മാമോത്ത് എന്നിവയെയും പുന:സൃഷ്ടിക്കാനുള്ള പദ്ധതികൾ കമ്പനിക്കുണ്ട്.

Show Full Article
TAGS:Colossal Biosciences Genetic Engineering Dire wolves 
News Summary - Dire wolves are alive again after 12,500 years
Next Story