നമ്മൾ എല്ലാവരും ഒരേ നിറത്തെ കാണുന്നത് ഒരുപോലെയാണോ? അതോ വ്യത്യസ്തമോ?
text_fieldsഒരു നിറത്തെ എല്ലാ മനുഷ്യരും ഒരുപോലെയാണോ കാണുന്നത്? അതോ ടെലിവിഷൻ സ്ക്രീൻ പോലെ വ്യത്യസ്തമായാണോ? കാഴ്ചപ്പാട് മാറുമെങ്കിലും നിഞ്ഞിന്റെ ആഴം നമ്മൾ ഒരു പോലെ തന്നെയല്ലേ കാണുന്നത് എന്നു തോന്നാം. എന്നാൽ ശാസ്ത്രീയ ഗവേഷണത്തിലൂടെ കണ്ടെത്തുന്നത് ഓരോരുത്തരും ഓരോ രീതിയിലാണ് നിറങ്ങളെ കാണുന്നത് എന്നാണ്. ഇതിനായി പല ഗവേഷണങ്ങളും നടക്കുന്നുണ്ട്.
എം.ആർ.ഐ സ്കാനിങ്ങിലൂടെ തലച്ചോറിന്റെ വ്യക്തമായ ചിത്രം കാണാൻ കഴിയും. ഓരോന്നിനോടും തലച്ചോർ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു. എം.ആർ.ഐ സ്കാനിങ്ങിലൂടെയാണ് കഴ്ചയെ സംബന്ധിച്ച ഗവേഷണം നടന്നത്. മെഷീനിൽ പല വസ്തുക്കളും വച്ച ശേഷം തലച്ചോർ എങ്ങനെയാണ് പ്രതികരിക്കുക എന്നത് വിവിധ ഇമേജുകളിൽ നിന്ന് പഠനവിധേയമാക്കി. അപ്പോൾ മനസിലായി പലരുടെയും തലച്ചോർ പല രീതിയിലാണ് പ്രതികരിക്കുന്നതെന്ന്. പിന്നീട് ഒരേ വസ്തു വച്ച് ഈ പരീക്ഷണം ആവർത്തിച്ചു. മനുഷ്യർക്കെല്ലാം നിറങ്ങളോടുള്ള പ്രതികരണം ഒന്നാണോ എന്നു കണ്ടെത്തുകയായിരുന്നു ആന്ദ്രിയാസ് ബാർട്ടൽസ്, മൈക്കൽ ബിനർട്ട് എന്നീ ജർമൻ ശാസ്ത്രജ്ഞർ.
15 മനുഷ്യരെ എം.ആർ.ഐ സ്കാനിങ്ങിന് വിയേമാക്കി. ചുവപ്പ്, മഞ്ഞ, പച്ച എന്നീ നിറങ്ങളിലുള്ള റിങ്ങുകൾ സ്കാനറിലൂടെ വീക്ഷിച്ചു. ഇവർക്ക് കണ്ടെത്താൻ കഴിഞ്ഞത് നിറത്തോടുള്ള എല്ലാവരുടെയും പ്രതികരണം ഒരു പോലെയായിരുന്നു എന്നാണ്. എന്നാൽ എല്ലാവരും എപ്പോഴും ഒരേ നിറം ഒരു പോലെയല്ല കാണുന്നതെന്ന് മനസിലായി.
എല്ലാവരുടെയും റെറ്റിനയിലെ ന്യൂറോണുകളിലെത്തുന്നത് ഒരേ കാഴ്ചയുടെ സിഗ്നലുകളാണ്. എന്നാൽ അവരുടെ തലച്ചോർ ഇതിനെ വ്യാഖ്യാനിക്കുന്നത് വ്യത്യസ്തമായാണ്. നിറം ഒരു കൃത്യതയാർന്ന വസ്തുവല്ല തലച്ചോറിനെ സംബന്ധിച്ച്, മറിച്ച് നിറത്തിന്റെ പ്രകാശത്തെ തലച്ചോറിന്റെ കണക്കുകൂട്ടലനുസരിച്ച് വ്യത്യസ്തമായാണ് ഓരോരുത്തരും വീക്ഷിക്കുന്നത് എന്നാണ് കണ്ടെത്തൽ. ദി ജേർണൽ ഓഫ് ന്യൂറോ സയൻസ് എന്ന പ്രസിദ്ധീകരണത്തിൽ ഇവരുടെ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.