ഭൂമിക്കപ്പുറവും മനുഷ്യവാസം; ‘ഭീം’ ആശയവുമായി ശുഭാൻഷു ശുക്ല
text_fieldsശുഭാൻഷു ശുക്ല, ശുഭാൻഷു ശുക്ല അവതരിപ്പിച്ച ആശയത്തിന്റെ രൂപരേഖ
ബംഗളൂരു: ഭൂമിക്ക് പുറത്തുള്ള ഗ്രഹങ്ങളിലും ഛിന്നഗ്രഹങ്ങളിലും മനുഷ്യർക്ക് ദീർഘകാലം താമസിക്കാനും ജോലി ചെയ്യാനും കഴിയുന്ന വാസകേന്ദ്രങ്ങൾ എങ്ങനെയായിരിക്കണമെന്ന ആശയവുമായി ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല. ‘ഭീം’ (ഭാരതീയ ഹാബിറ്റബ്ൾ എക്സ്പാൻഡബ്ൾ എക്സ്ട്രാ ടെറസ്ട്രിയൽ ഹാബിറ്റാറ്റ്) എന്ന പേരിലാണ് ശുഭാൻഷു തന്റെ ആശയം അവതരിപ്പിച്ചിരിക്കുന്നത്.
ബഹിരാകാശ യാത്രക്കുള്ള പേടകങ്ങൾ വികസിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, ചന്ദ്രനിലോ ചൊവ്വയിലോ മനുഷ്യർ എത്തിക്കഴിഞ്ഞാൽ അവിടെ എങ്ങനെ ജീവിക്കുമെന്ന ചോദ്യത്തിനാണ് ‘ഭീം’ ഉത്തരം തേടുന്നത്. റഷ്യയിലെ പരിശീലനത്തിന് ശേഷം ഇന്ത്യയിൽ നടന്ന ബഹിരാകാശ സഞ്ചാരി പരിശീലനത്തിന്റെ ഭാഗമായുള്ള അക്കാദമിക് ഗവേഷണത്തിൽനിന്നാണ് ഈ ആശയം രൂപപ്പെട്ടതെന്ന് ശുഭാൻഷു വ്യക്തമാക്കി. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ‘അലോക് ലാബി’ലാണ് പദ്ധതി വികസിപ്പിച്ചത്.
ഇന്ത്യയിലെ പരിശീലനത്തിൽ വിക്ഷേപണ വാഹനത്തിന്റെയും ഓർബിറ്റൽ മൊഡ്യൂളിന്റെയും സംവിധാനങ്ങൾ പഠിക്കുന്നതിനൊപ്പം ശാരീരിക പരിശീലനവും ബഹിരാകാശ യാത്രയുമായി ബന്ധപ്പെട്ട പ്രത്യേക പരിശീലനങ്ങളും ബഹിരാകാശ സഞ്ചാരികൾക്ക് നൽകിയിരുന്നു. ഭാവിയിലെ ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾക്ക് സഹായകരമാകുന്ന വിഷയങ്ങളിൽ അക്കാദമിക് ഗവേഷണം നടത്താനും ഇവരെ പ്രോത്സാഹിപ്പിച്ചു. ഇതിന്റെ ഭാഗമായാണ് ശുഭാൻഷു ഭൂമിക്കപ്പുറത്തെ മനുഷ്യവാസ കേന്ദ്രങ്ങളെ ഗവേഷണ വിഷയമായി തെരഞ്ഞെടുത്തത്. ചന്ദ്രൻ, ചൊവ്വ തുടങ്ങിയ സ്ഥലങ്ങളിൽ ദീർഘകാല മനുഷ്യവാസം യാഥാർഥ്യമാക്കുന്നത് എളുപ്പമല്ല.
ശക്തമായ ബഹിരാകാശ വികിരണം, അതിതീവ്രമായ താപനില വ്യതിയാനങ്ങൾ, ജീവൻ നിലനിർത്താനുള്ള സംവിധാനങ്ങൾ, ഊർജലഭ്യത, ഭൂമിയിൽനിന്ന് വ്യത്യസ്തമായ സാഹചര്യങ്ങളിലെ നിർമാണം തുടങ്ങിയവ വലിയ വെല്ലുവിളികളാണെന്ന് ശുഭാൻഷു ചൂണ്ടിക്കാട്ടുന്നു.
ഭാവിയിൽ ബഹിരാകാശ ദൗത്യങ്ങളുടെ ദൈർഘ്യം വർധിക്കുകയും മനുഷ്യൻ ഭൂമിക്കപ്പുറത്ത് സ്ഥിരസാന്നിധ്യം സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ‘അവിടെ മനുഷ്യർ എവിടെ താമസിക്കും’ എന്ന ചോദ്യം കൂടുതൽ നിർണായകമാകും. അതിനാൽ, അത്തരം വാസകേന്ദ്രങ്ങളെക്കുറിച്ചുള്ള ഗവേഷണം ഇപ്പോൾതന്നെ ആരംഭിക്കണമെന്നാണ് ശുഭാൻഷുവിന്റെ നിലപാട്.


