Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_rightഇന്ന് ദേശീയ ബഹിരാകാശ...

ഇന്ന് ദേശീയ ബഹിരാകാശ ദിനം; ഒമ്പത് മേഖലകളിൽ ഒന്നാം സ്ഥാനത്ത് തിളങ്ങി ഇന്ത്യ

text_fields
bookmark_border
ഇന്ന് ദേശീയ ബഹിരാകാശ ദിനം; ഒമ്പത് മേഖലകളിൽ ഒന്നാം സ്ഥാനത്ത് തിളങ്ങി ഇന്ത്യ
cancel

അഹമ്മദാബാദ്: റോക്കറ്റിന്റെ ഭാഗങ്ങൾ പഴയ സൈക്കിളുകളിൽ കൊണ്ടുനടന്ന കാലത്തുനിന്ന് ബഹിരാകാശ രംഗത്തെ നിർണായക ശക്തിയായി ഇന്ത്യ വളർന്നുവെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. വി. നാരായണൻ. മൂന്നാമത് ദേശീയ ബഹിരാകാശ ദിനാഘോഷത്തിന്റെ ഭാഗമായി അഹ്മദാബാദിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിക്ക് തുടക്കമിട്ട കാലത്ത് റോക്കറ്റിന്റെ ഭാഗങ്ങൾ കൊണ്ടുപോകാൻ മറ്റ് വാഹനങ്ങളൊന്നും ഉണ്ടായിരുന്നില്ല. പഴയ സൈക്കിളുകളെയാണ് അന്ന് ആശ്രയിച്ചിരുന്നത്. എന്നാൽ ആ എളിയ തുടക്കത്തിൽ നിന്ന് ഇന്ന് ഒൻപത് മേഖലകളിൽ ഒന്നാം സ്ഥാനത്തെത്താൻ ഇന്ത്യക്ക് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ഈ നേട്ടം ഐ.എസ്.ആർ.ഒയുടെ മാത്രം വിജയമല്ലെന്നും രാജ്യത്തെ ബഹിരാകാശ സമൂഹം, അക്കാദമിക് രംഗം, വ്യവസായ പങ്കാളികൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തിന്റെ നേട്ടങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. 2023 ആഗസ്റ്റ് 23ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം വിക്രം ലാൻഡർ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയിരുന്നു. എന്നാൽ ദൗത്യത്തിന്റെ നേട്ടം ചന്ദ്രനിലിറങ്ങിയതിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും വിലപ്പെട്ട ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാനും കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രയാൻ-3 ശേഖരിച്ച വിവരങ്ങൾ ലോകമെമ്പാടുമുള്ള ഗവേഷകർക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞർക്ക് വിവരങ്ങൾ കൂടുതൽ പഠിക്കാനും വിശകലനം ചെയ്യാനും അവസരം ലഭിച്ചു.

140 കോടി ഇന്ത്യക്കാരെ പ്രചോദിപ്പിക്കാൻ കഴിഞ്ഞതാണ് ചന്ദ്രയാൻ-3യുടെ മറ്റൊരു പ്രധാന നേട്ടമെന്നും നാരായണൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും രാജ്യത്തിന്റെ ബഹിരാകാശ മേഖലയിലെ മുന്നേറ്റത്തിന് നിർണായകമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2023 ആഗസ്റ്റ് 23ന് ചന്ദ്രയാൻ-3യുടെ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വിജയകരമായി ഇറങ്ങിയതിന്റെ ഓർമക്കായാണ് ദേശീയ ബഹിരാകാശ ദിനം ആചരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന് സമീപം സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയതും ഈ ദൗത്യത്തിലൂടെയാണ്. ലാൻഡറിനൊപ്പമുണ്ടായിരുന്ന പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ വിവിധ ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുകയും നിർണായക വിവരങ്ങൾ ഭൂമിയിലേക്ക് കൈമാറുകയും ചെയ്തു.

ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനൊപ്പം ശാസ്ത്രം, സാങ്കേതികവിദ്യ, ഗവേഷണം, നവീകരണം തുടങ്ങിയ മേഖലകളിലേക്ക് കൂടുതൽ യുവാക്കളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദേശീയ ബഹിരാകാശ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

Show Full Article
TAGS:National Space Day ISRO Chairman Chandrayaan-3 Vikram Lander 
News Summary - India Shines on Space Day
Next Story