ഇന്ദിര പറഞ്ഞു; നെഹ്റു വേണ്ട, ആര്യഭട്ട മതി
text_fieldsഡോ. സതീഷ് ദവാൻ, എ.പി.െജ. അബ്ദുൽ കലാം എന്നിവർക്കൊപ്പം
ഇന്ദിരാ ഗാന്ധി
1975 ഏപ്രിൽ 19. ബഹിരാകാശ പര്യവേക്ഷണ മത്സരത്തിലെ ആദ്യ ഇലവനിൽ ഇന്ത്യ സ്ഥാനം പിടിച്ച ദിവസമായിരുന്നു അന്ന്. സോവിയറ്റ് യൂനിയനിലെ വോള്ഗാഗ്രാഡിനടുത്തുള്ള കപൂസ്നിന്യാർ കോസ്മോഡ്രാമിൽനിന്നും ഇന്റർകോസ്മോസ് റോക്കറ്റിലേറി ‘ആര്യഭട്ട’ ആകാശത്തേക്ക് കുതിച്ചതോടെ, ഉപഗ്രഹവിക്ഷേപണത്തിൽ വിജയിച്ച പതിനൊന്നാമത്തെ രാജ്യമായി ഇന്ത്യ മാറി. ആ ചരിത്ര നിമിഷങ്ങൾക്ക് നാളെ 50 വയസ്സ് പൂർത്തിയാകുന്നു.
ഡോ. സതീഷ് ധവാനായിരുന്നു അന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ. പക്ഷേ, ഉപഗ്രഹ സാങ്കേതിക വിദ്യയിൽ അഗ്രഗണ്യനായിരുന്ന യു.ആർ. റാവുവാണ് ആര്യഭട്ടയുടെ നിർമാണത്തിന് നേതൃത്വം നൽകിയത്. പിൽക്കാലത്ത് ഐ.എസ്.ആർ.ഒ ചെയർമാനായ അദ്ദേഹം ആര്യഭട്ടയുടെ നിർമാണവുമായി ബന്ധപ്പെട്ട കൗതുകകരമായ സംഭവം തന്റെ ആത്മകഥയിൽ പറയുന്നുണ്ട്. ഉപഗ്രഹ നിർമാണം ആരംഭിക്കുമ്പോൾ ആ ദൗത്യത്തിനും കൃത്രിമോപഗ്രഹത്തിനും പ്രത്യേകം പേര് നൽകിയിരുന്നില്ല. നിർമാണം പൂർത്തിയായപ്പോൾ ചെയർമാൻ സതീഷ് ധവാൻ മൂന്ന് പേരുകൾ നിർദേശിച്ചു: മിത്ര, ആര്യഭട്ട, ജവഹർ. സോവിയറ്റ് യൂനിയനുമായുള്ള സഹകരണത്തെ സൂചിപ്പിക്കാനായിരുന്നു മിത്ര; മഹാനായ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞൻ ആര്യഭടനോടുള്ള ബഹുമാനാർഥമാണ് ആര്യഭട്ട നിർദേശിക്കപ്പെട്ടത്; നെഹ്റുവിനോടുള്ള ആദരസൂചകമായാണ് ജവഹർ എന്ന പേരും ഉയർന്നുവന്നത്. ഇതിലേത് എന്നതിൽ ഐ.എസ്.ആർ.ഒ നേതൃത്വത്തിനിടയിൽ ആശയക്കുഴപ്പമുണ്ടായപ്പോൾ വിഷയം പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ മുന്നിലെത്തി.
ഇന്ദിരയിൽനിന്ന്, ജവഹർ എന്ന പേര് ശാസ്ത്രജ്ഞർ പ്രതീക്ഷിച്ചിരുന്നോ എന്നറിയില്ല. എന്തായാലും, പ്രപഞ്ച വിജ്ഞാനീയത്തിലും ജ്യോതിശാസ്ത്രത്തിലും ഇന്ത്യയുടെ ഖ്യാതി ഉയർത്തിക്കാണിക്കാൻ ഏറ്റവും ഉചിതമായ പേര് ‘ആര്യഭട്ട’യാണെന്നായിരുന്നു ഇന്ദിര അഭിപ്രായപ്പെട്ടത്. അങ്ങനെയാണ് രാജ്യത്തിന്റെ ആദ്യ ഉപഗ്രഹത്തിന് ഈ പേര് വന്നത്.
360 കിലോഗ്രാം ഭാരമുണ്ടായിരുന്ന ആര്യഭട്ട 619 കിലോമീറ്റർ വരെ ഉയരത്തിൽ സഞ്ചരിച്ചു. പ്രതിദിനം 15 പ്രാവശ്യം ഭൂമിയെ വലംവെച്ചു. ഉപഗ്രഹത്തിന്റെ ചലനം നിരീക്ഷിക്കാൻ ശ്രീഹരിക്കോട്ടയിലും മോസ്കോക്കടുത്തുള്ള ബേയേഴ്സ് ലോക്കിലും പ്രത്യേകം സ്റ്റേഷനുകൾ ഒരുക്കി. ബാഹ്യാകാശത്തുനിന്നുള്ള എക്സ്റേ വികിരണം പഠിക്കാനും സൂര്യനിൽനിന്നു വരുന്ന ന്യൂേട്രാണുകളെയും ഗാമാ രശ്മികളെയും നിരീക്ഷിക്കാനും അയോണോസ്ഫിയർ പ്രക്രിയ പഠിക്കാനും മൂന്നു പേലോഡുകൾ ആര്യഭട്ടയിലുണ്ടായിരുന്നു.
1981 വരെ ഉപഗ്രഹം ആകാശത്ത് പ്രവർത്തിച്ചു. 92ൽ, ഭൂമിയുടെ അന്തരീക്ഷത്തിൽ തിരിച്ചെത്തി. ആര്യഭട്ടക്കുശേഷം ഐ.എസ്.ആർ.ഒ ഇതുവരെ 131 ഉപഗ്രഹങ്ങൾകൂടി വിക്ഷേപിച്ചു.