വിക്രം റെഡി! ഇന്ത്യയിൽ സ്വകാര്യ മേഖലയിലെ ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിന് സജ്ജമായി
text_fieldsബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യ പുതിയൊരു ചരിത്രംകുറിക്കാൻ പോവുകയാണ്. സ്കൈറൂട്ട് എയിറോസ്പേസ് എന്ന സ്വകാര്യ കമ്പനി വികസിപ്പിച്ച വിക്രം-1 റോക്കറ്റ് നിർണായക പരീക്ഷണങ്ങൾ വിജയകരമായി പിന്നിട്ടതോടെ വിക്ഷേപണത്തിനുള്ള അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ത്യയുടെ സ്വകാര്യ മേഖലയിലെ ആദ്യ ഓർബിറ്റൽ റോക്കറ്റായ വിക്രം-1, ഇപ്പോൾ ഐ.എസ്.ആർ.ഒയുടെ സതീഷ് ധവാൻ സ്പേസ് സെന്ററിലേക്ക് കൊണ്ടുപോയിട്ടുണ്ട്.
ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ആണ് സ്കൈ റൂട്ട്. റോക്കറ്റിന്റെ പേലോഡ് ഫെയറിംഗ് വേർതിരിക്കൽ പരീക്ഷണം ഉൾപ്പെടെയുള്ള നിർണായക ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായി കമ്പനി അറിയിച്ചു. ഓർബിറ്റൽ വിക്ഷേപണത്തിന് മുന്നോടിയായുള്ള പ്രധാന സാങ്കേതിക പരിശോധനകൾ പൂർത്തിയായതായിട്ടുണ്ട്. അടുത്ത ഘട്ടമായി ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിൽ അസംബ്ലി, ഇന്റഗ്രേഷൻ, അന്തിമ തയ്യാറെടുപ്പുകൾ എന്നിവ നടക്കും.
ഏകദേശം 20 മീറ്റർ ഉയരമുള്ള നാലു ഘട്ട റോക്കറ്റായ വിക്രം-1, 350 കിലോഗ്രാം വരെ ഭാരം കുറഞ്ഞ ഉപഗ്രഹങ്ങളെ ലോ എർത്ത് ഓർബിറ്റിലേക്ക് എത്തിക്കാൻ ശേഷിയുള്ളതാണ്. ചെലവ് കുറഞ്ഞ വാണിജ്യ ഉപഗ്രഹ വിക്ഷേപണ വിപണിയിൽ ഇന്ത്യയുടെ പങ്ക് വർധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം. 2018-ൽ സ്ഥാപിതമായ സ്കൈറൂട്ട് എയിറോസ്പേസ് , 2022-ൽ വിക്രം-എസ് എന്ന ഉപഓർബിറ്റൽ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ച് ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ രംഗത്ത് ശ്രദ്ധ നേടിയിരുന്നു. 2026ൽ തന്നെ വിക്രം-1ന്റെ ഓർബിറ്റൽ വിക്ഷേപണം നടക്കും.


