ദുരന്തനിവാരണത്തിന് നൂതന സംവിധാനവുമായി ദുബൈ
text_fieldsദുബൈ: ലോകമെമ്പാടുമുള്ള ദുരന്തനിവാരണ ദൗത്യങ്ങളെ സഹായിക്കുന്നതിൽ നിർണായകമാകുന്ന വിശകലനങ്ങളും ഉൾക്കാഴ്ചകളും നൽകുന്നതിന് മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം(എം.ബി.ആർ.എസ്.സി) നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. വിവിധ രാജ്യങ്ങളിൽ ഇതിനകം തന്നെ നിരവധി ദുരന്ത മുഖങ്ങളിൽ ബഹിരാകാശ കേന്ദ്രം വിക്ഷേപിച്ച ഉപഗ്രഹങ്ങൾ ഉപകാരപ്പെട്ടിട്ടുണ്ട്. ഭൂമിക്കു മുകളിൽ നിന്ന് പകർത്തുന്ന ഹൈ റെസല്യൂഷൻ ചിത്രങ്ങളാണ് ദൗത്യത്തിൽ ഉപയോഗപ്പെടുത്തുന്നത്.
ഫിലിപ്പീൻസിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെത്തുടർന്ന് നടന്ന ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും, കടുത്ത വെള്ളപ്പൊക്കം ബാധിച്ച ഇന്തോനേഷ്യ, ലിബിയ എന്നിവിടങ്ങളിലും ഉപയോഗിച്ചിട്ടുണ്ട്. ദുബൈ ആസ്ഥാനമായ എം.ബി.ആർ.എസ്.സിക്ക് ലോകമെമ്പാടുമുള്ള വിവിധ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപഗ്രഹങ്ങൾ ഉപയോഗിക്കുന്നതിനായി ആഴ്ചയിൽ ശരാശരി എട്ട് അഭ്യർഥനകൾ ലഭിക്കുന്നുണ്ടെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ‘ദ നാഷണൽ’ റിപ്പോർട്ട് ചെയ്തു. ദുരന്തനിവാരണ കൂട്ടായ്മകളിൽ കേന്ദ്രം വളരെ സജീവമാണെന്ന് എം.ബി.ആർ.എസ്.സിയിലെ റിമോട്ട് സെൻസിങ് വകുപ്പ് ഡയറക്ടർ സഈദ് അൽ മൻസൂരി പറഞ്ഞു. ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ പോലുള്ള പ്രതിസന്ധികൾക്ക് അനുഭവിക്കുന്ന പ്രദേശങ്ങൾക്കായി ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങളും ഭൂപടങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 മുതൽ എം.ബി.ആർ.എസ്.സി അന്താരാഷ്ട്രതലത്തിൽ ഏകദേശം 40 ദുരന്ത പ്രതികരണ ദൗത്യങ്ങളെ പിന്തുണച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്തുന്നതിനും സർക്കാരുകൾക്കും സഹായ ഏജൻസികൾക്കും വേഗത്തിൽ പ്രവർത്തിക്കാൻ ആവശ്യമായ വിവരങ്ങൾ നൽകുന്നതിനുമാണ് വിവരങ്ങൾ ഉപയോഗിക്കുന്നത്. തത്സമയ ഡാറ്റക്കുള്ള ആവശ്യം വർധിക്കുന്ന സാഹചര്യത്തിലാണ് നിർമ്മിത ബുദ്ധി സാങ്കേതികവിദ്യ കൂടി ഉപയോഗപ്പെടുത്തുന്നത്. ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ചരിത്രം കുറിച്ച് യു.എ.ഇയുടെ പുതിയ കൃത്രിമ ഉപഗ്രഹം ഇത്തിഹാദ് സാറ്റ് കഴിഞ്ഞ മാസം വിജയകരമായി വിക്ഷേപിച്ചിരുന്നു. യു.എ.ഇയുടെ നിലവിലുള്ള ഭൗമനിരീക്ഷണ ഉപഗ്രഹ ശൃംഖലക്ക് കരുത്ത് പകരുന്നതാണ് ഇത്തിഹാദ് സാറ്റ്. 220കി.ഗ്രാം തൂക്കമുള്ള സിന്തറ്റിക് അപേർച്ചർ റഡാർ അഥവാ എസ്.എ.ആർ വിഭാഗത്തിൽ ഉൾപ്പെടുന്ന സാറ്റലൈറ്റാണ് ഈ കൃത്രിമോപഗ്രഹം.
എല്ലാ കാലാവസ്ഥയിലും രാത്രിയും പകലും ഉയർന്ന കൃത്യതയോടെ ഭൂമിയുടെ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ളതാണ് പുതിയ ഉപഗ്രഹം. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റ്ററും ദക്ഷിണകൊറിയയുടെ സാറ്റ്റെകും സംയുക്തമായാണ് പുതിയ ഉപഗ്രഹം വികസിപ്പിച്ചത്. ഇന്ധന ചോർച്ച കണ്ടെത്തൽ, പ്രകൃതിദുരന്തങ്ങൾ കൈകാര്യം ചെയ്യൽ, സമുദ്ര ഗതാഗതം മെച്ചപ്പെടുത്തൽ, സ്മാർട്ട് കൃഷിക്ക് സഹായം, പരിസ്ഥിതി നിരീക്ഷണം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്ക് ഇത്തിഹാദ് സാറ്റ് ഉപകാരപ്പെടുന്നുണ്ട്. ഇതിനൊപ്പം ഇത്തിഹാദ് സാറ്റ് നൽകുന്ന ഡാറ്റ നിർമ്മിതബുദ്ധി സാങ്കേതികവിദ്യകൾ ഉപയോഗിച്ച് വിലയിരുത്തുകയും ചെയ്യും.