ഭൂമിയിലേക്ക് പതിക്കുമോ ഹബിൾ ?
text_fieldsമൂന്നര പതിറ്റാണ്ടിലേറെയായി പ്രപഞ്ചത്തിന്റെ നിഗൂഢതകൾ തേടുന്ന ഹബിൾ ബഹിരാകാശ ദൂരദർശിനി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പതിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് രക്ഷാപദ്ധതികൾ ആവിഷ്കരിക്കാൻ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഭൂമിയെ ചുറ്റുന്ന ഹബിളിന്റെ ഭ്രമണപഥത്തിലെ ഉയരം ക്രമേണ കുറഞ്ഞുവരുന്നതാണ് ആശങ്കയ്ക്ക് കാരണം. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ 2033-ലോ 2034-ലോ ദൂരദർശിനി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചേക്കാമെന്നാണ് നാസയുടെ വിലയിരുത്തൽഹബിളിനെ കൂടുതൽ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് മാറ്റുക, അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനശേഷി വർധിപ്പിക്കുക, ദൗത്യകാലാവധി അവസാനിച്ചാൽ സുരക്ഷിതമായി പ്രവർത്തനം അവസാനിപ്പിക്കുക തുടങ്ങിയ സാധ്യതകളാണ് നാസ പരിശോധിക്കുന്നത്. ഇതിനായി സ്വകാര്യ ബഹിരാകാശ കമ്പനികളുടെ സാങ്കേതിക സഹായവും തേടിയിട്ടുണ്ട്.
നിലവിൽ ഭൂമിയിൽനിന്ന് ഏകദേശം 540 കിലോമീറ്റർ ഉയരത്തിലാണ് ഹബിൾ സഞ്ചരിക്കുന്നത്. ഈ ഉയരത്തിൽ അന്തരീക്ഷത്തിന്റെ സാന്ദ്രത വളരെ കുറവാണെങ്കിലും വാതകകണങ്ങളുടെ സാന്നിധ്യം പൂർണമായും ഇല്ലാതാകുന്നില്ല. ഇവ സൃഷ്ടിക്കുന്ന നേരിയ വായുപ്രതിരോധം ദൂരദർശിനിയുടെ സഞ്ചാരവേഗത്തെ ബാധിക്കുകയും ക്രമേണ ഭ്രമണപഥത്തിന്റെ ഉയരം കുറയാൻ കാരണമാകുകയും ചെയ്യുന്നു. ഭ്രമണപഥം നിലനിർത്താൻ ആവശ്യമായ രീതിയിൽ സ്വയം ഉയരം വർധിപ്പിക്കുന്ന പ്രൊപ്പൽഷൻ സംവിധാനവും ഹബിളിനില്ല.
ഹബിളിനെ കൂടുതൽ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് മാറ്റുന്നതിനുള്ള ദൗത്യം 2032നകം നടപ്പാക്കേണ്ടിവരുമെന്നാണ് നാസയുടെ കണക്കുകൂട്ടൽ. അതിനാൽ രക്ഷാദൗത്യത്തിന്റെ സാധ്യതകൾ പരിശോധിച്ച് പദ്ധതി രൂപവത്കരിക്കാനും നടപ്പാക്കാനും പരിമിതമായ സമയമാണ് അവശേഷിക്കുന്നത്.
പ്രത്യേക ബഹിരാകാശ പേടകം അയച്ച് ഹബിളിന്റെ ഭ്രമണപഥം ഉയർത്തുന്നതാണ് പ്രധാനമായും പരിഗണിക്കുന്ന മാർഗം. ഇത് വിജയിച്ചാൽ ദൂരദർശിനിയുടെ പ്രവർത്തനകാലം ഏതാനും വർഷങ്ങൾകൂടി നീട്ടാൻ കഴിയും. സ്വകാര്യ കമ്പനികളുടെ സഹായത്തോടെ ദൂരദർശിനിയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും സാങ്കേതിക സംവിധാനങ്ങൾ നവീകരിക്കുന്നതിനുമുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്.
നാസയുടെ നീൽ ഗെഹ്‌റെൽസ് സ്വിഫ്റ്റ് ബഹിരാകാശ നിരീക്ഷണകേന്ദ്രം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തിയ പശ്ചാത്തലത്തിലാണ് ഹബിളിന്റെ ഭാവി സംബന്ധിച്ച ചർച്ചകൾ സജീവമായത്. ഏകദേശം 22 വർഷത്തോളം പ്രപഞ്ചത്തിലെ അതിശക്തമായ സ്ഫോടനങ്ങൾ ഉൾപ്പെടെയുള്ള പ്രതിഭാസങ്ങൾ നിരീക്ഷിച്ച സ്വിഫ്റ്റിന്റെ ഭ്രമണപഥം ഉയർത്താനുള്ള ശ്രമം വിജയിച്ചിരുന്നില്ല. എന്നാൽ ഹബിളിന് ഇനിയും വർഷങ്ങളോളം ശാസ്ത്രീയ നിരീക്ഷണങ്ങൾ തുടരാൻ കഴിയുമെന്നതാണ് നാസയുടെ പ്രതീക്ഷ.



