നാസ വിളിക്കുന്നു; ചാന്ദ്ര യാത്രയിൽ നിങ്ങൾക്കും ഭാഗമാകാം
text_fieldsബഹിരാകാശ പേടകത്തിൽ ഒന്ന് ചന്ദ്രനെ ചുറ്റി വന്നാലോ, താൽപര്യമുണ്ടെങ്കിൽ അതിനുള്ള അവസരം ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ഒരുക്കുകയാണ് നാസ. പക്ഷേ, നമുക്ക് നേരിട്ട് പോയി കാണാനൊന്നുമാവില്ല. പകരം നമ്മുടെ സ്വന്തം പേര് യാത്രയുടെ ഭാഗമാകും. 2026ൽ ആരംഭിക്കുന്ന ആർട്ടെമിസ് II ദൗത്യത്തിന്റെ ഭാഗമായി ഓറിയോൺ ബഹിരാകാശ പേടകത്തിൽ ചന്ദ്രനെ ചുറ്റാൻ സാധാരണക്കാർക്ക് പ്രതീകാത്മകമായി അവസരം ഒരുക്കുകയാണ് നാസ.
നിങ്ങളുടെ പേരുകൾ ദൗത്യത്തിനിടെ ഓറിയോണിനുള്ളിൽ സൂക്ഷിക്കുന്ന ഒരു ഡിജിറ്റൽ മെമ്മറി കാർഡിൽ സംരക്ഷിക്കപ്പെടും. നമ്മുടെ പേരുകൾ ഓറിയോണിൽ സഞ്ചരിക്കുന്നതോടെ നമ്മളും ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ ഈ അധ്യായത്തിന്റെ ഭാഗമാകുന്നു. നാസയുടെ നാഴികക്കല്ലായ ദൗത്യങ്ങളിൽ പൊതുജനങ്ങളെയും ഉൾപ്പെടുത്തുന്ന ഇത്തരത്തിലുള്ള സംരംഭങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്.
നാസയുടെ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് കനേഡിയൻ ബഹിരാകാശ ഏജൻസിയിലെ ജെറമി ഹാൻസെൻ എന്നീ നാല് ബഹിരാകാശ യാത്രികരായിരിക്കും പേടകത്തിലുണ്ടാവുക. ഇവർ ചന്ദ്രനെ വലംവെച്ച് ഓറിയോൺ പേടകത്തിന്റെ പ്രകടനങ്ങൾ നിരീക്ഷിച്ച് ഭാവി ദൗത്യങ്ങൾക്ക് വഴിയൊരുക്കുന്നു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മനുഷ്യരെ ഇറക്കാൻ പദ്ധതിയുള്ള ആർട്ടെമിസ് III ദൗത്യത്തിന്റെ മുന്നോടിയാണിത്. ഇതിലേക്ക് നിങ്ങളുടെ പേര് സമർപ്പിക്കുന്നതിലൂടെ ഈ ചരിത്ര യാത്രയിൽ നിങ്ങൾക്ക് പങ്കാളിയാകാം. ബഹിരാകാശം എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും നാസ പറയുന്നു. പേരുകൾ നൽകാൻ https://www3.nasa.gov/send-your-name-with-artemis/ സന്ദർശിക്കുക.