ഇന്ന് രാത്രി ആകാശത്ത് നോക്കൂ, വിസ്മയം കാണാം; വസന്തത്തിലെ ആദ്യ പൂർണചന്ദ്രൻ വരവായി
text_fieldsഇന്ന് രാത്രി ആകാശത്ത് നോക്കുന്നവർക്ക് ഒരു വിസ്മയം കാണാം. 'പിങ്ക് മൂൺ' എന്നറിയപ്പെടുന്ന ഏറെ പ്രത്യേകതയുള്ള പൂർണ്ണചന്ദ്രനെയാണ് ഇന്ന് കാണാനാവുക. വസന്തത്തിലെ ആദ്യ പൂർണചന്ദ്രനാണിത്. ദൂരദർശിനിയോ പ്രത്യേക ഉപകരണങ്ങളോ ഇല്ലാതെ തന്നെ വെറും കണ്ണുകൾ കൊണ്ട് ഇന്ത്യയിലുടനീളമുള്ള ആളുകൾക്ക് കാണാൻ സാധിക്കും.
ഈ വർഷം കാണപ്പെടുന്ന പിങ്ക് മൂൺ ഒരു ‘മൈക്രോ മൂൺ’ ആയതിനാൽ, പതിവിലേക്കാൾ ചെറുതും തിളക്കം കുറഞ്ഞുമായിരിക്കും ദൃശ്യമാകുക. ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏറ്റവും അകലെ ആയിരിക്കുമ്പോഴാണ് മൈക്രോമൂൺ പ്രതിഭാസം സംഭവിക്കുന്നത്. ഇന്ത്യൻ സമയം പുലർച്ചെ അഞ്ചിനാണ് പിങ്ക് മൂൺ ഇന്ത്യയിൽ കാണാൻ കഴിയുക.
പേരിൽ പിങ്ക് ഉണ്ടെങ്കിലും ഇന്നത്തെ ചന്ദ്രന് പിങ്ക് നിറം ഉണ്ടാകില്ല. കിഴക്കൻ വടക്കേ അമേരിക്കയിൽ വസന്തത്തിൽ പൂക്കുന്ന പിങ്ക് പൂവായ ക്രീപ്പിംഗ് ഫ്ലോക്‌സിന്റെ പേരിലാണ് ഏപ്രിലിലെ പൂർണ്ണ ചന്ദ്രന് ഈ പേര് ലഭിച്ചത്. പിങ്ക് മൂണിന് സമീപം കന്നി രാശിയിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമായ സ്പിക്കയെയും കാണാം. ഈ പൂർണ്ണ ചന്ദ്രനെ ബ്രേക്കിംഗ് ഐസ് മൂൺ, മൂൺ വെൻ ദ ഗീസ് ലേ എഗ്‍സ്, മൂൺ വെൻ ദ ഡക്ക്സ് കം ബാക്ക്, ഫ്രോഗ് മൂൺ തുടങ്ങിയ പേരുകൾ കൂടിയുണ്ട്.
സൂര്യാസ്തമയത്തിനു ശേഷമോ അല്ലെങ്കിൽ സൂര്യോദയത്തിന് മുമ്പോ ആയിരിക്കും പിങ്ക് മൂൺ പൂർണമായി കാണാൻ സാധിക്കുക. ഇന്ത്യയിൽ ഇത് പൂർണമായും ദൃശ്യമാകുക പുലർച്ചെയാകും.