Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightTECHchevron_rightSciencechevron_right‘പ്ലൂട്ടോയെ വീണ്ടും...

‘പ്ലൂട്ടോയെ വീണ്ടും ഗ്രഹമായി പ്രഖ്യാപിക്കണം’; ശാസ്ത്രലോകത്ത് ചർച്ചകൾക്ക് തിരികൊളുത്തി നാസ മേധാവി

text_fields
bookmark_border
‘പ്ലൂട്ടോയെ വീണ്ടും ഗ്രഹമായി പ്രഖ്യാപിക്കണം’; ശാസ്ത്രലോകത്ത് ചർച്ചകൾക്ക് തിരികൊളുത്തി നാസ മേധാവി
cancel
camera_alt

ജാരെഡ് ഐസക്മാൻ 

വാഷിങ്ടൺ: സൗരയൂഥത്തിലെ ഒമ്പതാമത്തെ ഗ്രഹമെന്ന പദവിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്ലൂട്ടോയെ വീണ്ടും ഗ്രഹമായി അംഗീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാസ മേധാവി ജാരെഡ് ഐസക്മാൻ പ്ലൂട്ടോക്ക് ഗ്രഹപദവി തിരികെ നൽകുന്നതിനെ പരസ്യമായി പിന്തുണച്ചതോടെയാണ് ശാസ്ത്രലോകത്ത് ഈ ചർച്ചകൾക്ക് പുതിയ ജീവൻ ലഭിച്ചത്.

2006ലാണ് ഇന്റർനാഷണൽ അസ്‌ട്രോണമിക്കൽ യൂണിയൻ (IAU) പ്ലൂട്ടോയെ 'വാമന ഗ്രഹം' (Dwarf Planet) ആയി മാറ്റിയത്. ഒരു ആകാശഗോളത്തെ ഗ്രഹമായി അംഗീകരിക്കാൻ മൂന്ന് നിബന്ധനകളാണ് IAU മുന്നോട്ടുവെച്ചത്. സൂര്യനെ ഭ്രമണം ചെയ്യണം. ഗോളാകൃതി കൈവരിക്കാൻ ആവശ്യമായ പിണ്ഡം ഉണ്ടായിരിക്കണം. സ്വന്തം ഭ്രമണപഥത്തിലെ മറ്റ് വസ്തുക്കളെ നീക്കം ചെയ്തിരിക്കണം. പ്ലൂട്ടോ ആദ്യത്തെ രണ്ട് നിബന്ധനകളും പാലിക്കുന്നുണ്ടെങ്കിലും, അതിന്റെ ഭ്രമണപഥം കൈപ്പർ ബെൽറ്റിലെ മറ്റ് ഹിമവസ്തുക്കളുമായി പങ്കിടുന്നതിനാൽ മൂന്നാമത്തെ നിബന്ധനയിൽ പരാജയപ്പെട്ടു. ഇതാണ് പ്ലൂട്ടോയുടെ ഗ്രഹപ്പട്ടം നഷ്ടമാക്കിയത്.

പ്ലൂട്ടോയെ പുറത്താക്കിയ തീരുമാനം ഏകപക്ഷീയമാണെന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞർ പണ്ടേ വാദിക്കുന്നുണ്ട്. ഭൂമിയും വ്യാഴവും പോലും തങ്ങളുടെ ഭ്രമണപഥത്തിൽ ഛിന്നഗ്രഹങ്ങളെ വഹിക്കുന്നുണ്ടെന്നും പ്ലൂട്ടോയെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ലെന്നുമാണ് ഇവരുടെ വാദം.

2015ൽ നാസയുടെ 'ന്യൂ ഹൊറൈസൺസ്' പേടകം പ്ലൂട്ടോക്ക് അരികിലെത്തിയപ്പോൾ ലഭിച്ച വിവരങ്ങൾ ഈ വാദങ്ങൾക്ക് കൂടുതൽ കരുത്തേകി. പ്ലൂട്ടോ വെറുമൊരു മഞ്ഞുകട്ടയല്ലെന്നും അവിടെ കൂറ്റൻ മഞ്ഞുപർവ്വതങ്ങളും ഹിമാനികളും സജീവമായ ഭൂപ്രകൃതിയും ഉണ്ടെന്നും ഈ ദൗത്യം കണ്ടെത്തി. ഇത്രയും സങ്കീർണ്ണമായ ഒരു ലോകത്തെ ഗ്രഹമായി തന്നെ കാണണമെന്നാണ് നാസ മേധാവി ഇപ്പോൾ വ്യക്തമാക്കുന്നത്.

നാസ മേധാവി പിന്തുണച്ചാലും പ്ലൂട്ടോക്ക് ഔദ്യോഗികമായി ഗ്രഹപ്പട്ടം നൽകാൻ ഇന്റർനാഷണൽ അസ്‌ട്രോണമിക്കൽ യൂണിയന് (IAU) മാത്രമേ സാധിക്കൂ. അമേരിക്കക്കാരനായ ക്ലൈഡ് ടോംബോഗ് 1930ൽ കണ്ടെത്തിയതാണ് പ്ലൂട്ടോ. ശാസ്ത്രീയമായ പുതിയ കണ്ടെത്തലുകളും നാസ മേധാവിയുടെ ഇടപെടലും പ്ലൂട്ടോയുടെ കാര്യത്തിൽ ഉടൻ തന്നെ ഒരു പുനർചിന്തക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

Show Full Article
TAGS:solar system pluto nasa Jared Isaacman planetary science 
News Summary - Pluto should be declared a planet again'; NASA chief sparks debate
Next Story