കരുത്ത് കൂട്ടി ഇന്ത്യ; പൃഥ്വി-2, അഗ്നി-ഒന്ന് മിസൈൽ പരീക്ഷണം വിജയം
text_fieldsബാലസോർ (ഒഡിഷ): ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളായ പൃഥ്വി-2, അഗ്നി-1 മിസൈലുകളുടെ പരീക്ഷണങ്ങൾ വിജയകരം. ഒഡിഷ തീരത്തെ വിക്ഷേപണത്തറയിൽ നിന്നാണ് മിസൈലുകൾ വിജയകരമായി പരീക്ഷിച്ചത്.
അഗ്നി-1 അബ്ദുൽ കലാം ദ്വീപിൽ നിന്നും പൃഥ്വി-2 ചാന്ദിപൂരിൽ നിന്നുമാണ് തൊടുത്തത്. എല്ലാ സാങ്കേതിക പ്രവർത്തന മാനദണ്ഡങ്ങളും വിജയകരമായി പൂർത്തിയാക്കിയതായി ഡി.ആർ.ഡി.ഒ അധികൃതർ അറിയിച്ചു.
500 കിലോഗ്രാം പോർമുഖ വഹിച്ച് 350 കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനം തകർക്കാൻ ശേഷിയുള്ളതാണ് പൃഥ്വി-2 മിസൈൽ. ആണവപോർമുനയും വഹിക്കാൻ മിസൈലിന് സാധിക്കും. 1,000 കിലോഗ്രാം പോർമുഖ വഹിച്ച് 700 കിലോമീറ്റർ മുതൽ 900 കിലോമീറ്റർ വരെയുള്ള ലക്ഷ്യസ്ഥാനത്തെത്താൻ ശേഷിയുള്ളതാണ് അഗ്നി-1 മിസൈൽ.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ലഡാക്കിൽ നടത്തിയ ആകാശ് പ്രൈം മിസൈൽ സംവിധാനത്തിന്‍റെ പരീക്ഷണം വിജയകരമായിരുന്നു. 15,000 അടി ഉയരത്തിലാണ് വ്യോമസേന പരീക്ഷണം നടത്തിയത്. വേഗത്തിൽ ചലിക്കുന്ന ലക്ഷ്യങ്ങളിലേക്ക് മിസൈൽ കൃത്യമായി പതിച്ചെന്ന് ഡി.ആർ.ഡി.ഒ അറിയിച്ചു. ആകാശ് മിസൈൽ സംവിധാനത്തിന്‍റെ പരിഷ്കരിച്ച പതിപ്പാണ് ആകാശ് പ്രൈം.
പവൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്ക് ഇന്ത്യ തകർത്തിരുന്നു. ഇതിന് പിന്നാലെ മേയ് ഏഴ് മുതൽ 10 വരെ നടന്ന ഏറ്റുമുട്ടലിന് ശേഷമാണ് ഇന്ത്യ ലഡാക്കിൽ നിന്ന് മിസൈൽ പരീക്ഷണം നടത്തിയത്.