
അണ്ടർവാട്ടർ റോബോട്ട് കണ്ടെത്തിയ ‘ഗ്ലാസ് നീരാളി’ വൈറൽ
text_fieldsഒരു നീരാളി ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ താരമാണ്. ശരീരം കണ്ണാടിപോലെയായതുകൊണ്ട് ‘ഗ്ലാസ് നീരാളി’ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ആഴക്കടലിൽ നിന്നുള്ള ഈ നീരാളിയുടെ വിഡിയോ ഇന്ന് വൈറലാണ്.
വിട്രെലി ഡോണെല്ല റിച്ചാർഡി ആണ് ശാസ്ത്രീയ നാമം. മുമ്പ് സ്രാവുകളുടെയും തിമിംഗലങ്ങളുടെയും വയറ്റിൽനിന്ന് ഇവയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. സമുദ്രനിരപ്പിൽനിന്ന് 3280 മുതൽ 9800 അടി വരെ താഴെയായിട്ടാണ് ഇവ അധിവസിക്കുന്നത്. അരമീറ്റർ വരെ നീളം വരാം. കൊഞ്ചുകളും കക്കകളുമൊക്കെയാണ് ആഹാരം. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്നവയാണ് ഈ നീരാളികളെന്നാണ് ഗവേഷകർ പറയുന്നത്.
സുതാര്യ ശരീരമുള്ള ഗ്ലാസ് നീരാളികളെപ്പറ്റി പണ്ടുമുതൽതന്നെ പഠനങ്ങൾ നടന്നുവന്നിരുന്നു. ഷ്മിറ്റ് ഓഷ്യൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ മുൻപ് പസിഫിക് സമുദ്രത്തിൽ ഗ്ലാസ് നീരാളിയെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
പസിഫിക് മഹാസമുദ്രത്തിൽ കിരിബാറ്റിക്കു കിഴക്കായുള്ള ജനവാസമില്ലാത്ത ഫീനിക്‌സ് ദ്വീപിനടുത്ത് സുബാസ്റ്റ്യൻ എന്ന റോബോട്ടിക് കാമറ ഇറക്കിയാണ് ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണം നടത്തിയത്. റോബോട്ട് പകർത്തിയ ഫൂട്ടേജ് പരിശോധിച്ച ശാസ്ത്രജ്ഞർ അമ്പരന്നുപോയി. അതിലുണ്ടായിരുന്നത് ഗ്ലാസ് നീരാളിയായിരുന്നു. അത്യപൂർവ്വ കടൽ ജീവി നീന്തുന്നതായിരുന്നു വിഡിയോയിലുണ്ടായിരുന്നത്.