'റാശിദ്' കുതിച്ചു; അറബ് ലോകത്തെ ആദ്യ ചന്ദ്ര ദൗത്യം
text_fieldsദുബൈ: അറബ് ലോകത്തിന്റെ പ്രതീക്ഷകളും പേറി യു.എ.ഇയുടെ ചന്ദ്രദൗത്യം 'റാശിദ്' റോവർ കുതിപ്പ് തുടങ്ങി. അറബ് ലോകത്തെ ആദ്യ ചന്ദ്രദൗത്യമായ 'റാശിദ്' ഞായറാഴ്ച രാവിലെ 11.38ന് യു.എസിലെ േഫ്ലാറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് വിക്ഷേപിച്ചത്. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററിലെ എൻജിനീയർമാർ നിർമിച്ച പേടകം 2023 ഏപ്രിലോടെ വിജയകരമായി ചന്ദ്രനിൽ എത്തുമെന്നാണ് പ്രതീക്ഷ.
ചൊവ്വ ദൗത്യം വിജയകരമായി നടപ്പാക്കിയതിനു പിന്നാലെയാണ് ചരിത്രമെഴുതി റാശിദിന്റെ കുതിപ്പ്. വിക്ഷേപണത്തിന്റെ തത്സമയ വിവരങ്ങൾ അറിയാൻ യു.എ.ഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ദുബൈ ഉപഭരണാധികാരിയും യു.എ.ഇ ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവർ ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെൻററിൽ എത്തിയിരുന്നു.
കഴിഞ്ഞ മാസം വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കാലാവസ്ഥ പ്രശ്നം മൂലം പലതവണ മാറ്റിവെച്ചിരുന്നു. ഐ സ്പേസ് നിർമിച്ച 'ഹകുട്ടോ-ആർ മിഷൻ-1' എന്ന ജാപ്പനീസ് ലാൻഡറിലാണ് 'റാശിദി'ന്റെ കുതിപ്പ്. സ്പേസ് എക്സ് ഫാൽക്കൺ -9 റോക്കറ്റാണ് 'റാശിദി'നെ വഹിക്കുന്നത്. കുതിപ്പ് തുടങ്ങി എട്ടു മിനിറ്റിനകം ലാൻഡറുമായി വേർപെട്ട ഫാൽക്കൺ -9 ബൂസ്റ്റർ സുരക്ഷിതമായി തിരിച്ചെത്തി. ഇതു വീണ്ടും ഉപയോഗിക്കാവുന്നതാണ്. അഞ്ചു മാസംകൊണ്ട് 3,85,000 കിലോമീറ്ററാണ് റാശിദ് സഞ്ചരിക്കേണ്ടത്. ചന്ദ്രന്റെ വടക്കുകിഴക്കൻ ഭാഗം പര്യവേക്ഷണം നടത്താനാണ് റോവർ ലക്ഷ്യമിടുന്നത്. ചന്ദ്രന്റെ മണ്ണ്, ഭൂമിശാസ്ത്രം, പൊടിപടലം, ഫോട്ടോ ഇലക്ട്രോൺ കവചം, ചന്ദ്രനിലെ ദിവസം എന്നിവ ദൗത്യത്തിലൂടെ പഠന വിധേയമാക്കും. ദുബൈ മുൻ ഭരണാധികാരി ശൈഖ് റാശിദ് ബിൻ സഈദ് ആൽ മക്തൂമിന്റെ പേരാണ് പേടകത്തിനിട്ടിരിക്കുന്നത്.
ദൗത്യം വിജയമായാൽ യു.എസിനും സോവിയറ്റ് യൂനിയനും ചൈനക്കും ശേഷം ചന്ദ്രനിൽ സുരക്ഷിതമായി പേടകം ഇറക്കുകയും ദൗത്യം പൂർത്തിയാക്കുകയും ചെയ്യുന്ന നാലാമത്തെ രാജ്യമെന്ന നേട്ടം യു.എ.ഇക്ക് സ്വന്തമാകും. ഇന്ത്യയുടെ ചാന്ദ്രയാൻ വിക്ഷേപണം വിജയകരമായിരുന്നെങ്കിലും വിക്രം ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറക്കിയതുമൂലം ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ചുള്ള റോവറിന്റെ പര്യവേക്ഷണം സാധ്യമായിരുന്നില്ല.