ശുഭാൻഷു ശുക്ലയുടെ തിരിച്ചുവരവ് വൈകും
text_fieldsഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല ഉൾപ്പെടെയുള്ള ആക്സിയം 4 ദൗത്യസംഘാംഗങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തിരിച്ചുവരുന്നത് വൈകുമെന്ന് റിപ്പോർട്ടുകൾ. ജൂലൈ 14ന് മുമ്പ് ഇവരുടെ തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്സിയം ദൗത്യാംഗമായ പോളണ്ടിൽ നിന്നുള്ള സ്ലാവസ് ഉസ്നാൻസ്കി വിസ്നിയേവിസ്കിയോട് ജൂലൈ 14ന് ശേഷമാണ് തിരിച്ചുവരവ് എന്ന് യൂറോപ്യൻ സ്പേസ് ഏജൻസി അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല. ആക്സിയം 4 ദൗത്യത്തിന്‍റെ ഭാഗമായ പരീക്ഷണങ്ങൾ പൂർത്തിയായിട്ടുണ്ട്.
ജൂൺ 25ന് ആരംഭിച്ച ദൗത്യത്തിലെ അംഗങ്ങൾ 14 ദിവസത്തെ ദൗത്യകാലാവധിക്ക് ശേഷം ജൂലൈ 10നോ അടുത്ത ദിവസങ്ങളിലോ ആയി തിരിച്ചെത്തുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. ഇന്ത്യൻ എയർ ഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാൻഷുവിനെയും പോളണ്ടിൽ നിന്നുള്ള സ്ലാവസ് ഉസ്നാൻസ്കിയെയും കൂടാതെ യു.എസിൽ നിന്നുള്ള പെഗ്ഗി വിറ്റ്സൺ, ഹംഗറിയിൽ നിന്നുള്ള ടിബോർ കപ്പു എന്നിവരാണ് ആക്സിയം ദൗത്യത്തിന്‍റെ ഭാഗമായി ബഹിരാകാശ നിലയത്തിലുള്ളത്.
ബഹിരാകാശ നിലയത്തിൽ നടത്തുന്ന പരീക്ഷണങ്ങളുടെ പുരോഗതി ശുഭാൻഷു ശുക്ല ഐ.എസ്.ആർ.ഒയുമായി പങ്കുവെച്ചിരുന്നു. ഐ.എസ്.ആർ.ഒ ചെയർമാൻ വി. നാരായണനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പരീക്ഷണ വിവരങ്ങളും അനുഭവങ്ങളും പങ്കുവെച്ചത്.
ബഹിരാകാശത്ത് അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയവും ഭൂമിയിൽ തിരിച്ചെത്തുമ്പോൾ അവ എങ്ങനെ വീണ്ടെടുക്കാമെന്നതിലുമാണ് ശുഭാൻഷു ശുക്ല പരീക്ഷണം നടത്തുന്നത്. ബഹിരാകാശത്ത് ആൽഗെകളുടെ വളർച്ച, സൂക്ഷ്മജലജീവികളായ ടാർഡിഗ്രാഡുകളുടെ അതിജീവനവും പ്രത്യുൽപാദനവും തുടങ്ങിയ കാര്യങ്ങളും പഠിക്കുന്നുണ്ട്.
രാകേഷ് ശർമക്കുശേഷം 41 വർഷങ്ങൾക്ക് ശേഷം ബഹിരാകാശത്ത് എത്തിയ ഇന്ത്യക്കാരനാണ് ശുഭാൻഷു ശുക്ല. നാസ, ഐ.എസ്.ആർ.ഒ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്ന ദൗത്യമായ ആക്സിയം 4ന്‍റെ ഭാഗമായി ജൂൺ 25നാണ് സ്പേസ് എക്സിന്റെ ഫാൽക്കൺ നയൻ റോക്കറ്റിൽ ഇവരുടെ ഡ്രാഗൺ ക്രൂ മൊഡ്യൂൾ വിക്ഷേപിച്ചത്. ജൂൺ 26ന് പേടകം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ഡോക്ക് ചെയ്തിരുന്നു.