സൗദിയുടെ ആകാശം ഇന്ന് പൂർണചന്ദ്രഗ്രഹണത്തിന് സാക്ഷ്യംവഹിക്കും
text_fieldsജിദ്ദ: സൗദിയുടെ ആകാശത്ത് ഇന്ന് (ഞായറാഴ്ച) പൂർണചന്ദ്രഗ്രഹണം ദൃശ്യമാകും. സൗദി അറേബ്യ, അറബ് രാജ്യങ്ങൾ, ഏഷ്യയുടെ ഭൂരിഭാഗവും, ആസ്ട്രേലിയ, യൂറോപ്പിന്റെയും ആഫ്രിക്കയുടെയും മധ്യ, കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ നഗ്നനേത്രങ്ങൾക്ക് ചന്ദ്രഗ്രഹണം ദൃശ്യമാകും.
ഇത് ഏകദേശം 83 മിനിറ്റ് നീണ്ടുനിൽക്കും. സമീപ വർഷങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണചന്ദ്രഗ്രഹണങ്ങളിൽ ഒന്നായിരിക്കും ഇത്. സൗദി സമയം വൈകീട്ട് 6:27 മുതൽ സൗദിയിലുള്ളവർക്ക് ഗ്രഹണം കണ്ടുതുടങ്ങും. ഭാഗിക ഗ്രഹണം വൈകീട്ട് 7:27 ന് ആരംഭിക്കും. പൂർണഗ്രഹണം രാത്രി 8:30 ന് ആരംഭിച്ച് രാത്രി 9:53 ന് അവസാനിക്കും. രാത്രി 11:57 ന് ഗ്രഹണം പൂർണമായും അവസാനിക്കും.
ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ വരുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നതെന്നും ചന്ദ്രൻ ഭൂമിയുടെ നിഴലിലേക്ക് നീങ്ങുന്നതിനാൽ ചന്ദ്രൻ ഇരുണ്ടുപോകുന്നുവെന്നും കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി സ്പേസ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഡോ. സക്കി അൽമുസ്തഫ പറഞ്ഞു. ചന്ദ്രന്റെ അടുത്തുള്ള വശം ഭൂമിയുടെ നിഴലിലൂടെ പൂർണമായും കടന്നുപോകുമ്പോഴാണ് പൂർണചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഗ്രഹണം ഏകദേശം രണ്ടു മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്ന് ഡോ. സക്കി അൽമുസ്തഫ പറഞ്ഞു.
ഓരോ ഗ്രഹണത്തിനും ശേഷം മറ്റൊന്ന് സാധാരണയായി സംഭവിക്കാറുണ്ട്. അവ തുടർച്ചയായി സംഭവിക്കുന്നത് അപൂർവമാണ്. 2025 സെപ്റ്റംബർ 21ന് ഒരു ഭാഗിക സൂര്യഗ്രഹണം പ്രതീക്ഷിക്കുന്നു. പക്ഷേ അത് സൗദിയിൽ ദൃശ്യമാകില്ലെന്നും ഡോ. സക്കി കൂട്ടിച്ചേർത്തു.