ശുഭാൻഷുവിന്റെ ബഹിരാകാശ സ്ക്രീൻ ടൈം പരീക്ഷണങ്ങൾ
text_fieldsശുഭാൻഷുവിന്റെ ബഹിരാകാശ ജീവിതം എ.ഐ ഭാവനയിൽ
ശുഭാൻഷു ശുക്ലയെ അറിയാത്തവരുണ്ടാകില്ല. രാകേഷ് ശർമക്കു ശേഷം, ആദ്യമായി ബഹിരാകാശ യാത്ര നടത്താനിരിക്കുന്ന ഇന്ത്യക്കാരൻ. ഗഗൻ യാൻ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട ശുഭാൻഷു ഇപ്പോൾ നാസക്കു കീഴിൽ പരിശീലനത്തിലാണ്. അടുത്ത മാസം സ്പേസ് എക്സിന്റെ സഹായത്തോടെയുള്ള ആക്സിയം-4 ദൗത്യത്തിൽ അദ്ദേഹവും പങ്കാളിയാവും.
മറ്റു മൂന്ന് യാത്രികർക്കൊപ്പം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കുതിക്കുന്ന ശുഭാൻഷു അവിടെ 16 ദിവസം ചെലവഴിക്കും. ആ ദിവസങ്ങളിൽ അദ്ദേഹം പല പരീക്ഷണങ്ങളും അവിടെ നടത്തും. അതിലൊന്നിന്റെ വിശദാംശങ്ങൾ ഇപ്പോൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടിരിക്കുന്നു.
അതിനിർണായകമായൊരു സ്ക്രീൻ ടൈം പരീക്ഷണമാണത്രെ ശുഭാൻഷുവിന്റെ ഫസ്റ്റ് അസൈൻമെന്റ്. ഉറക്കമിളച്ച് കൂടുതൽ നേരം മൊബൈൽ സ്ക്രീനിലും മറ്റും നോക്കിനിൽക്കുന്നതുമൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഇന്ന് ശാസ്ത്രലോകത്തിന് ധാരണയുണ്ട്.
ഇതേകാര്യം, മൈക്രോ ഗ്രാവിറ്റിയിൽ എങ്ങനെയായിരിക്കുമെന്ന ചോദ്യം പ്രസക്തമാണ്. ഗുരുത്വരഹിത മേഖലയിൽ കണ്ണുകളുടെയും മറ്റും ദ്രുതഗതിയിലുള്ള ചലനവും മറ്റും ഏതെല്ലാം തരത്തിലാണ് ശരീരത്തെ ബാധിക്കുക എന്നും അതിനെ എങ്ങനെയെല്ലാം അതിജീവിക്കാമെന്നുമൊക്കെയാകും ഈ പരീക്ഷണത്തിലൂടെ മനസ്സിലാക്കാൻ കഴിയുക.