ഇന്ത്യ അഭിലാഷങ്ങളുടെ നാട്- ശുഭാൻഷു
text_fieldsന്യൂഡൽഹി: ഇന്ത്യ അഭിലാഷങ്ങളുടെയും നിർഭയത്വത്തിന്റെ നാടാണെന്ന് തോന്നുന്നതായി ബഹിരാകാശത്തുനിന്ന് ശുഭാൻഷു ശുക്ലയുടെ പ്രതികരണം. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽനിന്ന് തിങ്കളാഴ്ച ഭൂമിയിലേക്ക് തിരിക്കുന്നതിന് മുന്നോടിയായി സംഘടിപ്പിച്ച യാത്രയയപ്പിലാണ് അദ്ദേഹം സ്വന്തം രാജ്യത്തെ പുകഴ്ത്തിയത്. 1984ൽ ബഹിരാകാശ യാത്ര നടത്തിയ രാകേഷ് ശർമയോട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇന്ത്യ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ അല്ലാമ ഇഖ്ബാലിന്റെ പ്രമുഖ വരി ‘സാരെ ജഹാൻസെ അച്ഛാ’ (ഇന്ത്യ മൊത്തം ലോകത്തേക്കാൾ മികച്ചത്) മറുപടിയായി പറഞ്ഞത് ശുഭാൻഷു ശുക്ല അനുസ്മരിച്ചു.
ഇന്നും അതുതന്നെയാണ് തോന്നുന്നത്. നാസ, ഐ.എസ്.ആർ.ഒ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്ക് എത്തിക്കുന്ന ദൗത്യമായ ആക്സിയം 4ന്റെ ഭാഗമായി ജൂൺ 25നാണ് സ്പേസ് എക്സിന്റെ ഫാൽക്കൺ നയൻ റോക്കറ്റിൽ ഇവരുടെ ഡ്രാഗൺ ക്രൂ മൊഡ്യൂൾ വിക്ഷേപിച്ചത്. ജൂൺ 26ന് പേടകം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ ഡോക്ക് ചെയ്തിരുന്നു. ഇന്ത്യൻ എയർ ഫോഴ്സ് ഗ്രൂപ് ക്യാപ്റ്റനായ ശുഭാൻഷുവിനെയും പോളണ്ടിൽനിന്നുള്ള സ്ലാവസ് ഉസ്നാൻസ്കിയെയും കൂടാതെ യു.എസിൽ നിന്നുള്ള പെഗ്ഗി വിറ്റ്സൺ, ഹംഗറിയിൽനിന്നുള്ള ടിബോർ കപ്പു എന്നിവരാണ് സംഘത്തിലുള്ളത്.
ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായ പരീക്ഷണങ്ങൾ പൂർത്തിയായി. പരീക്ഷണങ്ങളുടെ പുരോഗതി ശുഭാൻഷു ശുക്ല ഐ.എസ്.ആർ.ഒയുമായി പങ്കുവെച്ചിരുന്നു. ബഹിരാകാശത്ത് അസ്ഥികൾക്ക് സംഭവിക്കുന്ന ബലക്ഷയവും ഭൂമിയിൽ തിരിച്ചെത്തുമ്പോൾ അവ എങ്ങനെ വീണ്ടെടുക്കാമെന്നതിലുമാണ് ശുഭാൻഷു ശുക്ല പരീക്ഷണം നടത്തുന്നത്. ബഹിരാകാശത്ത് ആൽഗെകളുടെ വളർച്ച, സൂക്ഷ്മജലജീവികളായ ടാർഡിഗ്രാഡുകളുടെ അതിജീവനവും പ്രത്യുൽപാദനവും തുടങ്ങിയ കാര്യങ്ങളും പഠിക്കുന്നുണ്ട്. പേടകം ചൊവ്വാഴ്ച കാലിഫോർണിയ തീരത്ത് ഇറങ്ങുമെന്നാണ് കരുതുന്നത്.